SignIn
Kerala Kaumudi Online
Thursday, 19 September 2024 7.34 AM IST

വരണം, കാർബൺ ന്യൂട്രൽ കൃഷി

Increase Font Size Decrease Font Size Print Page

farming

കേരളത്തിൽ പ്രതിവർഷം 50 ലക്ഷം ടൺ അരി, 23 ലക്ഷം ടൺ പച്ചക്കറി, 17 ലക്ഷം ടൺ പഴങ്ങൾ, 33 ലക്ഷം ടൺ പാൽ, 530 കോടി മുട്ട, 1.5 ലക്ഷം ടൺ കോഴിയിറച്ചി, 250 കോടി തേങ്ങ, മൂന്നുലക്ഷം ടൺ വെളിച്ചെണ്ണ എന്നിവ ആഹാരമായി ഉപയോഗിക്കുന്നു. പക്ഷേ നമ്മുടെ ഉത്പാദനം ആറ് ലക്ഷം ടൺ അരിയും 15 ലക്ഷം ടൺ പച്ചക്കറിയും 25 ലക്ഷം ടൺ പാലും 218 കോടി മുട്ടയും, 15000 ടൺ കോഴിയിറച്ചിയുമാണ്. ബാക്കി അയൽസംസ്ഥാനങ്ങളിൽ നിന്ന് വരുന്നു. ആകെയുള്ള 97 ലക്ഷം ഏക്കർ ഭൂവിസ്തൃതിയിൽ 50 ലക്ഷം ഏക്കർ കൃഷിസ്ഥലവും 27.5 ലക്ഷം ഏക്കർ വനങ്ങളുമാണ്. ഇനി കൃഷി വ്യാപിപ്പിക്കാനുള്ള സാദ്ധ്യത വെറും 2.5, 3.75 ലക്ഷം ഏക്കറിൽ മാത്രമാണെന്നതും ആകെയുള്ള 50 ലക്ഷം ഏക്കർകൃഷി സ്ഥലത്തിൽ 35 ലക്ഷം ഏക്കറും നാണ്യസുഗന്ധ വിളകളാണെന്നതും കൂട്ടിവായിച്ചാൽ മുഖ്യഭക്ഷ്യവിളകൾക്കുള്ള പ്രതിശീർഷ സ്ഥലലഭ്യത വെറും നാല് സെന്റ് മാത്രമാണെന്നതാണ് വെല്ലുവിളി.

ആകെ 61 മില്യൺ ടൺ കാർബൺഡയോക്‌സൈഡാണ് 2020 ൽ കേരളം പുറത്തുവിട്ടത്. ഇതിൽ കൃഷി,വനം,ഭൂ ഉപയോഗം മൂലമുണ്ടായത് 11.4 മില്യൺ ടണ്ണാണ്. പ്രതിമാസ മഴയിലും മഴദിനങ്ങളിലും പ്രതിദിനമഴയിലും ഉണ്ടായ വ്യത്യാസങ്ങളും ഉയർന്ന താപനിലയും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളാണ്.

കൃഷിയിലെ എല്ലാ പ്രവൃത്തികളും ഉപാധികളും കാർബൺ പുറന്തള്ളലുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. മണ്ണ് തയ്യാറാക്കൽ, വിത, വിളവെടുപ്പ്, സംഭരണ സ്ഥലത്തേക്ക് കൊണ്ടുപോകൽ, വെള്ളം പമ്പ് ചെയ്യുന്നത്, വിളകൾ ഉണക്കുന്നത്, വളം, കീടനാശിനി, കളനാശിനി എന്നിവയുടെ നിർമ്മാണ, പാക്കിംഗ്, സംഭരണമേഖല, കൃഷിയന്ത്രങ്ങളുടെയും കൃഷി അനുബന്ധ കെട്ടിടങ്ങളുടെയും നിർമാണ സാമഗ്രികൾ എന്നിവയെല്ലാം കാർബൺ ബഹിർഗമന സ്രോതസുകളാണ്. ഒരേക്കർ പരമ്പരാഗത കൃഷിയിൽ ഒരുവർഷം 650 കിലോ കാർബൺഡയോക്‌സൈഡ് തത്തുല്യ വാതകം പുറന്തള്ളുമ്പോൾ, സംയോജിത കൃഷിയിൽ 500ഉം ജൈവകൃഷിയിൽ 300ഉം ആണ്. ഒരു ലിറ്റർ ഡീസൽ 3.45 കിലോ കാർബൺഡയോക്‌സൈഡ് തത്തുല്യ വാതകം പുറത്തുവിടുമെങ്കിൽ ഒരുകിലോ നൈട്രജൻ രാസവളം ഉത്‌പാദനം മുതൽ മണ്ണിൽ കൊടുക്കുന്നതു വരെ 4.77 കിലോ പുറന്തള്ളുന്നു. ഒരുകിലോ ചാണകമാണ് നൈട്രജൻ സ്രോതസെങ്കിൽ കാർബൺഡയോക്‌സൈഡ് തത്തുല്യ വാതകം തുലോം 29 ഗ്രാം മാത്രമാണ് .

വിവിധ കൃഷി പ്രവൃത്തികളിലും മറ്റുപാധികളിലുമായി പുറന്തള്ളുന്ന അതേ അളവിൽ മണ്ണിൽ കാർബൺ ആഗിരണം ചെയ്യുമ്പോഴാണ് കാർബൺ ന്യൂട്രൽ കൃഷി എന്ന് പറയാവുന്നത്. പുറത്തു നിന്നുള്ള ഉപാധികളും ഫോസിൽ ഇന്ധനങ്ങളും പരമാവധി കുറയ്ക്കുകയാണ് ഇതിനുള്ള പ്രധാന മാർഗം. 'റെക്കമെൻഡഡ് മാനേജ്‌മെന്റ് പ്രാക്ടീസ് ' കർഷകരിൽ പ്രചരിപ്പിക്കുന്നതാണ് ഇതിനുള്ള മുഖ്യ പോംവഴി. ഇതുവഴി വിള അവശിഷ്ടങ്ങൾ കൂടുതൽ ഉത്പാദിപ്പിക്കാനും മണ്ണിലെ കാർബണിന്റെ സാന്ദ്രത കൂട്ടാനും സാധിക്കും. ലിഗ്നിന്റെ അളവ് കൂടുതലുള്ള അവശിഷ്ടങ്ങളാണുത്തമം.

2020 ൽ കേരളത്തിൽ 40000 ടൺ നൈട്രജൻ വളങ്ങളാണ് മണ്ണിൽ നിന്നും നഷ്ടപ്പെട്ട് അന്തരീക്ഷത്തിലും ജലാശയങ്ങളിലും എത്തിയത്. വളങ്ങളുടെ ഉപയോഗക്ഷമത പരമാവധി വർദ്ധിപ്പിക്കുന്നത് ഈ നഷ്ടം ഒഴിവാക്കും. ഇതു കൂടാതെ സംയോജിത വളപ്രയോഗം, സംയോജിത കീടരോഗ നിയന്ത്രണം, ജലപോഷക ഉപയോഗക്ഷമത കൂടിയ പുതിയ ഇനങ്ങളുടെ ഉപയോഗം, പയറുവർഗങ്ങളുടെ ഇടവിളകൃഷി, വിളപരിക്രമണം, കാലിവളം, കമ്പോസ്റ്റ്, ആവശ്യത്തിന് മാത്രമുള്ള മണ്ണിളക്കൽ എന്നിവയ്ക്ക് കാർഷിക പാരിസ്ഥിതിക യൂണിറ്റ് അടിസ്ഥാനത്തിൽ പ്രാധാന്യം കൊടുക്കണം.

അതിവർഷവും ഉയർന്ന താപനിലയുമുള്ളതിനാൽ മണ്ണിലെ കാർബൺ നിലനിറുത്തൽ ഒരു വെല്ലുവിളിയാണ്. മണ്ണുജല സംരക്ഷണത്തോടൊപ്പം മഴവെള്ള കൊയ്ത്തിനും പ്രാധാന്യം നല്കണം. ശാസ്ത്രീയ കൃഷിരീതികളുടെ ന്യൂനതയേക്കാളും എത്രയോ അധികമാണ് അതിന്റെ ഗുണങ്ങളെന്ന് അന്തർദേശീയ തലത്തിൽ നിലവാരമുള്ള പല ഗവേഷണപഠനങ്ങളും കാണിക്കുന്നു. 'കാർബൺ ന്യൂട്രൽ കൃഷി' ഇന്ന് പ്രചരിക്കുന്ന മറ്റു പല കൃഷിരീതികൾ മാത്രമാണെന്ന തെറ്റിദ്ധാരണ മാറ്റാൻ ഈ പഠനങ്ങൾ സഹായിക്കുമെന്ന് കരുതുന്നു.

( ലേഖകൻ സി.ടി.സി.ആർ.ഐയിൽ പ്രിൻസിപ്പൽ സയന്റിസ്‌റ്റും ക്രോപ് പ്രൊ‌ഡക്ഷൻ വിഭാഗം മേധാവിയുമാണ് ഫോൺ : 8547441067 )​

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CARBON NEUTRAL FARMING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.