ഗുണ്ട എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തു വന്നു ഓപ്പറേഷൻ ജാവയിലൂടെ ശ്രദ്ധേയനായ ബിനു പപ്പു ഇതാദ്യമായി തിരക്കഥാകൃത്താവുന്നു. സൂപ്പർ ഹിറ്റായ ഓപ്പറേഷൻ ജാവയുടെയും ഇപ്പോൾ ഡബ്ബിംഗ് പുരോഗമിക്കുന്ന സൗദി വെള്ളക്കയുടെയും സംവിധായകനായ തരുൺ മൂർത്തിക്കുവേണ്ടിയാണ് ബിനു പപ്പു തിരക്കഥ എഴുതുന്നത്. ഇതിന്റെ തിരക്കഥാ രചനയിലാണ് ഇപ്പോൾ. രണ്ടുവർഷത്തിനകം സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ബിനു പപ്പു. ആഷിഖ് അബുവിന്റെ ശിഷ്യനായ ബിനു പപ്പു സംവിധാനം ചെയ്യുന്ന സിനിമകൾക്കായി ത്രില്ലർ മൂഡിലുള്ള കഥയും ഹൊറർ മൂഡിലുള്ള കഥയും കണ്ടെത്തിയിട്ടുണ്ട്. സ്വന്തം രചനയിൽ തന്നെയാണ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രവും. കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴിയിലൂടെ കോമഡി വേഷങ്ങളിലേക്കും ചുവടുമാറ്റം നടത്തി . അച്ഛൻ കുതിരവട്ടം പപ്പുവിനെ അനുസ് മരിപ്പിക്കുന്ന പ്രകടനം കൃഷ്ണദാസ് എന്ന ഓട്ടോറിക്ഷാ ഡ്രൈവറിലൂടെ കാഴ്ചവയ്ക്കുകയും ചെയ്തു. സല്യൂട്ട്, എന്നിവർ, സുന്ദരി ഗാർഡൻസ് , ഹിഗ്വിറ്റ, അന്താക്ഷരി എന്നീ ചിത്രങ്ങളാണ് ബിനു പപ്പുവിന്റേതായി റിലീസിന് ഒരുങ്ങുന്നത്.സൗദി വെള്ളക്ക, ചട്ടമ്പി, ടൂ മെൻ, ലാൽജോസ് - ജോജു ജോർജ് ചിത്രം എന്നിവയാണ് അഭിനയിച്ചു പൂർത്തിയാക്കിയത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ടൊവിനോ - കല്യാണി പ്രിയദർശൻ ചിത്രമായ തല്ലുമാലയിലാണ് ഇനി അഭിനയിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |