തിരുവനന്തപുരം: കയർഫെഡിന്റെ കേരളത്തിന് പുറത്തുള്ള 25ാമത് ഷോറൂം ബംഗളൂരുവിലെ ബസവനഗുഡിയിൽ വ്യവസായ മന്ത്രി പി.രാജീവ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ചേർത്തല കയർ മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് സഹകരണ സംഘത്തിന്റെ ഷോറൂമായി ബംഗളൂരുവിൽ 1987 മുതൽ പ്രവർത്തിച്ചുവരുന്ന കെട്ടിടത്തിലാണ് കയർഫെഡിന്റെ ഷോറൂം സജ്ജമാക്കിയത്. ബസവനഗുഡിയിലെ ഗാന്ധി ബസാറിൽ മലയാളികൾ ഏറെയുള്ള, വാണിജ്യവ്യാപാര സ്ഥാപനങ്ങൾ അനവധിയുള്ള പ്രദേശത്ത് 800 ച.അടി വിസ്തീർണ്ണമുള്ള മൂന്ന് കടമുറികൾ ഒന്നിച്ചുള്ള കെട്ടിടമാണ് നവീകരിച്ച് ഷോറൂമാക്കിയത്. കയർ മാറ്റിംഗ്സ്, മാറ്റുകൾ തുടങ്ങിയ ഉത്പന്നങ്ങൾക്ക് വലിയ വിപണനസാദ്ധ്യതയുള്ള പ്രദേശമാണിത്.
കയർഫെഡിന്റെ കാർഷികാധിഷ്ഠിത ഉത്പന്നങ്ങൾക്കും ഇവിടെ സാദ്ധ്യതകളുണ്ട്.
ചെന്നൈയിലുൾപ്പെടെ തമിഴ്നാട്ടിൽ കയർഫെഡിന് മൂന്ന് ഷോറൂമുകളുണ്ട്. കർണാടകയിൽ ഇല്ലായിരുന്നു. ബംഗളൂരുവിൽ ഷോറൂം തുറന്നതോടെ കർണാടകയിലും തമിഴ്നാട്ടിലും കയറും കയർ ഉത്പന്നങ്ങളും വലിയതോതിൽ വിറ്റഴിക്കാൻ കയർഫെഡിന് സാധിക്കും. കയർഫെഡ് പ്രസിഡന്റ് അഡ്വ.എൻ.സായികുമാർ ചടങ്ങിൽ അദ്ധ്യക്ഷനായി. കയർ വികസന ഡയറക്ടർ വി.ആർ.വിനോദ്, കയർ വകുപ്പ് സ്പെഷ്യൽ ഓഫീസർ എൻ.പദ്മകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കയർഫെഡ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി.എസ്. മണി, എം.പുഷ്കരൻ, മാനേജിംഗ് ഡയറക്ടർ സി.സുരേഷ് കുമാർ, ബംഗളൂരു കേരള സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ, സുവർണ കർണാടക കേരള സമാജം ജനറൽ സെക്രട്ടറി കെ.പി.ശശിധരൻ, ലോകകേരള സഭ അംഗം സി.കുഞ്ഞപ്പൻ എന്നിവർ പങ്കെടുത്തു. കയർഫെഡ് ജനറൽ മാനേജർ ബി. സുനിൽ സ്വാഗതവും മാർക്കറ്റിംഗ് മാനേജർ എം. അനുരാജ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |