SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.28 PM IST

മാവിലർ പാട്ട് സിനിമയിൽ സൂപ്പർ ഹിറ്റ്, സമുദായയോഗത്തിൽ കലാകാരൻ പുറത്ത്

Increase Font Size Decrease Font Size Print Page
1

കാസർകോട്: ആചാരങ്ങളിലും ആഘോഷങ്ങളിലും ഒതുങ്ങിനിന്നിരുന്ന വാമൊഴിപ്പാട്ടിനെ സിനിമയിലെത്തിച്ച സുധീഷ് മരുതളത്തിന് സമുദായ യോഗങ്ങളിൽ വിലക്ക്. കാസർകോട് ബേഡകം മരുതളം സ്വദേശിയും അട്ടപ്പാടിയിൽ കേന്ദ്ര സാമൂഹ്യവികസന പദ്ധതി ചുമതലക്കാരനുമായ സുധീഷ് മരുതളത്തിനെതിരെയാണ് ആദിവാസി മാവിലർ സമുദായം തിരിഞ്ഞത്.

'ഒള്ളുള്ളേരി ഒള്ളുള്ളേരി' എന്ന വരികളിൽ ആരംഭിക്കുന്ന മാവിലരുടെ വാമൊഴി പാട്ട്, ടിനു പാപ്പച്ചൻ സംവിധാനം ചെയ്‌ത് ആന്റണി വർഗീസ് ചിത്രമായ 'അജഗജാന്തരം' സിനിമയിൽ എത്തിയതോടെ ഹിറ്റായിരുന്നു. പാട്ട് സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന സന്ദർഭമാണ് സമുദായാംഗങ്ങളെ പ്രകോപിപ്പിച്ചത്. ഡി.ജെ പാർട്ടിക്ക് മദ്യം കഴിക്കുകയും ആടുകയും പാടുകയും ചെയ്യുന്ന വേളയിൽ ഉപയോഗിച്ചതിലാണ് എതിർപ്പ്. പാട്ടും സീനും രണ്ടും രണ്ടാണെന്ന് സിനിമാക്കാർ പറയുന്നു. പാട്ട് പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

ഈ സിനിമയിൽ മാവില ഭാഷയിൽ സുധീഷ് തന്നെ എഴുതിയ മറ്റു രണ്ടു പാട്ടുകളുണ്ട്. അതിനെ എതിർക്കാത്തതിന്റെ ആശ്വാസത്തിലാണ് സുധീഷ്.

 ഋതുമതികൾ പാടുന്നത്

മാവിലർ സമുദായത്തിലെ പെൺകുട്ടികൾ ഋതുമതികളായാൽ തിരണ്ടു മംഗലത്തിന് നൃത്തച്ചുവടുകൾക്കൊപ്പം തുടികൊട്ടി പാടുന്ന പാട്ടാണിത്. പെൺകുട്ടിയെ മഞ്ഞൾ തേച്ചു കുളിപ്പിക്കുന്ന ചടങ്ങിലാണ് പാടുക. പെൺകുട്ടിയെ കെട്ടുന്ന മച്ചുനനും (അമ്മാവന്റെ മകൻ) ഒപ്പം പാടണമെന്ന് നിർബന്ധമാണ്. ഇല്ലെങ്കിൽ പെൺകുട്ടി പാടില്ല.

 പരാതി കളക്ടർക്ക്

സമുദായത്തെ ഇകഴ്ത്തി കാണിക്കാൻ ശ്രമിച്ചു എന്നാരോപിച്ചു സിനിമയിൽ പാടിയ ഗായിക പ്രസീത ചാലക്കുടി, സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസ്, നിർമ്മാതാക്കളായ അജിത്, ഇമ്മാനുവൽ, സംവിധായകൻ ടിനു പാപ്പച്ചൻ എന്നിവർക്കെതിരെ കാസർകോട് ജില്ലാ കളക്ടർക്കാണ് ചിലർ പരാതി നൽകിയത്. പാട്ട് റദ്ദു ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്.

'മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴേ കേട്ടു വളർന്നതാണ്. തെറ്റായ വരികൾ ജനങ്ങൾ കേൾക്കരുതെന്ന് കരുതിയാണ് യഥാർത്ഥ വരികൾ ചിട്ടപ്പെടുത്തി സിനിമയ്ക്ക് നൽകിയത്. ആദ്യം വലിയ എതിർപ്പായിരുന്നു".

- സുധീഷ് മരുതളം, നാടൻപാട്ട് കലാകാരൻ

TAGS: AJAGAJANTHARAM FILIM STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY