പുതുവർഷം പിറന്നപ്പോൾ ആദ്യം കയ്യിലെത്തിയ ഒരു പുസ്തകം ഇനിയും ഞാൻ താഴെ വെച്ചിട്ടില്ല. പ്രിയമിത്രം വി.ആർ. സുധീഷിന്റെ 'മിഠായിത്തെരുവ്" തികച്ചും അവിചാരിതമായാണ് തിരുവനന്തപുരം ഡി.സി. ബുക്സിലെ മാനേജർ ബാബുവിന്റെ മേശപ്പുറത്തെ പുസ്തക അടുക്കുകളിൽ നിന്ന് ജനുവരി ഒന്നിലെ സായാഹ്നത്തിൽ ഞാൻ കണ്ടെടുത്തത്. കഴിഞ്ഞവർഷം ആഗസ്റ്റിൽ ഡി.സി. പുറത്തിറക്കിയ പുസ്തകത്തിന്റെ മൂന്നുമാസങ്ങൾക്കിടയിലെ മൂന്നാം പതിപ്പാണിത്. 'ഓർമകളുടെ കോഴിക്കോടൻ ആൽബം" എന്ന് മുഖചിത്രത്തിലും 'വി.ആർ. സുധീഷിന്റെ ഏറ്റവും പുതിയ പുസ്തകം" എന്ന് പിൻകവറിലും രേഖപ്പെടുത്തിയ 'മിഠായിത്തെരുവ്" എന്നെ ഒരുപാട് വിസ്മയങ്ങളിലേക്കാണ് കൊണ്ടുപൊയ്ക്കൊണ്ടിരിക്കുന്നത്. ജനുവരിയിലെ എന്റെ യാത്രകളിലത്രയും ഈ ഓർമപ്പുസ്തകവും എന്നോടൊപ്പം സഞ്ചരിക്കുന്നുണ്ടായിരുന്നു... എളുപ്പം വായിച്ചു തീരരുതേ എന്ന പ്രാർത്ഥനയോടെ, കൊച്ചുകുട്ടികൾ മിഠായി പതുക്കെപ്പതുക്കെ നൊട്ടിനുണയും പോലെ, ഞാൻ ഓരോ അദ്ധ്യായങ്ങളായി വായിച്ചുകൊണ്ടിരുന്നു. പലതും വീണ്ടും വീണ്ടും വായിച്ചു. സുധീഷിന്റെ ഓർമകൾക്കൊപ്പം ഞാനും ആ വഴികളിലൂടെ നടന്നു...
'സ്വീറ്റ് മീറ്റ് സ്ട്രീറ്റ്" എന്ന് സായ്പ്പ് ഓമനപ്പേരിട്ട് വിളിച്ച 'എസ്.എം. സ്ട്രീറ്റ്" അഥവാ കോഴിക്കോട്ടെ മിഠായിത്തെരുവ് ഈ ഓർമപ്പുസ്തകത്തിലെ ജീവസ്സുറ്റ ഒരു കഥാപാത്രമാണ്. എന്നാൽ മിഠായിത്തെരുവിനെ ചുറ്റിപ്പറ്റി മാത്രമല്ല സുധീഷ് നമ്മോടു പറയുന്നത്, മിഠായി പോലെ മധുരമുള്ള അനുഭവങ്ങളെക്കുറിച്ചുമാണ്. ഈ പുസ്തകത്തിന് രണ്ടുഭാഗങ്ങളുണ്ട്. നാലഞ്ചുവയസ്സുള്ളപ്പോൾ മുതൽ താൻ വന്നുകണ്ട കോഴിക്കോടിനെക്കുറിച്ചുള്ള 'പ്രപഞ്ചത്തിൽ ഒരിടം" മുതൽ ഒരു വാലന്റൈൻ ദിനത്തിൽ ആദ്യമായി കണ്ട പെൺകുട്ടിയെക്കുറിച്ചുള്ള 'മിഠായിത്തെരുവിന്റെ കൂട്ടുകാരി" വരെയുള്ള 17 അദ്ധ്യായങ്ങളാണ് ആദ്യ ഭാഗത്ത്. രണ്ടാം ഭാഗത്തിൽ വ്യക്തിപരമായ ഓർമകളുടേയും അനുഭവങ്ങളുടേയും കിനാവുകളുടേയും 20 ചെറുകുറിപ്പുകളും. ഈ പുസ്തകത്തിലാകെ സംഗീതവും സാഹിത്യവും പ്രണയവും മധുവും മധുരവും എല്ലാം നിറയുന്നു. സുധീഷ് തന്നെ ഒരിടത്ത് കുറിച്ചതുപോലെ 'മദിരയും മധുരവും നൽകുന്ന തെരുവ്'! അവിടെ സാക്ഷികളായി ബഷീറും തിക്കോടിയനും പൊറ്റക്കാടും എം.ടി.യും അഴീക്കോടും അയ്യപ്പനും നെല്ലിക്കോടനും മാമുക്കോയയും ബാബുരാജ് മുതൽ പുത്തഞ്ചേരി വരെയുള്ള സംഗീതക്കാരും സ്നേഹപ്പുഞ്ചിരിയോടെ നിൽക്കുന്നത് നമ്മളറിയുന്നു. അവർ നമ്മോട് കുശലം പറയുന്നുണ്ട്. നമ്മളും പലതും പറയുന്നുണ്ട്...
രണ്ട്
നിങ്ങൾ കോഴിക്കോട് എന്ന അത്ഭുതപുരാതന നഗരിയിലേക്ക് ഒരിക്കൽപ്പോലും വന്നിട്ടില്ലാത്തവരാണെങ്കിലും ഈ പുസ്തകം പലതും ഓർമിപ്പിക്കും. അപ്പോൾ പിന്നെ, സുധീഷിനെപ്പോലെ മൂന്നുനാലു വയസ്സുള്ളപ്പോൾ കോഴിക്കോട് കാണാൻ അച്ഛന്റെ വിരൽത്തുമ്പിൽ തൂങ്ങി വന്ന എന്റെ കാര്യം പറയാനുമില്ലല്ലോ...! അച്ഛനമ്മമാർക്കും കുഞ്ഞുപെങ്ങൾക്കുമൊപ്പം ഞാൻ വിസ്മയാധീനനായിരിക്കുന്ന ഒരു പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ ഇന്നുമുണ്ട് ആൽബത്തിൽ. അച്ഛനന്ന് വയനാട്ടിലായിരുന്നു ജോലി. തുണി വാങ്ങാനും പടം പിടിക്കാനും സിനിമാപ്പടങ്ങൾ കാണാനും വന്നെത്തുന്ന ഏറ്റവുമടുത്ത നഗരം. ആദ്യമായി മിഠായിത്തെരുവിലൂടെ നടന്നതും ചുവപ്പും മഞ്ഞയും നിറമുള്ള അലുവ മുറിച്ചുവാങ്ങിച്ചതും നല്ല ഓർമയുണ്ട്. ആ അലുവയാണ് സായിപ്പിന്റെ 'സ്വീറ്റ് മീറ്റ്" എന്ന് അന്നൊന്നുമറിയില്ലായിരുന്നു...! കോളേജ് ക്ലാസിലെത്തിയപ്പോൾ, ആകാശവാണിയിൽ കഥ വായിക്കാൻ വേണ്ടിയാണ് പയ്യന്നൂരിൽ നിന്നുള്ള കോഴിക്കോടൻ തീവണ്ടി യാത്രകൾ.
സുധീഷിനെപ്പോലെത്തന്നെ ഞാനും തിക്കോടിയനേയും കക്കാടിനേയും കെ.ടി.യേയും എം.ടി.യേയും എൻ.പി.യേയും കുഞ്ഞുണ്ണിമാഷേയും ആദ്യം കണ്ട നഗരമാണ് കോഴിക്കോട്. എസ്.കെ. പൊറ്റക്കാടിനെ കാണാൻ കഴിഞ്ഞില്ല. ഞാൻ കോഴിക്കോട് സ്ഥിരമായി വന്നു തുടങ്ങിയ എൺപതുകളിലെ ആദ്യ പകുതിയാവുമ്പോഴേയ്ക്കും, 1982 ആഗസ്റ്റ് 6-ന്, അദ്ദേഹം മടങ്ങിപ്പോയി. ആ ഓർമയുടെ നാൽപ്പതാം വർഷമാണിതെങ്കിലും മിഠായിത്തെരുവിൽ നമ്മെ നോക്കി ഗൗരവപ്പുഞ്ചിരി ചിരിച്ചുകൊണ്ട് എസ്.കെ.യുണ്ട്. ജീവൻ തോമസ് എന്ന ശില്പിയാണ് ജീവനുള്ള ആ പ്രതിമ അവിടെ പ്രതിഷ്ഠിച്ചത്. താൻ അനശ്വരമാക്കിയ തെരുവിനെ നോക്കി എസ്.കെ. അങ്ങനെ, സാകൂതം...!
മഹാറാണിയും പഞ്ചവടിയും പോലെ അളകാപുരി ഓർമകളും സുധീഷ് പങ്കുവക്കുന്നുണ്ട്. 'മധുശാലയ്ക്ക് കൂപ്പുകൈ" എന്ന നാലാം അദ്ധ്യായം തുടങ്ങുന്നതുതന്നെ അളകാപുരി എന്ന കോഴിക്കോടൻ നൊസ്റ്റാൾജിയയുടെ 'കൈകൂപ്പൽ" ആതിഥ്യത്തെ ഓർമ്മിപ്പിച്ചുകൊണ്ടാണ്. 'വീടു വിട്ടാൽ മറ്റൊരു വീട്" അതാണ് സുധീഷിന് അളകാപുരി. അവിടുത്തെ മദ്യശാലയിലെ 'സുധീഷ് മൂല" എന്ന സ്വകാര്യയിടത്തേയും അവിടെ താൻ അഭിമുഖീകരിച്ച സ്നേഹവാന്മാരേയും സുധീഷ് ഓർക്കുന്നുണ്ട്... എന്നാൽ അളകാപുരി എനിക്ക് എന്റെ ജീവിതയാത്ര തിരിച്ചുവിട്ട ഒരിടമാണ്. 1985 ഫെബ്രുവരിയിലൊരു ദിവസം അവിടെ വച്ചാണ് സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന്റെ അഭിമുഖത്തിന് ഞാനെത്തുന്നത്. ബയോഡാറ്റയിൽ 'ഇഷ്ട" ത്തിന്റെ കോളത്തിൽ 'സാഹിത്യം" എന്ന് എഴുതിയതിനാൽ സരസനായ ഒരു പാനൽ മെമ്പർ സുകുമാർ അഴീക്കോട് എഴുതിയ നോവലിനെക്കുറിച്ച് ചോദിച്ചു: ആദ്യമൊന്നന്ധാളിച്ചെങ്കിലും 'വേണമെങ്കിൽ തത്വമസിയെ നോവലായും വായിക്കാം" എന്ന് ചിരിച്ചുകൊണ്ട് ഞാനുത്തരം പറഞ്ഞു! അനുബന്ധമായി അഴീക്കോട് മാഷുടെ എനിക്കിഷ്ടമായ സാഗരഗർജനങ്ങളെക്കുറിച്ചും. പതിനഞ്ചുമിനിറ്റ് നീണ്ട ഇന്റർവ്യൂ മുഴുവൻ അങ്ങനെ 'അഴീക്കോട് മയ" മായി. റാങ്ക് ലിസ്റ്റിൽ ഞാൻ ഒന്നാമതെത്തുകയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ സപ്തംബർ 20 ന് ഉദ്യോഗസ്ഥനാവുകയും ചെയ്തു...! അളകാപുരിയിൽ പിന്നീടും ചെല്ലുമ്പോഴൊക്കെ രസകരമായ ആ അഭിമുഖപ്രഭാതം ഓർക്കും. അഴീക്കോട് മാഷെ ഓർക്കും...
മൂന്ന്
മിഠായിത്തെരുവിലേക്ക് തിരിച്ചുവരാം. അലുവക്കടകൾ നിറഞ്ഞ, സുധീഷ് പറയും പോലെ 'ആൾക്കൂട്ടത്തിൽ ഒളിച്ച് പ്രണയം പങ്കുവച്ച" പഴയ തെരുവല്ല ഇന്നത്. അറുപതു കൊല്ലം മുമ്പുള്ള തെരുവിനേയും അവിടത്തെ വ്യത്യസ്ത മനുഷ്യരേയും എസ്.കെ. പൊറ്റക്കാട് ചൂണ്ടിക്കാണിച്ചുതന്ന 'ഒരു തെരുവിന്റെ കഥ" യുടെ ചിത്രരൂപങ്ങളാൽ ചുവരുകൾ വ്യതിരിക്തമാണിന്ന്. എസ്.കെ. പ്രതിമയ്ക്കു ചുറ്റുമായി മിഠായിത്തെരുവിന്റെ 'സൗന്ദര്യവത്കരണം" നടത്തിയത് 2017-ലാണ്... 2018 ജനുവരിയിൽ ഡി.സി. ബുക്സിന്റെ 'കേരള ലിറ്റററി ഫെസ്റ്റി'ൽ പങ്കെടുക്കാൻ കോഴിക്കോട് ചെന്നപ്പോൾ കൂടെ മകൾ വർഷയുമുണ്ടായിരുന്നു. അവളെ ആദ്യമായി മിഠായിത്തെരുവ് കാണിക്കാൻ ഞാൻ കൊണ്ടുപോയി. എസ്.കെ. യുടെ 'തെരുവ് ചിത്രങ്ങൾ" സിമന്റ് റിലീഫായി ചെയ്ത കെ.യു. കൃഷ്ണകുമാർ എന്ന ശില്പിയെ അവിടെ വെച്ചു പരിചയപ്പെട്ടു. അദ്ദേഹം കൂടെ നിന്ന് ഫോട്ടോകളെടുത്തു. ആ സൗഹൃദം വളർന്നു. ഗുരുവായൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മ്യൂറൽ ആർട്ട്സിന്റെ പ്രിൻസിപ്പളായ കൃഷ്ണകുമാറാണ്, പിന്നീട് സെപ്തംബറിൽ ഗുരുവായൂരമ്പലത്തിൽ വെച്ചുനടന്ന വർഷയുടെ വിവാഹം അവിടുത്തെ മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്യുമ്പോൾ പ്രധാന സാക്ഷിയായി ഒപ്പുവെച്ചത്...
നാല്
വീണ്ടുമൊരു വാലന്റൈൻ ദിനത്തിന് തൊട്ടുമുന്നിലാണ് നമ്മളിപ്പോൾ... പഴയ ഒരു വാലന്റൈൻ ഓർമ്മയാണ് സുധീഷ് 'മിഠായിത്തെരുവിന്റെ കൂട്ടുകാരി" യിൽ പങ്കുവയ്ക്കുന്നത്. സൂര്യകാന്തി എന്ന പറവൂരുകാരിയായ കൂട്ടുകാരി മെൽബണിൽ സോഷ്യൽവർക്കറാണ്. 'കഥേ" എന്നാണ് അവൾ സുധീഷിനെ വിളിക്കുക... അവൾക്ക് ആദ്യമായി മിഠായിത്തെരുവും മാനാഞ്ചിറയും പൊറ്റക്കാട് പ്രതിമയും സുധീഷ് കാണിച്ചു കൊടുത്തത് ഒരു വാലന്റൈൻ ദിനത്തിലാണ്. സുധീഷ് എഴുതിയ ഒരു ഭാഗം ഇങ്ങനെ:
'ഏതാണ് കഥയുടെ ഇന്നത്തെ വാലന്റൈൻ ഗാനം?" അവൾ ചോദിച്ചു.
ഞാൻ പാടി: 'മാനസേശ്വരീ മാപ്പു തരൂ..."
'അതെന്താ അങ്ങനെയൊരു പാട്ട്?"
'ജന്മജന്മാന്തരങ്ങളിലൂടെ
രണ്ട് സ്വപ്നാടകരെപ്പോലെ
കണ്ടുമുട്ടിയ നിമിഷങ്ങൾക്കെ-
ന്താത്മനിർവൃതിയായിരുന്നു...."
സുധീഷും സൂര്യകാന്തിയും പിന്നേയും ആ മധുരത്തെരുവിൽ സോല്ലാസം പാട്ടു പാടിയും കഥ പറഞ്ഞും അലയുകയാണ്.
പ്രിയരേ, ആ കാഴ്ചകൾ ഹൃദയത്തിൽ തൊട്ടറിയണമെങ്കിൽ, വരൂ, 'മിഠായിത്തെരുവ്" എന്ന ഓർമപ്പുസ്തകം കയ്യിലെടുക്കൂ...
(സതീഷ്ബാബു പയ്യന്നൂർ:98470 60343)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |