SignIn
Kerala Kaumudi Online
Thursday, 19 September 2024 5.12 AM IST

വിശപ്പിന് നീതി അകലെയോ ?

Increase Font Size Decrease Font Size Print Page
madhu

.

മുഷിഞ്ഞ സഞ്ചിയിൽ സൂക്ഷിച്ച അരി വിശപ്പടക്കാനുള്ള ചോറാക്കിമാറ്റാൻ അവന് സാധിച്ചില്ല. കാട്ടരുവിയിലൂടെ ഒഴുകിയ വെള്ളം പോലും കാടിന്റെ മകന്റെ ജീവിതത്തിലെ അവസാന നിമിഷം ദാഹമടക്കാൻ ആരും നൽകിയതുമില്ല. 2018 ഫെബ്രുവരി 22നായിരുന്നു കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ആ സംഭവം നടന്നത്. മോഷണകുറ്റമാരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു മരിച്ചിട്ട് നാലുവർഷമാകുമ്പോഴും ഇതുവരെ കേസിന്റെ വിചാരണ തുടങ്ങിയിട്ടില്ല. ആ യുവാവിന്റെ കുടുംബത്തിന് ലഭിക്കേണ്ട സ്വാഭാവിക നീതി ഇപ്പോഴും ഏറെ അകലെയാണ്.

ആൾക്കൂട്ട കൊലയ്ക്ക് ശേഷം പ്രദേശവാസികളായ 16 പേരെ പ്രതിചേർത്താണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്. ജില്ലാ ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എന്നാൽ, പൊലീസ് ശേഖരിച്ച തെളിവുകൾ ഡിജിറ്റൽ രൂപത്തിൽ വേണമെന്ന് പ്രതികൾ ആവശ്യപ്പെട്ടതോടെയാണ് വിചാരണ നീണ്ടുപോയത്. കഴിഞ്ഞ സെപ്തംബർ മാസം കേസ് വിചാരണയ്ക്ക് എടുത്തെങ്കിലും നവംബറിലേക്ക് മാറ്റുകയായിരുന്നു. ശേഷം കഴിഞ്ഞമാസം 25ന് കേസ് പരിഗണിച്ചെങ്കിലും വിചാരണ തിയതി 2022 ജനുവരി 22ലേക്ക് വീണ്ടും നീട്ടി. മണ്ണാർക്കാട്ടെ പ്രത്യേക പട്ടികജാതി, പട്ടികവർഗ കോടതിയിലാണ് കേസ് പരിഗണിക്കുന്നത്.

വിശപ്പകറ്റാൻ കാടിറങ്ങി

ഇരുപത്തിയേഴുകാരനായ മധു കുറുക്കത്തിക്കല്ലുകാരനായിരുന്നു, എങ്കിലും അച്ഛന്റെ ഊരായ ചിണ്ടക്കിയിലായിരുന്നു താമസം. 170 ഓളം കുടുംബങ്ങളാണ് ചിണ്ടക്കി ഊരിൽ ഉണ്ടായിരുന്നത്. അച്ഛന്റെ മരണത്തോടെ ഏഴാം ക്ലാസിൽ വെച്ച് പഠിത്തം നിർത്തിയ മധു ഐ.ടി.ഡി.പിയുടെ കാർപെന്ററി പരിശീലനം നേടിയിരുന്നു. പരിശീലനം പൂർത്തിയാക്കിയ ശേഷം ആലപ്പുഴയ്ക്ക് ജോലിതേടിപ്പോയ മധുവിന് അവിടെ നടന്ന ഒരു സാമുദായിക സംഘർഷത്തിൽ തലയ്ക്ക് പരിക്കേറ്റു. ആ സംഭവത്തിന് ശേഷം അലഞ്ഞു തിരിഞ്ഞു നടക്കുന്ന മധുവിനെയാണ് നാട്ടുകാർക്ക് കണ്ടുപരിചയം.

കാടും മലയും കയറിയിറങ്ങി അലഞ്ഞുനടന്ന മധു മലമുകളിലെ ഒരു ഗുഹയിലാണ് താമസിച്ചിരുന്നത്. വല്ലാതെ വിശക്കുമ്പോൾ മാത്രം താഴെ ഗ്രാമത്തിലേക്ക് ഓടിയെത്തും. അവിടെ നിന്ന് വല്ലതും വാങ്ങിത്തിന്ന് വിശപ്പുമാറ്റി വീണ്ടും മലകയറും. മലയിറങ്ങി മുക്കാലി ഗ്രാമത്തിൽ വന്ന് തിന്നാൻ വല്ലതുമൊക്കെ ഒപ്പിച്ച് തിരികെപ്പോവുകയായിരുന്നു മധുവിന്റെ പതിവ്.

സംഭവം നടന്ന ദിവസം മധു മലമുകളിലെ ഗുഹയിലുണ്ടെന്ന് കേട്ടറിഞ്ഞാണ് അക്രമിസംഘം അവിടേക്ക് അന്വേഷിച്ച് ചെന്നത്.

അവിടെ നിന്ന് ഒരു ചെറിയ സഞ്ചിയിൽ അരിയും മുളകുപൊടിയും മറ്റും 'തൊണ്ടിമുതലായി' കണ്ടെടുക്കുകയുമുണ്ടായി. അവിടെ കൈകൾ ബന്ധിച്ച് മർദ്ദിച്ചും ഫോട്ടോ എടുത്തുമൊക്കെയാണ് മധുവിനെ താഴേക്ക് മുക്കാലി അങ്ങാടിയിലേക്ക് കൊണ്ടുവരുന്നത്. അവിടെ വെച്ചും തുടർച്ചയായ മർദനത്തിന് മധു വിധേയനായി. ഒടുവിൽ പരിസരവാസികളിൽ ആരോ വിളിച്ചു പൊലീസിൽ അറിയിച്ച ശേഷമാണ് നാട്ടുകാരിൽ നിന്ന് രക്ഷപ്പെടുത്തി മധുവിനെ അഗളിയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി പൊലീസ് ജീപ്പിൽ കൊണ്ടു പോകുന്നത്. പോകും വഴി താവളത്തുവെച്ച് മധു ഛർദിച്ചു. പൊലീസ് വെള്ളം കൊടുത്തത് വാങ്ങിക്കുടിച്ചു. അഗളി സി.എച്ച്.സിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.

അടുത്ത ദിവസമാണ് ഊരുകളിലെ ഗോത്രവർഗക്കാർ വിവരമറിഞ്ഞ് പ്രതിഷേധവുമായെത്തിയത്. അവരുടെ സമരങ്ങൾക്ക് ശേഷമാണ് മർദ്ദിച്ചവർക്കെതിരെ നടപടിയുണ്ടാകുന്നത്. ആദ്യം ചാർജ് ചെയ്തത് അസ്വാഭാവിക മരണത്തിനുള്ള 174 സി.ആർ.പി.സി ആയിരുന്നു. പിന്നീട് 143,147,148, 323, 324, 325, 364, 365, 367, 368, 302 ആർ/ഡബ്ല്യൂ 149 ഐ.പി.സി, എസ്.സി/ എസ്.ടി ആക്ടിലെ 3(1) (d), 3 (2) (v) എന്നീ വകുപ്പുകൾ, കേരളാ ഫോറസ്റ്റ് ആക്ടിന്റെ 27 (2) വകുപ്പ് എന്നിവ ചേർത്ത് എഫ്‌.ഐ.ആർ പരിഷ്‌കരിച്ചു. അക്രമവുമായി ബന്ധപ്പെട്ട് അഗളി പൊലീസ് 16 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ആ കേസ് ഇന്നും കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ മധുവിന്റെ സഹോദരി ചന്ദ്രിക സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിലൂടെ കേരള പൊലീസ് സേനയുടെ ഭാഗമായി. അട്ടപ്പാടിയിലെ ആദിവാസികളുടെ മാനസികാരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങൾക്ക് എൻ.ജി.ഒകളുടെ സഹായത്തോടെ സർക്കാർ നേതൃത്വം നൽകി വരുന്നു.

ആൾക്കൂട്ട കൊലയിൽ പൊലീസും പങ്കാളികൾ

മുക്കാലിയിൽ നിന്ന് നാല് കിലോമീറ്റർ കാട്ടുറോഡുവഴി ചെന്ന് മധുവെന്ന ചെറുപ്പക്കാരനെ പിടികൂടി അടിച്ച്, ഉടുമുണ്ടഴിച്ചെടുത്തവന്റെ കൈകൾ കെട്ടി, വഴി നീളെ തല്ലി, നാല് കിലോമീറ്റർ നടത്തിച്ച് മുക്കാലിയിൽ തിരികെ കൊണ്ടുവന്ന് പൊതുദർശനം നടത്തിയ ശേഷം പൊലീസിനെ ഏൽപ്പിച്ചു. തൊണ്ടി മുതൽ ഒരു കിലോ അരിയും ഒരു കൂട് മഞ്ഞൾപ്പൊടിയും. സന്തോഷത്തോടെ പ്രതിയെ ഏറ്റുവാങ്ങിയ പൊലീസ് ഈ ആൾക്കൂട്ട കൊലപാതകത്തിൽ പങ്കാളികളാണ്. സ്വന്തം പണി നാട്ടുകാർക്ക് വിട്ടുകൊടുത്ത് കൈകെട്ടിയിരുന്ന പൊലീസിന്റെ പരിശീലനത്തിൽ ദുർബലവിഭാഗത്തോട് അനുഭാവ പൂർവമായി പെരുമാറണമെന്ന പാഠം പോലുമില്ല. അവകാശങ്ങളെപ്പറ്റി, അധികാരങ്ങളെപ്പറ്റി ആത്മവിശ്വാസവും സ്വയംബോധവുമില്ലാത്ത പാവം ജനതയെ പറ്റിച്ചുജീവിക്കുന്നവരാണ് നമ്മൾ അടങ്ങുന്ന ആദിവാസി ഇതരസമൂഹം. ഭരണകൂട ശക്തികളെ അവർക്ക് ഭയമാണ്.

നീതികിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്ന് മല്ലി

ചിണ്ടക്കി സെക്കൻഡ് സൈറ്റിന് സമീപത്തെ പഴയ ഊരിൽ മധുവിന്റെ വീട്ടിൽ അമ്മ മല്ലിയും സഹോദരി സരസുവുമുണ്ട്. നാലുവർഷം കഴിയുമ്പോഴും മകനെ ഇല്ലാതാക്കിയവർക്കെതിരെ നടപടിയില്ലാത്തതിന്റെ വേദനയിലാണ് മധുവിന്റെ അമ്മ മല്ലി. കേസിന്റെ പിന്നാലെ പോകാനും സമ്മർദ്ദം ചെലുത്താനും തങ്ങൾക്ക് ആരുമില്ലെന്നാണ് പരിഭവം. ആദിവാസി ആക്ഷൻ കൗൺസിൽ കേസിനുപിന്നാലെ ഉണ്ടെന്നും നടപടി വേഗമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മല്ലി പ്രതികരിച്ചു.

മല്ലിയും സരസുവും അങ്കണവാടി ജീവനക്കാരാണ്. മറ്റൊരു സഹോദരി ചന്ദ്രിക അഗളി പോലീസ് സ്റ്റേഷനിൽ വനിതാ സിവിൽ പോലീസ് ഓഫീസറാണ്. മധു മരിച്ചസമയത്ത് സർക്കാർ നൽകിയ ഉറപ്പ്, ചന്ദ്രികയ്ക്ക് ജോലിയും മധുവിന്റെ വീടുവരെയുള്ള റോഡ് കോൺക്രീറ്റ് ചെയ്യുമെന്നും കുടിവെള്ളമെത്തിക്കുമെന്നുമാണ്. സഹോദരിക്ക് ജോലികിട്ടി. വീടുവരെയുള്ള റോഡ് കോൺക്രീറ്റ് ചെയ്തു. കുടിവെള്ളം ഇനിയും എത്തേണ്ടതുണ്ടെന്ന് മല്ലിയും സരസുവും പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PALAKKAD DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.