പ്രഥമ ശുശ്രൂഷയുടെ പ്രധാന ഉദ്ദേശ്യങ്ങൾ അത്യാഹിത സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കുക, ശരീരത്തിന് കൂടുതൽ അപകടം വരാതെ നോക്കുക രോഗിക്ക് കൂടുതൽ സുരക്ഷയും ആശ്വാസവും നൽകുക, അടിയന്തരമായി ഏറ്റവും മികച്ച വൈദ്യസഹായം ഉറപ്പാക്കുക തുടങ്ങിയവയാണ്.
രോഗിക്ക് നാഡിമിടിപ്പും ശ്വാസോച്ഛ്വാസവും ഇല്ലെങ്കിൽ കൃത്രിമശ്വാസം നൽകണം. നാഡിമിടിപ്പ് വീണ്ടെടുക്കാൻ ഹാർട്ട് മസാജ് നിശ്ചിത രീതിയിൽ ചെയ്യണം. രക്തസ്രാവമുണ്ടെങ്കിൽ ഉടൻ തടയുക. അപകടാവസ്ഥയിലായ ആളുടെ ശരീരത്തെ അത്യാവശ്യത്തിനു മാത്രമേ ചലിപ്പിക്കാവൂ. രോഗിക്കു ചുറ്റും ആളുകൾ കൂടിനില്ക്കാൻ പാടില്ല. പ്രഥമശുശ്രൂഷ നൽകി, എത്രയും വേഗം ഡോക്ടറും ചികിത്സാ സൗകര്യവുമുള്ള ആശുപത്രിയിലെത്തിക്കണം.
പ്രഥമശുശ്രൂഷകൻ
പരിശീലനം ലഭിച്ച, ആത്മവിശ്വാസമുള്ള ഏതു വ്യക്തിക്കും പ്രഥമശുശ്രൂഷകനാവാം. എന്നാൽ താനൊരു ഡോക്ടറല്ല എന്ന വിചാരത്തോടെ വേണം തീരുമാനങ്ങളെടുക്കാൻ. നല്ല നിരീക്ഷണശേഷിയും വിശദവിവരങ്ങൾ ചോദിച്ചറിയാനും പെട്ടെന്ന് പ്രവർത്തിക്കാനുമുള്ള ചുറുചുറുക്കും ശാന്തതയും വേണം.
ഹൃദയസ്തംഭനം
ഹൃദയം നിലയ്ക്കുന്ന അവസ്ഥയാണിത്. നാഡിമിടിപ്പും ശ്വാസോച്ഛ്വാസവുമാണ് പ്രധാനം. മുതിർന്ന ഒരാളുടെ പൾസ് മിനിട്ടിൽ 70നും 80നും ഇടയ്ക്കായിരിക്കും. ചെറിയ കുട്ടികൾക്ക് 100 ന് അടുത്താകാം. ശ്വാസോച്ഛ്വാസം മിനിട്ടിൽ 17 മുതൽ 20 പ്രാവശ്യം വരെയാകാം. ശ്വാസഗതിയുടെ ശബ്ദം ശ്രദ്ധിക്കുകയും കൈകൊണ്ട് ശ്വാസം പരിശോധിക്കുകയും വേണം. നാഡിമിടിപ്പ് കഴുത്തിന്റെ വശങ്ങളിലോ കൈത്തണ്ടയിലോ തൊട്ടറിയണം.
കൃത്രിമശ്വാസം
രോഗി ശ്വസിക്കുന്നില്ലെങ്കിൽ കൃത്രിമശ്വാസം നൽകണം. രോഗിയുടെ മൂക്ക് രണ്ടു വിരൽകൊണ്ട് അടച്ചുപിടച്ച്, പ്രഥമശുശ്രൂഷകന്റെ വായ് രോഗിയുടെ വായോടു ചേർത്ത് മുഴുവനായി അടച്ചുപിടിക്കുക. രോഗിയുടെ നെഞ്ചിനുള്ളിലേക്ക് ശക്തിയായി വായു ഉൗതിക്കയറ്റണം. ഇങ്ങനെ ചെയ്യുമ്പോൾ രോഗിയുടെ നെഞ്ച് വികസിക്കുന്നുണ്ടോ എന്നു നോക്കണം.ഈ സമയം രോഗിയുടെ ശ്വാസകോശങ്ങൾ രണ്ടും വികസിക്കും. പെട്ടെന്ന് പ്രഥമശുശ്രൂഷകൻ വായ് പിൻവലിച്ച്, മൂക്ക് തുറന്നുവച്ച് രോഗിയുടെ നെഞ്ചിന്റെ മദ്ധ്യത്ത് ശക്തിയായി അമർത്തണം. അപ്പോൾ രോഗിയുടെ ശ്വാസകോശത്തിലെ വായു പുറത്തേക്കു പോകും. ഇത് കൃത്യമായി ആവർത്തിക്കുമ്പോൾ രോഗി തനിയെ ശ്വാസമെടുക്കാൻ തുടങ്ങും.
കാർഡിയാക്
മസാജ്
പ്രഥമശുശ്രൂഷകൻ രോഗിയുടെ ഒരു വശത്ത് നിന്നോ ഇരുന്നോ തന്റെ നിവർത്തിയ ഒരു കൈവെള്ള രോഗിയുടെ നെഞ്ചെല്ലിന്റെ മദ്ധ്യത്തിൽ ഉറപ്പിച്ച ശേഷം, മറ്റേ കൈ ആദ്യം വച്ച കൈയുടെ നേരെ മുകളിൽ ഉറപ്പിച്ച് നെഞ്ചിനെ താഴേക്ക് ശക്തിയായി അമർത്തണം.
കൈ പെട്ടെന്ന് എടുത്തുമാറ്റാതെ മുകളിലേക്ക് കൈ അയയ്ക്കുക. മിനിട്ടിൽ ഏകദേശം നൂറു പ്രാവശ്യം വിട്ടുവിട്ട് അമർത്തണം. കൈ അമർത്തുന്നതിനും, അയച്ച് ഉയർത്തുന്നതിനും തുല്യ സമയം മതി. അപ്പോൾ നെഞ്ചെല്ലിനു താഴെയുള്ള ഹൃദയം തുടരെ ചുരുങ്ങാനും വികസിക്കാനും ഇടയാവുകയും, ഹൃദയം മിടിച്ചു തുടങ്ങുകയും ചെയ്യും. ജീവൻ തിരിച്ചുപിടിക്കുന്ന പുനരുജ്ജീവന പ്രക്രിയയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |