ന്യൂഡൽഹി: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിൽ പാർട്ടിക്കുള്ളിൽ ഐക്യം നിലനിറുത്താൻ താൻ നടത്തുന്ന ശ്രമങ്ങളും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും രമേശ് വിശദീകരിച്ചു. കേരളത്തിലെ പാർട്ടിയിൽ ഐക്യമുറപ്പാക്കാൻ നേരിട്ട് ഇടപെടണമെന്ന് ചെന്നിത്തല സോണിയയോട് അഭ്യർത്ഥിച്ചതായും സൂചനയുണ്ട്. കൂടിക്കാഴ്ച 20 മിനിട്ടോളം നീണ്ടു.
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞശേഷം ആദ്യമായാണ് സോണിയയുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തുന്നത്. തിരഞ്ഞെടുപ്പിനുശേഷമുള്ള കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കോൺഗ്രസ് അദ്ധ്യക്ഷയോട് വിശദീകരിച്ചതായി കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യൻ സന്ദർശനത്തിന്റെ ഭാഗമായി ഡൽഹിയിലെത്തിയ ചെന്നിത്തല കഴിഞ്ഞദിവസം രാഹുൽഗാന്ധിയെയും കണ്ടിരുന്നു. പാർലമെന്റിൽ വച്ച് സോണിയയെ കണ്ട് സംസാരിച്ചതിനെ തുടർന്നാണ് ഇന്നലെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |