പാളിൽ നടന്ന രണ്ടാം ഏകദിനത്തിലും തോറ്റ ഇന്ത്യയ്ക്ക് പരമ്പര നഷ്ടം
പാൾ : ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പരയും ഇന്ത്യ കൈവിട്ടു. ഇന്നലെ പാളിലെ ബാളണ്ട് പാർക്കിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഏഴുവിക്കറ്റിന് ഇന്ത്യയെ കീഴടക്കിയ ദക്ഷിണാഫ്രിക്ക മൂന്ന് മത്സരപരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി.
ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നൽകിയ 288 റൺസിന്റെ ലക്ഷ്യം ഏഴുവിക്കറ്റുകളും 11 പന്തുകളും ബാക്കിനിറുത്തിയാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യആറുവിക്കറ്റ് നഷ്ടത്തിലാണ് 287 റൺസെടുത്തത്. റിഷഭ് പന്തും (85) കെ.എൽ രാഹുലും (55) നേടിയ അർദ്ധസെഞ്ച്വറികളായിരുന്നു ഇന്ത്യൻ ഇന്നിംഗ്സിന്റെ കരുത്ത്. മലാൻ (91), ഡി കോക്ക്(78), ബൗമ(35),റാസി(37*) ,മാർക്രം (37*) എന്നിവരുടെ തിരിച്ചടിയിലാണ് ഇന്ത്യ തോറ്റുപോയത്.
ഇന്ത്യയ്ക്ക് കെ.എൽ രാഹുലും ശിഖർ ധവാനും(29) ചേർന്ന് 11.4 ഓവറിൽ 63 റൺസ് കൂട്ടിച്ചേർത്ത് മാന്യമായ തുടക്കമാണ് നൽകിയത്. ധവാനെ മാർക്രം പുറത്താക്കിയതിന് പിന്നാലെ ഇറങ്ങിയ മുൻ നായകൻ വിരാട് കൊഹ്ലി അഞ്ചുപന്തുകൾ നേരിട്ട് റൺസൊന്നും നേടാനാകാതെ മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.കേശവ് മഹാരാജിന്റെ പന്തിൽ ടെംപ ബൗമയ്ക്ക് ക്യാച്ച് നൽകിയാണ് വിരാട് പുറത്തായത്. തുടർന്ന് കെ.എൽ രാഹുലും റിഷഭ് പന്തും ചേർന്ന് മൂന്നാം വിക്കറ്റിൽ 115 റൺസ് കൂട്ടിച്ചേർത്തപ്പോൾ ഇന്ത്യയ്ക്ക് 300നപ്പുറത്തേക്ക് പോകാമെന്ന് കരുതിയെങ്കിലും തെറ്റി.
കരിയറിലെ പത്താമത്തെ അർദ്ധസെഞ്ച്വറി നേടിയ രാഹുലിനെ 32-ാം ഓവറിൽ മഗാലയാണ് മടക്കി അയച്ചത്.79 പന്തുകൾ നേരിട്ട ഇന്ത്യൻ നായകൻ നാലുബൗണ്ടറികൾ പായിച്ചിരുന്നു. 71 പന്തുകളിൽ 10 ഫോറുകളും രണ്ട് സിക്സുമടക്കം 85 റൺസ് നേടിയിരുന്ന റിഷഭ് പന്തും കൂടാരം കയറിയതാണ് ഇന്ത്യൻ സ്കോറിംഗിനെ തളർത്തിയത്. തന്റെ ഏകദിന കരിയറിലെ ഏറ്റവും മികച്ച സ്കോർ നേടിയിരുന്ന റിഷഭിനെ തബാരേസ് ഷംസി മാർക്രമിന്റെ കയ്യിലെത്തിക്കുകയായിരുന്നു തുടർന്ന് ശ്രേയസ് അയ്യർ ഒരിക്കൽക്കൂടി നിരാശപ്പെടുത്തിയപ്പോൾ ശാർദ്ദൂൽ താക്കൂറും (40നോട്ടൗട്ട്) വെങ്കിടേഷ് അയ്യരും (22) രവിചന്ദ്രൻ അശ്വിനും (25നോട്ടൗട്ട്) ചേർന്നാണ് 287ലെത്തിച്ചത്.
ആതിഥേയർക്ക് ആദ്യ വിക്കറ്റ് നഷ്ടമായത് 22-ാം ഓവറിലാണ്. 66 പന്തുകളിൽ ഏഴുഫോറും മൂന്ന് സിക്സുമടക്കം 78 റൺസടിച്ച ക്വിന്റൺ ഡി കോക്ക് താക്കൂറിന്റെ പന്തിൽ എൽ.ബിയിൽ കുരുങ്ങുകയായിരുന്നു. ജാനേമൻ മലാനൊപ്പം 132 റൺസ് ഓപ്പണിംഗിൽ കൂട്ടിച്ചേർത്ത ശേഷമാണ് ഡികോക്ക് മടങ്ങിയത്.തുടർന്ന് മലാനും ബൗമയും ചേർന്ന് 82 റൺസ് കൂട്ടിച്ചേർത്തത് വിജയത്തിലേക്കുള്ള വഴി തുറന്നു.35-ാം ഓവറിൽ മലാനെ ബുംറയും അടുത്ത ഓവറിൽ ബൗമയെ ചഹലും പുറത്താക്കിയെങ്കിലും എയ്ഡൻ മാർക്രമും () റാസി വാൻഡർ ഡസനും () ചേർന്ന് ലക്ഷ്യത്തിലെത്തിച്ചു.
സ്കോർ ബോർഡ്
ഇന്ത്യ 287/6
റിഷഭ് 85,രാഹുൽ 55,താക്കൂർ 40*
ദക്ഷിണാഫ്രിക്ക
മലാൻ 91,ഡി കോക്ക് 78,ബൗമ 35,മാർക്ക്രം 30,റാസി 28