പാട്ന : സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റമാണെന്ന നിയമം പ്രാബല്യത്തിൽ വന്നിട്ട് വർഷങ്ങളായിട്ടും കൊടുക്കൽ വാങ്ങലിന് ഒരു കുറവും വന്നിട്ടില്ലെന്ന് മാത്രമല്ല, സ്ത്രീധനം തങ്ങളുടെ അവകാശമാണെന്ന് കരുതുന്നവർ ഇന്നും നമ്മുടെ നാട്ടിലുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ട് വിവാഹ വേദിയിൽ കലഹിക്കുന്ന ബീഹാറിൽ നിന്നുള്ള വരന്റെ വീഡിയോ സമൂഹ മാദ്ധ്യങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. പറഞ്ഞുറപ്പിച്ച സ്ത്രീധനം നല്കിയില്ലെങ്കിൽ വിവാഹം നടക്കില്ലെന്ന് വധുവിനെ അടുത്തിരുത്തി വരൻ ബന്ധുക്കളോട് പറയുന്നത് വീഡിയോയിൽ കാണാം. കൂടാതെ സ്ത്രീധനം വാങ്ങുന്നതിൽ ഒരു തെറ്റുമില്ലെന്നും അയാൾ പറയുന്നുണ്ട്. ഈ സമയമത്രയും നിസഹായതയോടെ നിർവികാരയായിട്ട് വേദിയിലിരിക്കുന്ന വധുവിനേയും കാണാം. 'സ്ത്രീധനം വാങ്ങുന്നതൊക്കെ എല്ലായിടത്തും നടക്കുന്ന കാര്യമാണിത്. ചിലതൊക്കെ പുറത്ത് അറിയും, ചിലത് അറിയാറില്ല. എനിക്ക് സ്ത്രീധനം കിട്ടാതിരുന്നത് കൊണ്ടാണ് നിങ്ങളെല്ലാവരും ഇപ്പോൾ ഇതേക്കുറിച്ച് അറിഞ്ഞത്.' വരൻ പറഞ്ഞു. ഇതോടെ പറഞ്ഞുറപ്പിച്ച സ്ത്രീധനത്തിന്റെ കുറച്ച് കൊണ്ടുവന്നിട്ടുണ്ടെന്നും, ബാക്കി പിന്നീട് നൽകാമെന്നും വധുവിന്റെ വീട്ടുകാർ പറയുന്നു. എന്നാൽ എനിക്ക് തരാമെന്ന് പറഞ്ഞ മാല ഇതുവരെ തന്നിട്ടില്ലെന്നും ഞാൻ സർക്കാർ ജോലിക്കാരനാണെന്നും അതുകൊണ്ട് എന്റെ ആവശ്യങ്ങൾ എല്ലാം അംഗീകരിക്കണമെന്നും' വരൻ ആവശ്യപ്പെടുന്നു. സ്ത്രീധനം മുഴുവൻ ഇന്ന് തന്നെ ലഭിക്കണമെന്നും, എങ്കിൽ മാത്രമേ വിവാഹം നടക്കൂവെന്നും അയാൾ ആക്രോശിക്കുന്നതും കാണാം. പിന്നീട് ഏറെ നേരത്തെ തർക്കത്തിനൊടുവിലാണ് വരൻ വിവാഹത്തിന് സമ്മതിക്കുന്നത്. വീഡിയോ വൈറലായതോടെ സമൂഹ മാദ്ധ്യമങ്ങളിൽ ഇയാൾക്കെതിരെ പ്രതിഷേധം ശക്തമാണ്. വരനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |