ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവനായ മസൂദ് അസറിനെ ആഗോള ഭീകരനായി യു.എൻ പ്രഖ്യാപിച്ചതോടെ അസറിന്റെയും ജയ്ഷെ മുഹമ്മദിന്റെയും പ്രവർത്തനങ്ങൾക്ക് ഇനി ചങ്ങല വീഴും. ഇതുസംബന്ധിച്ച യു.എൻ രക്ഷാസമിതിയുടെ വ്യവസ്ഥകൾ ഉടൻ നടപ്പാക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചിരുന്നു. ഇതിന്റെ ആദ്യപടിയായി മസൂദ് അസറിന് യാത്രാ വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് പാകിസ്ഥാൻ ഉത്തരവിട്ടു. മസൂദിന്റെ പേരിലുള്ള എല്ലാ സാമ്പത്തിക സ്രോതസുകളും മരവിപ്പിച്ചതായും പാക് സർക്കാർ അറിയിച്ചു.
റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസറിനെ പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാക് സേന ഇസ്ളാമാബാദിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ഷെയ്ഖുപുര സെമിനാരിയിലേക്ക് മാറ്റിയിരുന്നു. ബലാക്കോട്ടിൽ ഇന്ത്യൻ സേന നടത്തിയ വ്യോമാക്രമണത്തിന് ശേഷം പല കേന്ദ്രങ്ങളിലായാണ് ഇയാളെ പാർപ്പിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. മുഴുവൻ സമയവും പത്ത് പാക് സ്‌പെഷ്യൽ സർവീസ് കമാൻഡോകളുടെ സംരക്ഷണത്തിലാണ് അസർ. വൃക്ക രോഗിയായ ഇയാൾക്ക് അധികം യാത്ര ചെയ്യാനുള്ള ആരോഗ്യമില്ല. നിയന്ത്രണം മറികടക്കാനായി അസർ സംഘടനയുടെ പേര് മാറ്റാൻ സാദ്ധ്യതയുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.
കഴിഞ്ഞ 10വർഷമായി ആഗോള ഭീകരരുടെ പട്ടികയിൽ മസൂദ് അസറിനെ ഉൾപ്പെടുത്താൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. യു.കെയും, ബ്രിട്ടനും യു.എസ്സും ഉൾപ്പെട്ട രാജ്യങ്ങൾ അസറിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് യു.എന്നിൽ പ്രമേയം അവതരിപ്പിച്ചപ്പോൾ വീറ്റോ അധികാരം ഉപയോഗിച്ച് ചൈന എതിർപ്പ് പ്രകടിപ്പിച്ചരുന്നു. ഇപ്പോൾ ചൈന ഇതിൽ നിന്ന് പിന്മാറിയതോടെയാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ സാധിച്ചത് ഇന്ത്യയുടെ വിജയമാണെന്നും. നയതന്ത്രതലത്തിൽ ഇത് പാകിസ്ഥാന് വൻ തിരിച്ചടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |