ടറൗബ: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ക്വാർട്ടറിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ഈമാസം 29 നാണ് ക്വാർട്ടർ പോരാട്ടം. കഴിഞ്ഞ ദിവസം ഗ്രൂപ്പ് ബിയിലെ തങ്ങളുടെ അവസാന മത്സരത്തിൽ ഉഗാണ്ടയ്ക്കെതിരെ 326 റൺസിന്റെ റെക്കാഡ് ജയം നേടി ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് ഇന്ത്യ ക്വാർട്ടറിൽ എത്തിയത്. അണ്ടർ 19 ലോകകപ്പ് ചരിത്രത്തിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്. ക്യാപ്ടനടക്കം ആറ് പേർക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ടീമിൽ ബാക്കിയുള്ല 11 പരെ ഉൾപ്പെടുത്തി കളത്തിലിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 405 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഉഗാണ്ട 19.4 ഓവറിൽ 79 റൺസിന് ഓൾഔട്ടാവുകയായിരുന്നു. സെഞ്ച്വറി നേടിയ രാജ് ഭവയും (പുറത്താകാതെ 108 പന്തിൽ 106), അഗ്രിഷ് രഘുവംശിയുമാണ് (144) ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 29 ആകുമ്പോഴേക്ക് കൊവിഡിൽ നിന്ന് മുക്തനായി സ്ഥിരം ക്യാപ്ടൻ യഷ് ദുള്ളിനുൾപ്പെടെ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷ. ഗ്രൂപ്പ് എയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ബംഗ്ലാദേശ് ക്വാർട്ടറിൽ എത്തിയത്.