SignIn
Kerala Kaumudi Online
Saturday, 27 April 2024 9.12 AM IST

ഉത്തർപ്രദേശിൽ യോഗിക്കും ബി ജെ പിക്കും ഇത്തവണ കാലിടറുമോ? പാർട്ടി നേതൃത്വത്തിന്റെ നെഞ്ചിടിപ്പ് കൂടാനുള്ള കാരണങ്ങൾ ഇവയാണ്

yogi

ലക്നൗ: ഉത്തർപ്രദേശിൽ നേതാക്കൾ കൂട്ടത്തോടെ പാർട്ടിവിട്ടതിന്റെ തിരിച്ചടി മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി നേതൃത്വം. ആരൊക്കെ പാർട്ടിവിട്ടുപോയാലും സംസ്ഥാനത്ത് ബി ജെ പി അധികാരം നിലനിറുത്തുമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉറപ്പ്. ഇതിൽ മോദിയടക്കമുള്ള പാർട്ടി ഉന്നതർക്കും ഉത്തമവിശ്വാസം ഉണ്ടെങ്കിലും ഒരു ഭാഗ്യപരീക്ഷണത്തിന് മുതിരേണ്ടെന്നാണ് കേന്ദ്രനേതൃത്വം യോഗിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിനായി പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പിന്തുണനേടിയെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കാനും കേന്ദ്രനേതൃത്വം യോഗിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബി ജെ പിയിൽ നിന്ന് രാജിവച്ച നേതാക്കൾ കൂട്ടത്തോടെ സമാജ് വാദി പാർട്ടിയിൽ ചേർന്നതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചത്. മാത്രമല്ല രാജിവച്ചവരിൽ പലർക്കും പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ കാര്യമായ സ്വാധീനവുമുണ്ട്. ഇതും ബി ജെ പിയെ ചെറുതല്ലാത്ത രീതിയിൽ അലട്ടുന്നുണ്ട്.

പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം ഗൊരഖ്പൂരിലെ ഒരു ദളിത് കുടുംബത്തിൽ നിന്ന് യോഗി ആദിത്യനാഥ് ഭക്ഷണം കഴിച്ചിരുന്നു. ഇത്തരം പ്രവൃത്തികൾ ദളിത്, പിന്നാക്ക വിഭാഗങ്ങളെ പാർട്ടിയോട് കൂടുതൽ അടുപ്പിക്കും എന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കെ പാർട്ടി വിട്ടവരെക്കുറിച്ച് പ്രതികരിക്കാൻ യോഗി തയ്യാറായില്ല. കുടുംബവാഴ്ചയിൽ വിശ്വസിക്കുന്നവർക്ക് ആർക്കും നീതി ഉറപ്പാക്കാൻ കഴിയില്ല എന്നായിരുന്നു യോഗിയുടെ പ്രതികരണം. അതിനിടെ ബന്ധുക്കൾക്ക് സീറ്റുനിഷേധിച്ചതിലും മറ്റും പ്രതിഷേധിച്ച് കൂടുതൽ നേതാക്കൾ ബി ജെ പി വിടാൻ ഒരുങ്ങുകയാണെന്നും കേൾക്കുന്നുണ്ട്. എന്ത് സംഭവിച്ചാലും ഇത്തരം സീറ്റുമോഹികൾക്ക് വഴങ്ങേണ്ടതില്ലെന്നാണ് പാർട്ടിയുടെ തീരുമാനം.

ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ മുതിർന്ന നേതാക്കളെ എല്ലാം മത്സര രംഗത്തിറക്കി പരമാവധി സീറ്റുകൾ നേടാനുളള ശ്രമവും ബി ജെ പി സ്വീകരിച്ചേക്കും എന്നും റിപ്പോർട്ടുണ്ട്. യോഗി ആദിത്യനാഥിനൊപ്പം കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ്മ എന്നിവരും ഇത്തവണ മത്സരിക്കും.

അതേ സമയം, ചെറിയ പാർട്ടികളെ ഉൾപ്പെടുത്തി ബി ജെ പിക്ക് എതിരെയുള്ള വിശാല സഖ്യത്തിനാണ് അഖിലേഷ് യാദവ് തയ്യാറെടുക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതിൽ അവർ ഏറക്കുറെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ബി എസ് പി മത്സര രംഗത്ത് സജീവമല്ലാത്തതിനാൽ കാലാകാലങ്ങളായി അവർക്ക് ലഭിച്ചുകൊണ്ടിരുന്ന പിന്നാക്കക്കാരെ തങ്ങൾക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലും അഖിലേഷ് വിജയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഉണ്ടായ ദളിത് പീഡനത്തിലും മറ്റും ശക്തമായ നിലപാട് എടുത്തതോടെയാണ് ഇത് വിജയത്തിലേക്കെത്തിച്ചത്. ബി ജെ പിയിൽ നിന്ന് ശക്തരായ നേതാക്കളെ അടർത്തിമാറ്റാൻ കഴിഞ്ഞതോടെ സംസ്ഥാനത്ത് ഇത്തവണ അധികാരം പിടിക്കാനാവുമെന്ന പ്രതീക്ഷയും അഖിലേഷിനുണ്ട്. കഴിഞ്ഞദിവസം നടന്ന അഭിപ്രായ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ബി ജെ പി നേരിടുന്നത് കടുത്ത മത്സരമാണെന്ന് വ്യക്തമായിരുന്നു.

ഉന്നാവോ പെൺകുട്ടിയുടെ അമ്മ ആശാ സിംഗ്, പൗരത്വ ഭേദഗതി നിയമവിരുദ്ധ സമര നായിക സദഫ് ജാഫർ തുടങ്ങിയവരെ മത്സര രംഗത്തിറക്കാനുള്ള കോൺഗ്രസിന്റെ ശ്രമവും ബി ജെ പിക്ക് തലവേദനയായിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, YOGI ADITYANATH, UP CM, LUNCH WITH DALITS, ASSEMBLY ELECTION, BJP, SP, AKHILESH YADAV, CONGRESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.