അമ്പലപ്പുഴ: അമ്പലപ്പുഴ കരൂർ കേന്ദ്രീകരിച്ച് ആളൊഴിഞ്ഞ വീട്ടിൽ വ്യാജ മദ്യ നിർമ്മാണം നടത്തിയ സംഘത്തിലെ പ്രധാന പ്രതികൾ അറസ്റ്റിലായി.അമ്പലപ്പുഴ കരൂർ രോഹിണി നിവാസിൽ ശ്രീകുമാറിന്റെ മകൻ ശ്രീരാജ് (29), പുന്നപ്ര വടക്കു പഞ്ചായത്ത് ഒമ്പതാം വാർഡിൽ പുത്തൻചിറയിൽ പി.എ.ഷിബു (44) എന്നിവരെയാണ് തമിഴ്നാട് പൊള്ളാച്ചിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്ത്. ഇതേ കേസിൽ മനോജ്,രാഹുൽ എന്നിവരെ നേരത്തേ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവർ തമിഴ്നാട്ടിൽ നിന്നു ലോക്ക് ഡൗൺ സമയം മുതൽ കാലിത്തീറ്റ ഇറക്കുമതിയുടെ മറവിൽ സ്പിരിറ്റ് എത്തിച്ച് വ്യാജമായി മദ്യം നിർമ്മിക്കുകയായിരുന്നു. കേരളത്തിൽ ആവശ്യക്കാർ കൂടുതൽ ഉള്ള "ഡാഡി വിത്സൻ റം, എം.സി. ബ്രാണ്ടി എന്നിവയായിരുന്നു നിർമ്മിച്ചിരുന്നത്. നിർമ്മിച്ച മദ്യം ബോട്ടിലുകളിൽ നിറച്ച് ലേബൽ ചെയ്യാൻ ആവശ്യമായ സ്റ്റിക്കർ, ഹോളോഗ്രാം, കുപ്പികൾ എന്നിവ തമിഴ്നാട്ടിൽ നിന്നു ഇടനിലക്കാർ മുഖേനയാണ് ഇറക്കുമതി ചെയ്തത്. നിർമ്മിച്ചു കുപ്പിയിലാക്കിയ മദ്യം ചെറുകിട കച്ചവടക്കാർ മുഖേന ജില്ലക്ക് പുറത്തും ,ജില്ലയിലെ വിവിധ സ്ഥലങ്ങളിലും കച്ചവടം നടത്തിയിരുന്നതായി പ്രതികൾ പോലീസിനെ അറിയിച്ചു. എസ്.പി. ജയദേവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, അമ്പലപ്പുഴ ഡിവൈ.എസ്.പി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ ഇൻസ്‌പെക്ടർ എസ്. ദ്വിജേഷ്, എ.എസ്.ഐ സജിമോൻ , ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സി.പി.ഒ എബി തോമസ്, ഹരികൃഷ്ണൻ, ടോണി വർഗീസ്, വിനിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട്ടിലെ സ്പിരിറ്റ് മൊത്തക്കച്ചവട സംഘത്തെ ഇനിയും അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.