വാഷിംഗ്ടൺ : ഒമിക്രോണിനെതിരെയുള്ള പ്രതിരോധ വാക്സിൻ മാർച്ചിൽ തയാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫൈസർ സി.ഇ.ഒ ആൽബർട്ട് ബൗർല അറിയിച്ചു. വിവിധ രാജ്യങ്ങളുടെ താത്പ്പര്യ പ്രകാരമാണ് ഒമിക്രോണിനെതിരെയുള്ള വാക്സിൻ നിർമ്മിക്കുന്നതെന്നും നിലവിലുള്ള എല്ലാ വകഭേദങ്ങളെയും പ്രതിരോധിക്കുന്നതാകും ഈ വാക്സിനെന്നും ബൗർല കൂട്ടിച്ചേർത്തു. നിലവിൽ ബൂസ്റ്റർ ഉൾപ്പെടെയുള്ള ഫൈസർ വാക്സിനുകൾ ഒമിക്രോൺ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നല്കാൻ പ്രാപ്തിയുള്ളതാണ്. പുതിയ വാക്സിൻ നമുക്ക് ആവശ്യമുണ്ടോയെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. എന്നാൽ വാക്സിനേഷൻ നിരക്കിൽ മുന്നിലുള്ള രാജ്യങ്ങളിൽ പോലും ഒമിക്രോൺ അതിവേഗം പകരുന്ന സാഹചര്യത്തിലാണ് പുതിയ വാക്സിന്റെ നിർമ്മാണത്തിലേക്ക് കടക്കുന്നതെന്ന് ബൗർല അറിയിച്ചു. നിലവിലുള്ള വാക്സിനേഷനിലൂടെ കൊവിഡ് മരണ നിരക്കും ആശുപത്രിവാസവും കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം നിലവിലെ വാക്സിൻ ഡോസുകൾ മികച്ച സംരക്ഷണം ഉറപ്പു വരുത്തുന്നുണ്ടെങ്കിലും രോഗത്തിൽ നിന്ന് പൂർണ പരിരക്ഷ നൽകാൻ കഴിയുന്ന തരത്തിലുള്ളതല്ലെന്ന് യു.കെ ആരോഗ്യ സുരക്ഷാ ഏജൻസി നിരീക്ഷിച്ചു. അതേ സമയം ലോകത്ത് നിലനിൽക്കുന്ന വാക്സിൻ അസമത്വമാണ് പുതിയ വകഭേദങ്ങൾ പൊട്ടിപ്പുറപ്പെടാൻ കാരണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |