കൊച്ചി: പുതുവർഷത്തിൽ പുത്തൻ കാർ വാങ്ങാനുള്ള ഒരുക്കത്തിലാണോ നിങ്ങൾ? എന്നാൽ, തയ്യാറെടുപ്പ് നേരത്തേയാക്കിക്കോളൂ... ജനുവരി മുതൽ കാറുകൾക്ക് വില കൂട്ടാൻ കമ്പനികൾ തീരുമാനിച്ചുകഴിഞ്ഞു. വിട്ടൊഴിയാത്ത മൈക്രോചിപ്പ് (സെമി കണ്ടക്ടർ) ക്ഷാമവും അസംസ്കൃതവസ്തുക്കളുടെ വിലക്കയറ്റം മൂലം ഉത്പാദനച്ചെലവ് ഏറിയതുമാണ് കാർവില കൂട്ടാൻ കമ്പനികളെ നിർബന്ധിതരാക്കുന്നത്.
കൊവിഡിൽ ചിപ്പ് ലഭ്യത കുറഞ്ഞതാണ് വാഹന നിർമ്മാണ കമ്പനികളെ ഏറ്റവുമധികം വലച്ചത്. ചിപ്പ് കിട്ടാതായതോടെ വാഹന നിർമ്മാണം മന്ദഗതിയിലായി. മിക്ക കമ്പനികളും ഉത്പാദനം വെട്ടിക്കുറച്ചു. ചില കമ്പനികൾ ദിവസങ്ങളോളം പ്ളാന്റ് പൂട്ടി. വിപണിയിൽ മികച്ച ഡിമാൻഡുള്ളതിനാൽ വാഹനങ്ങൾക്ക് ബുക്കിംഗ് തകൃതിയാണ്. എന്നാൽ, ഇതിനനുസരിച്ച് ഉപഭോക്താക്കൾക്ക് വാഹനങ്ങൾ ഡെലിവറി ചെയ്യാനാകുന്നില്ലെന്ന പ്രതിസന്ധിയാണ് നിലവിലുള്ളത്.
ബുക്ക് ചെയ്ത് മാസങ്ങളോളം കാത്തിരുന്ന ശേഷമാണ് മിക്ക ഉപഭോക്താക്കൾക്കും ഇഷ്ടവാഹനം കൈയിൽ കിട്ടുന്നത്. മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്സ്, ഹ്യുണ്ടായ്, എം.ജി. മോട്ടോർ, മെഴ്സിഡെസ്-ബെൻസ്, ഔഡി എന്നിവയാണ് നിലവിൽ ജുനവരി മുതൽ വില വർദ്ധന പ്രഖ്യാപിച്ചിട്ടുള്ളത്. പുതുവർഷം മുതൽ വില കൂടുമെന്നതിനാൽ, ഈമാസം വാഹനങ്ങൾക്ക് വലിയ വില്പന പ്രതീക്ഷിക്കുന്നുണ്ട്.
ഈക്കോയും എയർബാഗും
മാരുതി സുസുക്കി 2021ൽ തന്നെ മിക്ക മോഡലുകൾക്കും നിരവധിവട്ടം വില ഉയർത്തി. ജനുവരി, ഏപ്രിൽ, സെപ്തംബർ മാസങ്ങളിൽ വിലവർദ്ധനയുണ്ടായി. 2022 ജനുവരിയിലും വില കൂട്ടുമെന്ന് മാരുതി വ്യക്തമാക്കി കഴിഞ്ഞു. എത്രത്തോളമാണ് വർദ്ധനയെന്ന് വെളിപ്പെടുത്തിയിട്ടില്ല.
മാരുതിയുടെ ശ്രദ്ധേയ എം.പി.വിയായ ഈക്കോയ്ക്ക് കഴിഞ്ഞദിവസം 8,000 രൂപവീതം എല്ലാ വേരിയന്റുകൾക്കും വില കൂട്ടിയിരുന്നു. ഇതുപക്ഷേ, ഡ്യുവൽ എയർബാഗുകൾ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയതിന്റെ പേരിലാണിത്. ഇതോടെ, മാരുതിയുടെ അറീന ശ്രേണിയിലെ എല്ലാ മോഡലുകൾക്കും ഡ്യുവൽ എയർബാഗുകൾ ലഭ്യമാണെന്ന പ്രത്യേകതയുമുണ്ട്.
നേരത്തേകൂട്ടി നെക്സോൺ
ജനപ്രിയ സബ്-കോംപാക്റ്റ് എസ്.യു.വിയായ നെക്സോണിന്റെ വില ടാറ്റാ മോട്ടോഴ്സ് നവംബറിൽ തന്നെ കൂട്ടിയിരുന്നു. 11,000 രൂപവരെയാണ് വർദ്ധന. ഇതോടെ വില 7.29 ലക്ഷം മുതൽ 13.34 ലക്ഷം രൂപവരെയായി. അസംസ്കൃതവസ്തു വിലവർദ്ധനമൂലം ഉത്പാദനച്ചെലവേറിയ പശ്ചാത്തലത്തിൽ ജനുവരി മുതൽ മറ്റു മോഡലുകൾക്കും വില കൂട്ടുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ചിപ്പും കോപ്പറും
ക്ഷാമം മൂലം ചിപ്പിന് വിലയേറിയത് വാഹന നിർമ്മാണ കമ്പനികളെ വലച്ചു. കാർ നിർമ്മാണത്തിലെ നിർണായക ഘടകമാണ് മൈക്രോചിപ്പുകൾ. ഇതിനുപുറമേ അലുമിനിയം, സ്റ്റീൽ, കോപ്പർ എന്നിവയ്ക്കും വില കൂടിയതോടെ ഉത്പാദനച്ചെലവ് കുതിച്ചുയർന്നു. ഈ സാഹചര്യത്തിലാണ് വാഹനങ്ങളുടെ വിലകൂട്ടാതെ മാർഗമില്ലെന്ന് കമ്പനികൾ പറയുന്നത്.
ഔഡിയും ബെൻസും
മെഴ്സിഡെസ്-ബെൻസ് രണ്ടു ശതമാനം വരെയും ഔഡി മൂന്നു ശതമാനം വരെയും വിലവർദ്ധന അടുത്തമാസം മുതൽ നടപ്പാക്കുമെന്നാണ് അറിയുന്നത്. അഞ്ച് ഓൾ-ഇലക്ട്രിക് മോഡൽ ഉൾപ്പെടെ 11 പുത്തൻ മോഡലുകളാണ് 2021ൽ ഔഡി ഇന്ത്യൻ വിപണിയിലിറക്കിയത്. ഔഡിയുടെ മിക്ക മോഡലുകൾക്കും പുതിയ വില പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |