കൊച്ചി: ആലുവയിൽ നിന്ന് കാണാതായ പതിനാലുകാരിയെ കണ്ടെത്തി. ബംഗളൂരുവിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഇന്നലെ ഉച്ചമുതലായിരുന്നു ആലുവ യു സി കോളേജിന് സമീപത്ത് താമസിക്കുന്ന പെൺകുട്ടിയെ കാണാതായത്.
അമ്മയ്ക്ക് ചേച്ചിയോടാണ് കൂടുതലിഷ്ടമെന്നും, തന്നെ ഇഷ്ടമില്ലെന്നും പറഞ്ഞ് വഴക്കിട്ടാണ് ഒൻപതാം ക്ലാസുകാരി വീട് വിട്ടത്. തന്നെ അന്വേഷിക്കണ്ടെന്ന് കത്തെഴുതിവച്ച്, ചെറിയൊരു ബാഗുമായാണ് പതിനാലുകാരി വീട്ടിൽ നിന്നിറങ്ങിയത്.
തുടർന്ന് കുടുംബം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ യുസി കോളേജിന് സമീപത്തു നിന്നും പറവൂർക്കവലയിലേക്ക് പെൺകുട്ടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
ബംഗളൂരു നഗരത്തിന് സമീപം ഒറ്റയ്ക്ക് നിൽക്കുന്ന പെൺകുട്ടിയെ കണ്ട് സംശയം തോന്നി, ഒരു മലയാളി കച്ചവടക്കാരൻ വിവരമന്വേഷിച്ചപ്പോഴാണ് വീട്ടിൽ നിന്ന് വഴക്കിട്ടിറങ്ങിയതാണെന്ന് മനസിലായത്. തുടർന്ന് അദ്ദേഹം മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ ബംഗളുരുവിലേക്ക് തിരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |