ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരഞ്ഞെടുപ്പിൽ തോൽക്കുമോ എന്ന പേടിയുണ്ടെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. നരേന്ദ്രമോദിയെ ഏകാധിപതിയെന്ന് വിളിക്കുകയും അദ്ദേഹത്തെ ഹിറ്റ്ലറോട് സാമ്യപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവിന്റെ പുതിയ പരാമർശം. തന്റെ പാർട്ടി സഹപ്രവർത്തകർ ഉൾപ്പെടെ മറ്റൊന്നിനെയും മോദി ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ ചിദംബരം, ബി.ജെ.പി സർക്കാരിനെ 'വിനാശകരം' എന്നാണ് വിശേഷിപ്പിച്ചത്. ആസാമിലെ കോൺഗ്രസ് പ്രവർത്തകർക്കായുള്ള ത്രിദിന പരിശീലന ക്യാമ്പിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മോദിക്ക് ദൈവമുൾപ്പടെ ഒന്നിനെയും ഭയമില്ല. എന്നാൽ തിരഞ്ഞെടുപ്പിനെ അദ്ദേഹം ഭയക്കുന്നു. ഒരു സാഹചര്യത്തിലും തിരഞ്ഞെടുപ്പിൽ തോൽക്കാൻ ആഗ്രഹിക്കുന്നില്ല. മോദി എന്തിനെയെങ്കിലും ഭയപ്പെടുന്നു എന്നതിൽ എനിക്ക് സന്തോഷമുണ്ട്. എല്ലാ തിരഞ്ഞെടുപ്പുകളിലും മോദിയെ പരാജയപ്പെടുത്തുക എന്നതാണ് രാജ്യത്തെ രക്ഷിക്കാനുള്ള ഏക പോംവഴി,” ചിദംബരം പറഞ്ഞു.
കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തുമെന്ന് പറഞ്ഞ ചിദംബരം രാഷ്ട്രീയത്തെക്കുറിച്ചുള്ള കോൺഗ്രസ് പ്രവർത്തകരുടെ ആശയം ശരിയാണെന്ന് വിശ്വസിക്കാൻ അദ്ദേഹം കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥിക്കുകയും ചെയ്തു. നിങ്ങൾക്ക് സ്വയം ബോദ്ധ്യപ്പെടുത്താൻ കഴിയുമെങ്കിൽ മാത്രമേ നിങ്ങൾക്ക് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |