മലയാള ഗാനശാഖയിൽ മെലഡിയുടെ വസന്തോത്സവം സൃഷ്ടിച്ച പി.ഭാസ്കരൻ മാസ്റ്റർക്ക് കുടുംബാംഗങ്ങൾ പാടിയ അദ്ദേഹത്തിന്റെ പാട്ടുകൾകൊണ്ടൊരു ഗാനാർച്ചന.പ്രശസ്ത അവതാരകയും ഭാസ്കരൻമാസ്റ്ററുടെ മകൻ അജിത് ഭാസ്ക്കരന്റെ ഭാര്യയുമായ രേഖാ മേനോനാണ് സ്വന്തം യൂ.ട്യൂബ് ചാനലിലൂടെ ( FTQ Plus with Rekha Menon ) ഈ ഗൃഹാതുരത്വമുണർത്തുന്ന പ്രണാമം അർപ്പിക്കുന്നത്.വളരെ വ്യത്യസ്ഥവും എന്നാൽ വീണ്ടും വീണ്ടും കാണാനും കേൾക്കാനും പ്രേരിപ്പിക്കുംവിധവുമാണ് രേഖ ഈ പരിപാടി അവതരിപ്പിക്കുന്നത്.
ഭാസ്കരൻ മാസ്റ്ററുടെ തിരുവനന്തപുരത്തെ വസതിയിൽ അദ്ദേഹത്തിന് ലഭിച്ച അനവധി അവാർഡുകൾ സൂക്ഷിച്ചുവച്ചിട്ടുള്ള മുറിയിൽ നിന്നാണ് രേഖ ഈ ട്രിബ്യൂട്ട് പ്രസന്റ് ചെയ്യുന്നത്.ഭാസ്കരൻ മാസ്റ്ററെക്കുറിച്ച് ചെറിയൊരു വിവരണവും നൽകുന്നുണ്ട്.3500 സിനിമ ഗാനങ്ങൾ, 44 ചിത്രങ്ങളുടെ സംവിധായകൻ.ആറ് ഡോക്യുമെന്ററികൾ ചെയ്തു. കവിയെന്ന നിലയിലും സ്വാതന്ത്ര്യസമരസേനാനി എന്ന നിലയിലും ഭാസ്കരൻ മാസ്റ്ററുടെ റോൾ എടുത്തു പറയുന്നു.ദേശീയ അവാർഡുകളും ജെ.സി.ഡാനിയേൽ അവാർഡുമൊക്കെ അവാർഡ് ശേഖരത്തിൽ ഉൾപ്പെടുന്നു.
മാസ്റ്ററുടെ ഭാര്യ ഇന്ദിരാ ഭാസ്കരൻ ' കേശാദിപാദം തൊഴുന്നേൻ " എന്ന പാട്ടിന്റെ രണ്ടുവരി പാടിക്കൊണ്ടാണ് ഗാനാഞ്ജലി തുടങ്ങുന്നത്.പാടുന്നവർ ഭാസ്കരൻ മാസ്റ്ററുടെ മക്കളും അനന്തരവരുമാണ്. എല്ലാവരും ഈ ഹ്രസ്വ ചിത്രത്തിന് അകമ്പടിപോലെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പാട്ടുകളുടെ രണ്ട് വരി വീതം പാടുന്നു.എല്ലാവരും അമ്പത് പിന്നിട്ടവരാണ്.നീ മധുപകരൂ ..എന്ന ഗാനം പി.വിനോദും ഇന്നലെ നീയൊരു സുന്ദര രാഗമായി എന്ന ഗാനം പി.ജി.വൽസകുമാറും ആലപിക്കുമ്പോൾ ഭാസ്കരൻമാസ്റ്റർ പാടുകയാണെന്നേ തോന്നുകയുള്ളു.അത്രയും സാമ്യമുണ്ട് ആ ശബ്ദത്തിന്. കല ശശികുമാർ ( തളിരിട്ട കിനാക്കൾ തൻ ), ജ്യോതി ഉണ്ണിരാമൻ ( പൊന്നണിഞ്ഞിട്ടില്ല ഞാൻ ), പരേതനായ പി.ജി.മുരളിയുടെ മധുരമായ സ്വരത്തിലൂടെ അല്ലിയാമ്പലും കടന്നു വരുന്നു.മകൻ അജിത് ഭാസ്കരൻ വിഖ്യാതമായ 'താമസമെന്തേ വരുവാൻ " എന്ന പാട്ടും മകൾ രാധികാ മേനോൻ 'വെളുക്കുമ്പോൾ കുളിക്കുവാൻ " പോകുന്നവഴിവക്കിൽ എന്ന പാട്ടും പാടിയിരിക്കുന്നു. എങ്ങനെ നീ മറക്കും കുയിലേ എന്ന ഗാനം പി.ജി.സതീഷുമാണ് പാടിയത്.കായലരികത്തു വലയെറിഞ്ഞപ്പോൾ എന്ന പാട്ട് ആദ്യവും അവസാനവും പശ്ചാത്തലസംഗീതമായി വരുന്നത് ആകർഷകമാണ്. പഴയ ചില പാട്ടുകൾക്കു പിന്നിലെ കഥകളെക്കുറിച്ച് സൂചിപ്പിക്കുന്ന രേഖ ആ കുടുംബത്തിൽ പാടാനറിയാത്തവർ താനും മകനും മാത്രമാണെന്നും എന്നാൽ പാട്ടിന്റെ ആസ്വദകരാണെന്നും ജാമ്യമെടുക്കുന്നുണ്ട്.
ശരിക്കും ഒരു നൊസ്റ്റാൾജിക് ടൂർ തന്നെയാണ് പത്തു മിനിറ്റിനുള്ളിൽ അവസാനിക്കുന്ന ഈ ഹ്രസ്വചിത്രം. അവസാനം രേഖ എല്ലാവർക്കും ഒരു സർപ്രൈസും ഒരുക്കിയിട്ടുണ്ട്.അത് കണ്ടറിയുന്നതാകും നല്ലത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |