തൊണ്ണൂറുകളിൽ ഹിസ് ഹൈനസ് അബ്‌ദുള്ള റിലീസ് ചെയ്‌തത് പോലെയാണ് ഇന്ന് 'ഹൃദയം" റിലീസ് ചെയ്യുന്നതെന്ന് മോഹൻലാൽ. കഴിഞ്ഞ ദിവസം നടന്ന ഹൃദയത്തിന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി 21ന് തീയേറ്ററിലെത്തുന്ന ഹൃദയത്തിൽ ആകെ 15 ഗാനങ്ങളാണുള്ളത്. വലിയൊരു ഇടവേളയ്‌ക്ക് ശേഷം പാട്ടുകൾ ഓഡിയോ കാസെറ്റുകളായി ഇറക്കുന്ന ചിത്രമാണിത്. വിനീത് ശ്രീനിവാസൻ മോഹൻലാലിന് നൽകിയാണ് ഓഡിയോ കാസറ്റിന്റെ പ്രകാശനം നിർവഹിച്ചത്.
'90കളിൽ, സംഗീത വ്യവസായം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, ഞങ്ങൾ ഹിസ് ഹൈനസ് അബ്‌ദുള്ള റിലീസ് ചെയ്തു. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിയ സിനിമയായിരുന്നു അത്. ഇത് ധാരാളം ഓഡിയോ കാസറ്റുകൾ വിറ്റു പോകുവാൻ കാരണമായി. ആ പ്രവണത പിന്നീട് ഭരതം, കമലദളം തുടങ്ങിയ സിനിമകളിലും തുടർന്നു. ആ സിനിമകളിൽ എല്ലാം സംഗീതവും കഥയിൽ അവിഭാജ്യമായിരുന്നു.
കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാള സിനിമ പുതിയ പാതകളിലൂടെയാണ് സഞ്ചരിക്കുന്നത്. എന്നിരുന്നാലും, ഹൃദയം സംഗീതത്തിന്റെ ആ യുഗത്തെ ഒരു പുതിയ ഭാവത്തിൽ തിരികെ കൊണ്ടുവരുന്നതിൽ എനിക്ക് സന്തോഷമുണ്ട്.' മോഹൻലാൽ പറഞ്ഞു. പ്രണവ് മോഹൻലാലിനെ കൂടാതെ ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ, അജു വർഗ്ഗീസ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.