കാസർകോട്: കപ്പൽ ജീവനക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കാസർകോട് കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബിന് ഇംഗ്ലണ്ടിലെ സതാംപ്ടൺ ആസ്ഥാനമായുള്ള സെയിലേഴ്സ് സൊസൈറ്റിയുടെ ബഹുമതി പത്രം ലഭിച്ചു. വർഷങ്ങളായുള്ള ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് ബഹുമതിയെന്ന് സെയിലേഴ്സ് സൊസൈറ്റിയുടെ ഇന്ത്യയിലെ കമ്യുണിറ്റി ഡവലപ്മെന്റ് മാനേജർ ക്യാപ്റ്റൻ വി. മനോജ് ജോയ് അറിയിച്ചു.
കൊവിഡ് മഹാമാരിയിൽ സെയിലേഴ്സ് സൊസൈറ്റി കൈമാറിയ 35 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 1200 ആരോഗ്യ സുരക്ഷ കിറ്റുകൾ അർഹരായ മർച്ചന്റ് നേവി ജീവനക്കാരെ കണ്ടെത്തി സുതാര്യമായി വിതരണം ചെയ്ത ക്ലബ്ബിന്റെ സേവനങ്ങളെ ബഹുമതിപത്രത്തിൽ പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ നഗരങ്ങളിൽ കിറ്റ് വിതരണം ഏൽപ്പിച്ചിരുന്നുവെങ്കിലും റെക്കാഡ് വേഗത്തിൽ പൂർത്തിയാക്കിയത് കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബാണെന്ന് ക്യാപ്റ്റൻ മനോജ് ജോയ് പറഞ്ഞു.
ജോലിയിൽ നിന്ന് വിരമിച്ച കണ്ണൂർ, കാസർകോട് ജില്ലയിലെ അംഗങ്ങൾക്ക് 65, 75 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് പണക്കിഴിയും മരണാനന്തരം ഭാര്യയ്ക്ക് ധനസഹായവും നൽകുന്ന രാജ്യത്തെ ഏക മർച്ചന്റ് നേവി കൂട്ടായ്മയാണിത്. അടുത്ത വർഷം മുതൽ 80 പൂർത്തിയാകുന്നവരെയും പണക്കിഴി നൽകി ആദരിക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |