കോട്ടയം: ടെലഗ്രാം ഗ്രൂപ്പ് വഴി മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി മേലേത്ത് തകിടിയിൽ എം.എ. നസീഫിനെ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിലുള്ള സൈബർ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. വ്യാജപ്രിന്റ് സിനിമ കമ്പനി എന്ന ടെലഗ്രാം ഗ്രൂപ്പിൽ അപ്‌ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തതിനെത്തുടർന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നല്ല പ്രിന്റ് ആണെന്നും ഓഡിയോ ഹെഡ്‌സെറ്റ് ഉപയോഗിച്ച് കേൾക്കണമെന്നും ആവശ്യപ്പെട്ട് സിനിമ പല ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുത്ത ഇയാളെ സൈബർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ. അരുണിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പൊലീസിന്റെ സഹായത്തോടെയാണ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ ഷോപ്പ് ഉടമകൂടിയാണ് നസീഫ്. ചിത്രം പ്രചരിപ്പിച്ച കൂടുതൽപേർ നിരീക്ഷണത്തിലാണ്.