ആരാധകരെയും ബോളിവുഡിനെയും
ആവേശഭരിതരാക്കി വിക്കിയും കത്രീനയും ഒന്നായി
'ഞങ്ങൾ ഒരുമിച്ച് ഈ യാത്ര ആരംഭിക്കുകയാണ് .എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണം". വിവാഹ ചിത്രങ്ങൾ പുറത്തുവിട്ട് വിക്കി കൗശലും കത്രിന കൈഫും ഇങ്ങനെ കുറിച്ചു. ആദ്യമാണ് ബോളിവുഡിൽ അവസാനം വരെ സസ്പെൻസ് നിലനിറുത്തി ഒരു വിവാഹാഘോഷം. തങ്ങളുടെ പ്രിയപ്പെട്ട താരജോഡികളുടെ വിവാഹ വസ്ത്രങ്ങൾ പോലും എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകലോകം.
രാജകീയമായ ഈ വിവാഹത്തിന് മാദ്ധ്യമങ്ങളെ പൂർണമായി ഒഴിവാക്കിയിരുന്നു. താരവിവാഹത്തിന്റെ വീഡിയോ സംപ്രേഷണാവകാശം ആമസോൺ പ്രൈം വാങ്ങിയതായാണ് റിപ്പോർട്ട്. 80 കോടി രൂപയ്ക്കാണ് സംപ്രേഷണാവകാശം സ്വന്തമാക്കിയത്. അടുത്ത വർഷം ആദ്യം വീഡിയോ പ്രദർശിപ്പിക്കുമെന്നാണ് വിവരം.
രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിൽ 700 വർഷം പഴക്കമുള്ള കൊട്ടാരമായ സിക്സ് സെൻസസ് ഫോർട്ട് ബർവരയിലാണ് വിക്കിയുടെയും കത്രീനയുടെയും ആഡംബര വിവാഹ മാമാങ്കം നടന്നത്. സബ്യസാചി ഡിസൈൻ ചെയ്ത ചുവപ്പ് ലെഹങ്കയിൽ രാജകീയമായി കത്രീന എത്തിയപ്പോൾ സിൽവർ നിറം ഷെർവാണിയാണ് വിക്കി ധരിച്ചിരുന്നത്. വിവാഹ ചിത്രങ്ങൾ പകർത്താൻ പാടില്ലെന്ന നിബന്ധനയിലാണ് അതിഥികളെ പ്രവേശിപ്പിച്ചത്. നിർബന്ധിത ആർടി പിസിആർ പരിശോധനയ്ക്കും അതിഥികളെ വിധേയമാക്കിയിരുന്നു. 120 അതിഥികൾ ഈ ഹൈപ്രൊഫൈൽ വിവാഹത്തിൽ പങ്കെടുത്തു.മെഹന്തി, സംഗീത് എന്നീ ചടങ്ങുകൾ ഉൾപ്പെടെമൂന്ന് ദിവസം നീണ്ടു നിന്ന വിവാഹമായിരുന്നു. മുഴുവൻ ചടങ്ങും ഗംഭീരവും എന്നാൽ രഹസ്യാത്മകവുമായിരുന്നു. വിവാഹത്തിന് സ്വകാര്യത നിലനിൽക്കണെമന്ന് ഇരുവരും നേരത്തേ തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും പ്രണയത്തിലാണെന്ന് നേരത്തേ ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോഴും വിക്കിയും കത്രീനയും നിഷേധിക്കുകയാണ് ഉണ്ടായത്.
ഇരുവരുടെയും പ്രായവ്യത്യസം ആദ്യം മുതലേ ബോളിവുഡിലെ പ്രധാന ചർച്ച വിഷയമായിരുന്നു. മുപ്പത്തിമൂന്നുകാരനായ വിക്കി മുപ്പത്തിയെട്ടുകാരിയായ കത്രിനയെ പ്രണയിക്കുന്നു എന്ന വിവരം ബോളിവുഡിൽ പടർന്നപ്പോഴും അത് വെറും ഡേറ്റിങ്ങിൽ അവസാനിക്കുന്ന ബന്ധമായിരിക്കുമെന്ന പൊതു സംസാരം ഉണ്ടായിരുന്നു. വിക്കിയുടെയും കത്രീനയുടെയും വിവാഹ ചിത്രങ്ങൾ ബോളിവുഡ് സിനിമാലോകവും ഏറ്റെടുത്തു കഴിഞ്ഞു. പ്രിയങ്ക ചോപ്ര, കരീന കപൂർ , ആലിയ ഭട്ട്, ഹൃത്വിക് റോഷൻ , ടൈഗർ ഷെറോഫ്, സാമന്ത , നീന ഗുപ്ത, അഭിഷേക് കപൂർ , പരിനീതി ചോപ്ര, ജാൻവി കപൂർ, ബിപാഷ ബസു തുടങ്ങിയവരുടെ ആശംസകൾ ചിത്രങ്ങൾക്ക് താഴെ നിറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |