തിരുവല്ല: ഇടിഞ്ഞില്ലത്ത് പെട്രോൾ പമ്പ് ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ ജീവനക്കാർ ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. നിരേറ്റുപുറം ചക്കുളം മുക്കാട്ടിൽ വീട്ടിൽ ശ്രീലാൽ (31) ആണ് പിടിയിലായത്. പമ്പ് ജീവനക്കാരനായ വേങ്ങൽ സ്വദേശി അഖിൽ രാജി (31) നാണ് കുത്തേറ്റത്. ഇടിഞ്ഞില്ലം മണലാടി ഫ്യൂവൽസിൽ തിങ്കളാഴ്ച രാത്രി 11.30നായിരുന്നു സംഭവം. കുപ്പിയിൽ പെട്രോൾ നൽകാതിരുന്നതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്. ജീവനക്കാരനുമായി കലഹിച്ച ശ്രീലാൽ പമ്പിന് പുറത്തുപോയി വാഹനത്തിൽ കരുതിയിരുന്ന കത്തിയെടുത്തു വന്ന് കുത്തുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഖിലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടത്വ, ചങ്ങനാശേരി, തൃക്കൊടിത്താനം, ചെങ്ങന്നൂർ സ്റ്റേഷനുകളിലായി ശ്രീലാലിനെതിരെ പത്തോളം ക്രിമിനൽ കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |