SignIn
Kerala Kaumudi Online
Thursday, 19 September 2024 11.14 AM IST

ഉന്നത വിദ്യാഭ്യാസത്തിന്റെ തലവിധി!

Increase Font Size Decrease Font Size Print Page
kannur-university

സംസ്കാരമുള്ള ഒരു ജനവിഭാഗത്തിന്റെ രണ്ടു കണ്ണുകളാണ് വിദ്യാഭ്യാസവും ആരോഗ്യവും. അത് ഫലപ്രദമാകണമെങ്കിൽ സംഘടിതമായ മുന്നേറ്റവും വിചാരവിശുദ്ധിയുമുണ്ടാകണം. അതുകൊണ്ടാണ് ശ്രീനാരായണ ഗുരുദേവൻ 'വിദ്യകൊണ്ട് പ്രബുദ്ധരാകണമെന്നും സംഘടിച്ച് ശക്തരാകണമെന്നും എല്ലായിപ്പോഴും ശുചിത്വം പാലിക്കണ'മെന്നും അരുളിചെയ്തത്. കർമ്മശുദ്ധി, വാക്‌ശുദ്ധി തുടങ്ങിയ ഗുരു അരുളുകൾ കൂടുതൽ ഗഹനമായതിനാൽ ഇവിടെ ചർച്ചാവിഷയമാക്കുന്നില്ല.

എന്തുകൊണ്ടാണ് സാക്ഷരകേരളത്തിലെ സർവകലാശാലകൾക്ക് വിവാദാതീതരായ വൈസ് ചാൻസലർമാരെ നിയമിക്കാൻ കഴിയാത്തത്?​

കേരള സർവകലാശാലയുടെ വി.സി പദം ഏറ്റെടുക്കാമോ എന്ന് ചോദിച്ചപ്പോൾ തനത് ചിരിയോടെ അതു നിരസിച്ച മഹാകവി കെ.അയ്യപ്പപ്പണിക്കരെപ്പോലുള്ളവർ കൂടി ജീവിച്ചിരുന്ന നാടാണ് കേരളം. അങ്ങനെയുള്ളവരും എല്ലാ യോഗ്യതയും താത്പര്യവും ഉണ്ടായിരുന്നിട്ടും അകറ്റിനിറുത്തപ്പെട്ടവരും ഇപ്പോഴും ധാരാളമുണ്ട് കേരളത്തിൽ. മാറിമാറി ഭരിക്കുന്ന രാഷ്ട്രീയപ്പാർട്ടികളുടെ ആശ്രിതരെ പ്രതിഷ്ഠിക്കാനുള്ള ഇടമാണോ തലമുറകളുടെ ഭാവിയും ഉന്നമനവും സംസ്കാരവും രൂപപ്പെടുത്താൻ നിയുക്തമായ സർവകലാശാലകൾ. അതിന്റെ ഭരണതലങ്ങളിൽ പ്രതിഷ്ഠിക്കപ്പെടേണ്ടത് അങ്ങനെയുള്ളവരാ ണോ?​ ഇന്ത്യയിലടക്കം ലോകത്തിലെ ഗുഡ്‌വിൽ ഉള്ള ഏതെങ്കിലും സ്വകാര്യ സർവകലാശാലയിൽ അങ്ങനെയുള്ള അല്പജ്ഞാനികളെ പ്രതിഷ്ഠിക്കുമോ? ഡോ. വിളനിലത്തിനെതിരെ ഉയർന്ന ഭീകരസമരം സ്വകാര്യ താത്പര്യ സംരക്ഷണത്തിന്റെ പേരിലുണ്ടായ രാഷ്ട്രീയ സമരമാണെന്നും അന്ന് കേരള സർവകലാശാലയുടെ കീഴിൽ പഠിച്ച സാമാന്യമനുഷ്യർക്ക് അറിയാമായിരുന്നു.

അറിവിന്റെയും അന്വേഷണത്തിന്റെയും വിശാലഇടങ്ങളാവണം സർവകലാശാലകൾ എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. ഏതൊരു ഭരണകൂടത്തിനും ആശ്രിതന്മാരുടെയും അണികളുടെയും താത്പര്യം സംരക്ഷിക്കേണ്ടിയും വരും. അതിന് എത്രയോ ഇടങ്ങളുണ്ട്. നാടിന്റെ ഭാഗധേയവും ആരോഗ്യവും പരിപാലിക്കേണ്ട വിദ്യാഭ്യാസ,​ ആരോഗ്യവകുപ്പുകൾ അതിനായി ഉപയോഗിക്കുന്നത് എത്ര വിപൽക്കരമാണെന്ന് അറിയാത്തതുകൊണ്ടാണോ ഇങ്ങനെ ചെയ്യുന്നത്. കേരളം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് ഈ രണ്ടു മേഖലയുമാണ്. രണ്ടുംകൂടി ഇവിടെ ചർച്ചചെയ്യുന്നില്ല. വലിച്ചുവാരിത്തിന്നുന്നവന് ചക്കയെരിശ്ശേരി കിട്ടിയപോലെ അലങ്കോലമായ ഉന്നതവിദ്യാഭ്യാസരംഗത്തെക്കുറിച്ച് മാത്രം ചിന്തിക്കാം.

കഴിഞ്ഞ പിണറായി സർക്കാരിന് ഏറ്റവും കൂടുതൽ പേരുദോഷവും ജനരോഷവുമുണ്ടാക്കിയ മന്ത്രി ഉന്നതവിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്ന കെ.ടി.ജലീലാണ്. ഒന്നിനു പിറകെ ഒന്നായി വിവാദങ്ങൾ. മാർക്ക് ദാനം, ഭൂമി വിവാദം, സ്വർണക്കടത്ത് ബന്ധം - അങ്ങനെയൊരു നിര. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്ന മന്ത്രിയെന്ന അപഖ്യാതിയും ജലീലിന് കൈവന്നു. കൊള്ളാവുന്ന ഒരു പൊതുവിദ്യാഭ്യാസമന്ത്രി അപ്പോഴും ഉണ്ടായിരുന്നു നമ്മുടെ നാട്ടിൽ! ആരോപണങ്ങളിൽ നിന്നെല്ലാം തത്ക്കാലം രക്ഷപെട്ട ജലീൽ ഒടുവിൽ ബന്ധുനിയമനത്തിൽ കുടുങ്ങിപ്പോയി. ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജരായി യോഗ്യതയില്ലാത്ത ബന്ധുവിനെ തിരുകിക്കയറ്റിയ മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരേയുള്ള ജലീലിന്റെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് അദ്ദേഹം രാജിവയ്ക്കേണ്ടിവന്നത്.

ഇപ്പോഴത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി യു.ജി.സി ചട്ടങ്ങളും ഗവർണറുടെ അധികാരവും കാറ്റിൽപറത്തുന്ന നടപടികളാണ് കൈക്കൊണ്ടത്. അതിൽ പ്രകോപിതനായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചാൻസലർ പദവി മുഖ്യമന്ത്രിതന്നെ കൈയിൽവച്ചുകൊള്ളൂ എന്ന് പറയേണ്ട സ്ഥിതിയുണ്ടായി. കണ്ണൂർ സർവകലാശാലയുടെ പുതിയ വി.സിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി പിരിച്ചുവിടാനും ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നല്കാനും ഗവർണറോട് കത്തുകളിലൂടെ ആവശ്യപ്പെട്ട മന്ത്രി ആർ.ബിന്ദു അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണ് നടത്തിയതെന്നാരോപിച്ച് പ്രതിപക്ഷം ലോകായുക്തയെ സമീപിക്കുകയാണ്.

എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവന്റെ ഭാര്യയും തൃശ്ശൂർ മുൻ മേയറുമായിരുന്ന ഡോ.ആർ.ബിന്ദു തൃശ്ശൂ‌ർ കേരള വർമ്മ കോളേജിലെ അസി. പ്രൊഫസർ ആയിരിക്കെ വൈസ് പ്രിൻസിപ്പലായി നിയമനം നേടിയ നടപടി വിവാദത്തിലായിരുന്നു. വൈസ് പ്രിൻസിപ്പൽ തസ്തിക പ്രത്യേകം സൃഷ്ടിച്ചായിരുന്നു നിയമനം. തന്റെ അധികാരങ്ങളും അഭിമാനവും കൈയാളുന്നതിൽ മനംനൊന്ത പ്രിൻസിപ്പൽ ജയദേവൻ രാജിവയ്ക്കുകയുമുണ്ടായി. ബിന്ദുവിന്റെ സത്യപ്രതിജ്ഞയും വിവാദത്തിലായിരുന്നു. അസോസിയേറ്റ് പ്രൊഫസറായിരുന്ന ബിന്ദു, പ്രൊഫസ‍ർ എന്ന് വിശേഷിപ്പിച്ച് സത്യപ്രതിജ്ഞ ചെയ്തതാണ് ആക്ഷേപത്തിനിടയാക്കിയത്.

സർവകലാശാലകളിലെ ഭരണതലങ്ങളിൽ രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കണമെന്നും കലാശാലകളുടെ സ്വയംഭരണം യാഥാർത്ഥ്യമാക്കാൻ അധികാരവികേന്ദ്രീകരണം നടപ്പിലാക്കണമെന്നുമാണ് സംസ്ഥാന സർക്കാർതന്നെ നിയോഗിച്ച ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ ശുപാർശചെയ്തിരിക്കുന്നത്. സെനറ്റ്. സിൻഡിക്കേറ്റ്, അക്കാഡമിക് കൗൺസിൽ എന്നിവയിലും രാഷ്ട്രീയനിയമനം ഒഴിവാക്കണമെന്നാണ് ശുപാർശ. ഡൽഹി അംബേദ്കർ സർവകലാശാല മുൻ വി.സി ഡോ.ശ്യാം ബി.മേനോൻ അദ്ധ്യക്ഷനും വിവിധ സർവകലാശാലകളിലെ പ്രഗല്ഭരും അടങ്ങിയതാണ് സമിതി. സർക്കാരിനു വൈകാതെ ലഭിക്കുന്ന ഈ റിപ്പോർട്ട് ഇപ്പോഴത്തെ ഇടതു സർക്കാരിന് നടപ്പിലാക്കാൻ സാധിക്കുമോ? യു.ഡി.എഫ് ഭരണത്തിൽ എന്തും നടക്കും, പണവും മറ്റ് സ്വാധീനവുമുണ്ടെങ്കിൽ എന്നത് പരക്കെ അറിയാവുന്ന കാര്യമാണ്. അതിനേക്കാൾ പതിന്മടങ്ങ് ദുഃസ്വാധീനം ഇടതു ഭരണതലത്തിൽ ഉണ്ടാകുന്നത് ഏത് നിലയിൽ പരിശോധിച്ചാലും ക്ഷന്തവ്യമല്ല.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ജനാധിപത്യപരമായ അവകാശങ്ങൾ പരിമിതപ്പെടുത്താൻ പലഭാഗത്തുനിന്നും ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും തന്റെ സർക്കാരിന്റെ കാലത്ത് അത്തരം ദുഷ്പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിട്ടുള്ളത്. വിദ്യാർത്ഥികളുടെ സർവതോമുഖമായ വ്യക്തിവികാസത്തെ തടസപ്പെടുത്തുന്ന പ്രവണതകൾക്ക് ഈ സർക്കാർ സംരക്ഷണം നല്‍കുകയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വാക്ശുദ്ധി, കർമ്മശുദ്ധി എന്നിങ്ങനെയുള്ള ഗുരുവരുളിന്റെ പൊരുളും പ്രസക്തിയും ശ്രദ്ധാവിഷയമാകുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്. പറഞ്ഞതെന്ത്? നടന്നതും നടക്കുന്നതും എന്ത്? ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ വികസനത്തിലൂടെ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കണ്ണൂർ സർവകലാശാലയുടെ നവകേരളം-യുവകേരളം പരിപാടി ഉദ്ഘാടനം ചെയ്തപ്പോഴാണ് അദ്ദേഹം ഇത് പറഞ്ഞത്.

ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള റാങ്കിംഗിൽ കേരളം വളരെ പിറകിലാണ്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം കഴിഞ്ഞവർഷം പുറത്തുവിട്ട റിപ്പോർട്ടിൽ സ‌ർവകലാശാല, കോളേജ്, എൻജിനീയറിംഗ്, ഫാർമസി, മെഡിക്കൽ, അഗ്രികൾച്ചർ, ലോ, ഡെന്റൽ തുടങ്ങി വ്യത്യസ്ത കാറ്റഗറികളിൽ ഒരേയൊരു സ്ഥാപനമാണ് ആദ്യ പത്തിലുള്ളത്. ആർക്കിടെക്‌ടിൽ കോഴിക്കോട്ടെ എൻ. ഐ. ടി മാത്രം. ഈ നില കൂടുതൽ പരിതാപകരമാക്കുകയാണോ ഒരു ജനകീയ സർക്കാരിന്റെ കർത്തവ്യമെന്ന് ആലോചിക്കണം. കുടുംബശ്രീയിൽ ആളെക്കൂട്ടിയും സഹായങ്ങൾ പ്രഖ്യാപിച്ചും പാർട്ടി പിന്തുണ കൂട്ടുന്ന ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ടതാണോ വിദ്യാഭ്യാസ രംഗം?​ ഇടത് സ‌ക്കാർ ഇക്കാര്യം സന്മനസോടെ ആലോചിക്കുന്നത് നന്നായിരിക്കും. അല്ലെങ്കിൽ ജനം നേരിട്ട് വിധിയെഴുതുന്ന സാഹചര്യമുണ്ടാവും. അതാണ് ചരിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EDUCATION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.