SignIn
Kerala Kaumudi Online
Thursday, 19 September 2024 4.47 AM IST

കുഞ്ഞിനൊപ്പം പിറക്കുന്ന ഉത്‌‌‌‌കണ്ഠകൾ

Increase Font Size Decrease Font Size Print Page

postpartom

ഒരു കുഞ്ഞ് പിറക്കുന്നതോടെ ചില ഉത്കണ്‌ഠകളും പിറക്കുകയാണ്. ഇത് രക്ഷിതാക്കളിലും കുടുംബാന്തരീക്ഷത്തിലും പലതരം വൈതരണികൾ സൃഷ്‌ടിക്കുന്നു. പ്രശ്നത്തെ ഉചിതമായി കൈകാര്യം ചെയ്യാതിരിക്കുന്നത് ആത്മഹത്യകളിലേക്കും കുടുംബത്തകർച്ചകളിലേക്കും നയിക്കാം. ' കുഞ്ഞിന്റെ ജനനം" അമ്മയിൽ ആവേശം, സന്തോഷം, ഭയം, ഉത്കണ്ഠ എന്നീ സമ്മിശ്രവികാരങ്ങൾ സൃഷ്‌ടിക്കും. 'വിഷാദം" എന്ന് വിളിക്കപ്പെടുന്ന പോസ്റ്റ്‌‌പാർട്ടം ഡിപ്രഷൻ (പി.പി.ഡി), അമ്മമാരിൽ മാത്രമല്ല അച്ഛന്മാരിലുമുണ്ടാകാം.

എന്താണ് പോസ്‌റ്റ്‌പാർട്ടം ഡിപ്രഷൻ ?

പ്രസവവുമായി ബന്ധപ്പെട്ട മാനസികാവസ്ഥയാണിത്. മിക്ക അമ്മമാർക്കും പ്രസവശേഷം 'പോസ്റ്റ്‌പാർട്ടം" അല്ലെങ്കിൽ 'ബേബി ബ്ളൂസ്" അനുഭവപ്പെടുന്നു. മാനസികാവസ്ഥയിലുള്ള മാറ്റം, കരച്ചിൽ, ഉത്‌കണ്ഠ, ഉറങ്ങാനുള്ള ബുദ്ധിമുട്ട് എന്നിവ കുഞ്ഞ് ജനിച്ച് ആദ്യത്തെ 2-3 ദിവസത്തിനുള്ളിൽ ആരംഭിക്കുകയും രണ്ടാഴ്ച വരെ നീളുകയും ചെയ്യും. അമ്മമാരെപ്പോലെ, അച്ഛന്മാർക്കും ക്ഷീണവും സമ്മർദ്ദവും നേരിടാം. എന്നിരുന്നാലും മറ്റ് കുടുംബാംഗങ്ങളുടെ പിന്തുണയും സഹായവും കൊണ്ട് ഇത്തരത്തിലുള്ള മാനസികാവസ്ഥ പെട്ടെന്ന് മാറും.

തീവ്രദുഃഖം, കഠിനമായ ക്ഷീണം, ഉത്‌കണ്ഠ, കരച്ചിൽ, ക്ഷോഭം, ഉറക്കത്തിലോ ഭക്ഷണക്രമത്തിലോ ഉള്ള മാറ്റങ്ങൾ എന്നിവയും ലക്ഷണങ്ങളാണ്.

പോസ്റ്റ്പാർട്ടം ഡിപ്രഷൻ അപകടകരമായ മനോനിലയിലേക്കു നയിക്കപ്പെട്ടാൽ കുഞ്ഞിനും മാതാപിതാക്കൾക്കും ജീവഹാനിവരെ സംഭവിക്കാം. ചിലപ്പോൾ അമ്മമാരിൽ, 'പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ" എന്നത് 'പോസ്റ്റ്‌പാർട്ടം" ആയി തെറ്റിദ്ധരിക്കപ്പെടാനിടയുണ്ട്. രോഗാവസ്ഥയിലൂടെ കുഞ്ഞിനെ പരിപാലിക്കാനും ദൈനംദിന ജോലികൾ കൈകാര്യം ചെയ്യാനും അമ്മയ്ക്ക് കഴിയാതെയും വന്നേക്കാം.

ചില സ്‌ത്രീകളിൽ, പ്രസവാനന്തര വിഷാദം ഗർഭാവസ്ഥയിൽത്തന്നെ ആരംഭിക്കുകയും കൂടുതൽ കാലം നീളുകയും ചെയ്യും. രോഗലക്ഷണങ്ങൾ ഓരോ ദിവസവും ഓരോ വ്യക്തിയിലും വ്യത്യാസപ്പെടുന്നു.

സാധാരണ ലക്ഷണങ്ങൾ

 കാരണമറിയാതെ കരയുക.

 അധിക ഉറക്കം,​ ഉറക്കമില്ലായ്‌മ

 എല്ലാറ്റിൽ നിന്നും അകന്നുനിൽക്കുക.

 കുട്ടിയെ പരിപാലിക്കാൻ കഴിയാത്തതിൽ കുറ്റബോധം തോന്നുക.

 പെട്ടെന്നുള്ള മൂഡ് സ്വിംഗ്

 തങ്ങളെത്തന്നെയും കുഞ്ഞിനെപ്പോലും ഉപദ്രവിക്കുന്നതിനെപ്പറ്റിയുള്ള ചിന്ത.

പ്രധാനമായ കാരണങ്ങൾ

 പ്രസവത്തെത്തുടർന്ന് ഹോർമോൺ മാറ്റങ്ങൾ

 പ്രസവ സങ്കീർണതകൾ

 സാമ്പത്തികപ്രശ്നം, ജോലിമാറ്റം, പ്രിയപ്പെട്ട ഒരാളുടെ മരണം, കുടുംബത്തിൽ നിന്നുള്ള പിന്തുണയുടെ അഭാവം എന്നിവ മൂലമുള്ള വൈകാരികസമ്മർദ്ദം.

 കുട്ടിയെ വളർത്തുന്നതിലുള്ള വെല്ലുവിളി.

 മുൻപ് വിഷാദം അല്ലെങ്കിൽ ഉത്‌കണ്ഠ ഉണ്ടായിരുന്നവർ

 മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം.

ആവശ്യമായ സ്വയം പരിചരണശീലം

 കുഞ്ഞ് ആണായാലും പെണ്ണായാലും അകമഴിഞ്ഞ് സ്നേഹിക്കാൻ തയ്യാറെടുക്കുക. (അമ്മയും അച്ഛനും കുടുംബാംഗങ്ങളും)

 പങ്കാളിയോടോ കുടുംബാംഗങ്ങളോടോ സംസാരിക്കുകയും വികാരങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുക.

 പതിവായി വ്യായാമം ചെയ്യുക.

 ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.

 ആരോഗ്യകരമായ ഉറക്കശീലങ്ങൾ നിലനിറുത്തുക

 കുഞ്ഞിനെ മുലയൂട്ടുക. അതിലൂടെ കുഞ്ഞുമായി വൈകാരികബന്ധം ഉരുത്തിരിയുന്നു.

 ആവശ്യമെങ്കിൽ കൗൺസിലറുടെ സഹായം തേടുക.

ഇന്റർപേഴ്സണൽ സൈക്കോതെറാപ്പി, കോഗ്‌നിറ്റീവ് ബിഹേവിയറൽ തെറാപ്പി, സൈക്കോ ഡൈനാമിക് തെറാപ്പി എന്നിവ രോഗചികിത്സയിൽ ഫലപ്രദമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ലേഖിക കൗൺസലിംഗ് സൈക്കോളജിസ്റ്റാണ് ഫോൺ : 9495835988

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: POSTPARTUM DEPRESSION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.