SignIn
Kerala Kaumudi Online
Friday, 26 April 2024 3.41 PM IST

അച്ഛന്റെയും അമ്മയുടെയും കാൽതൊട്ട് വന്ദിച്ച് കളക്‌ടർ കസേരയിൽ

s

പാതിരാവിലും സ്ത്രീസുരക്ഷ ഉറപ്പാകുന്ന സമൂഹമാണ് സ്വപ്‌നം

ആലപ്പുഴ : സമയം ഇന്നലെ രാവിലെ 10.20. ഡോ.രേണു രാജ് അച്‌ഛൻ രാജകുമാരൻ നായരുടെയും അമ്മ വി.എം.ലതയുടെയും കാൽതൊട്ട് വന്ദിച്ച് ജില്ലാ കളക്‌ടറുടെ ചേംബറിലേക്ക് കടന്നു. കാത്തു നിന്നവരെ കൈകൂപ്പി വണങ്ങി കസേരയിൽ ഇരിക്കുമ്പോൾ ഡോ. രേണു രാജിന്റെ മനസു നിറയെ കളക്‌ടർ എന്ന സ്വപ്‌നം പൂവണിഞ്ഞതിന്റെ സംതൃപ്‌തി.

ജനസേവനത്തിനായി ഡോക്‌ടർ കുപ്പായം അഴിച്ചുവച്ചപ്പോൾ മനസിൽ കുടിയേറിയതാണ് കളക്‌ടറാകണമെന്ന സ്വപ്‌നം. ജില്ലയുടെ 53 ാമത്തെ കളക്‌ടറായി രേണു രാജ് ചുമതലയേറ്റപ്പോൾ എന്നും താങ്ങും തണലുമായി നിന്ന മാതാപിതാക്കളും സഹോദരി ഡോ. രമ്യാ രാജും ആ നിമിഷങ്ങൾക്ക് സാക്ഷിയായി. എറണാകുളം അസി. കളക്‌ടർ, തൃശൂർ, ദേവികുളം സബ് കളക്‌ടർ, കേന്ദ്ര പട്ടികവർഗ മന്ത്രാലയം അസി.സെക്രട്ടറി, ചീഫ് സെക്രട്ടറിയുടെ സ്‌റ്റാഫ് ഓഫീസർ, നഗരകാര്യവകുപ്പ് ഡയറക്‌ടർ തുടങ്ങി പദവികൾക്ക് ശേഷമാണ് കളക്‌ടറായുള്ള ആദ്യ ചുമതല. 2015 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയായ രേണാ രാജ് ചങ്ങനാശേരി മലകുന്നം സ്വദേശിനിയാണ്. ജില്ലയുടെ ആരോഗ്യ രംഗത്തും, വിനോദ സഞ്ചാര മേഖലയിലുമടക്കം ഇടപെടലുകൾ നടത്തുന്നതിനും, സ്ത്രീ സുരക്ഷയ്‌ക്ക് മുൻഗണന നൽകുന്നതിനുമുള്ള ആശയങ്ങളും സ്വപ്നങ്ങളും പങ്കുവയ്ക്കുകയാണ് ഡോ.രേണു രാജ്.

? ആലപ്പുഴയുമായി മുൻ ബന്ധം

ആലപ്പുഴ ഏറെ പരിചിതമായ ജില്ലയാണ്. ഔദ്യോഗികമായി ആദ്യമാണെങ്കിലും, മുമ്പ് പല തവണ ആലപ്പുഴയിലെത്തിയിട്ടുണ്ട്. സ്ഥലങ്ങളെല്ലാം അറിയാം. ബന്ധുക്കളുമുണ്ട് ഇവിടെ. അനുജത്തി ഡോ.രമ്യ രണ്ട് മാസമായി ആലപ്പുഴ മെഡിക്കൽ കോളേജിലാണ് പ്രാക്ടീസ് ചെയ്യുന്നത്. ഇനി കൂടുതൽ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ സാധാരണക്കാരിലെത്തിക്കുന്ന പാതയായി പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

? ആലപ്പുഴയിൽ ചെയ്യാൻ ഉദ്ദേശിക്കുന്നത്

വികസനത്തിനായി നിലവിൽ നടക്കുന്ന പദ്ധതികളെക്കുറിച്ച് കൂടുതൽ മനസിലാക്കേണ്ടതുണ്ട്. ഇന്ന് ആലപ്പുഴയെ ലോകപ്രശസ്തമാക്കുന്നത് വിനോദ സഞ്ചാര മേഖലയാണ്. കൊവിഡ് കാലത്ത് ആകെയുണ്ടായ മാന്ദ്യത്തിന്റെ പ്രതിഫലനം വിനോദ സഞ്ചാരത്തെയും ബാധിച്ചു. നിലവിലുള്ള സൗകര്യങ്ങൾ നവീകരിച്ചുവരികയാണ്. ഇതിന് വേണ്ട പിന്തുണ നൽകും. കനാൽ പുനരുദ്ധാരണം പോലെ നിലവിൽ നടന്നു വരുന്ന വികസന പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തും. എല്ലാ പ്രവൃത്തികളെയും കുറിച്ച് വിശദമായി മനസിലാക്കിയ ശേഷമേ, ഇനി എന്താണ് ആവശ്യമെന്ന് മനസിലാക്കാനും, അതിനനുസരിച്ച് പദ്ധതികൾ വിഭാവനം ചെയ്യാനും സാധിക്കൂ.

? ഡോക്ടറെന്ന നിലയിൽ ആലപ്പുഴയുടെ ആരോഗ്യ സംരക്ഷണം

ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള പ്രദേശമാണ് ആലപ്പുഴ. തീരദേശ മേഖലയും കാർഷിക മേഖലയും അഭിമുഖമായി നിൽക്കുന്നു. ജില്ല ചെറുതാണെങ്കിലും, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ്. പല ഘട്ടത്തിലും പകർച്ചവ്യാധി വ്യാപനം ആലപ്പുഴയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ആരോഗ്യ രംഗത്ത് മികച്ച ഇടപെടലുകൾ നടത്താനാവുമെന്നാണ് കരുതുന്നത്. ആവശ്യത്തിന് പൊതുശൗചാലയങ്ങൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയും ആരോഗ്യമുള്ള ജനതയ്ക്ക് അനിവാര്യമാണ്.

? ഒരേസമയം കേരളത്തിന് 10 വനിതാ ജില്ലാകളക്ടർമാർ. അവരിൽ ഒരാളാകുമ്പോൾ എന്തുതോന്നുന്നു

ഏറെ സന്തോഷവും അഭിമാനവുമുണ്ട്. എല്ലാ വിഭാഗം തൊഴിൽ മേഖലകളിലും 50 ശതമാനത്തിലധികം വനിതകളാണ്. ലിംഗ സമത്വം ഉറപ്പാക്കാൻ പല ആശയങ്ങൾ മുന്നോട്ട് വരുന്നുണ്ടെങ്കിലും സമൂഹത്തിലെ എല്ലാ തട്ടിലും അത് പ്രാവർത്തികമാക്കപ്പെട്ടിട്ടില്ല. രാത്രി 12 മണിക്ക് ശേഷം ചൂളം വിളിയോ, ശല്യങ്ങളോയില്ലാതെ എല്ലാ സ്ത്രീകൾക്കും പുറത്തിറങ്ങാൻ കഴിയുന്ന നിലയിലേക്ക് സമൂഹം മാറണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.