സുരേഷ് ഗോപിയും ജിബു ജേക്കബും ഒന്നിക്കുന്നത് ആദ്യം
സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂനം ബജ്വ നായിക. ചിത്രീകരണം ഏപ്രിൽ 21ന് എറണാകുളത്ത് ആരംഭിക്കും. എന്നാൽ ലൊക്കേഷൻ മാറ്റുന്നതിനെക്കുറിച്ച് ആലോചനയുണ്ട്.ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടും. സുരേഷ് ഗോപിയും ജിബു ജേക്കബും ആദ്യമായാണ് ഒന്നിക്കുന്നത്. സുരേഷ് ഗോപി നായകനായി അഭിനയിച്ച രാമരാവണൻ, രാഷ്ട്രം എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം ജിബു ജേക്കബാണ് നിർവഹിച്ചത്.
തെലുങ്ക്, കന്നട, തമിഴ് ഭാഷകളിൽ സജീവമായ പൂനം ബജ്വ
മോഹൻലാൽ -ജയറാം -ദിലീപ് ചിത്രമായ ചൈന ടൗണിലൂടെയാണ് മലയാളി പ്രേക്ഷകർക്ക് പരിചിതയാകുന്നത്. മമ്മൂട്ടിയുടെ ശിക്കാരി,വെനീസിലെ വ്യാപാരി എന്നീ ചിത്രങ്ങളിൽ നായികയായി അഭിനയിച്ച പൂനം ബജ്വ മോഹൻലാൽ ചിത്രമായ പെരുച്ചാഴിയിൽ അതിഥി വേഷമിട്ടു. മമ്മൂട്ടി നായകനായി അഭിനയിച്ച മാസ്റ്റർ പീസ് എന്ന ചിത്രത്തിൽ സ്മിത മിസ് എന്ന കോളേജ് അദ്ധ്യാപികയുടെ വേഷമായിരുന്നു പൂനത്തിന്. ബാബു ആന്റണി, മനോജ് കെ. ജയൻ ചിത്രം സഖറിയാ പോത്തൻ ജീവിച്ചിരിപ്പുണ്ട് ആണ് മറ്റൊരു സിനിമ. റിലീസിന് ഒരുങ്ങുന്ന വിനയൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലാണ് മലയാളത്തിൽ അവസാനം അഭിനയിച്ചത്. സുരേഷ് ഗോപി ചിത്രത്തിൽ നായികയായി പൂനം ബജ്വ അഭിനയിക്കുന്നതും ആദ്യം. അതേസമയം ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ ആണ് സുരേഷ് ഗോപിയുടെ പുതിയ റിലീസ്. സുരേഷ് ഗോപിയോടൊപ്പം ആദ്യമായി മകൻ ഗോകുൽ സുരേഷും ഒന്നിക്കുന്ന ചിത്രത്തിൽ നീത പിള്ള, ആശ ശരത്, കനിഹ, സണ്ണി വയ്ൻ, വിജയരാഘവൻ, ടിനി ടോം ഉൾപ്പെടെ വൻ താരനിര അണിനിരക്കുന്നു. ഒരു ദശാബ്ദത്തിന് ശേഷം സുരേഷ് ഗോപി വീണ്ടും പൊലീസ് യൂണിഫോമിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം കൂടിയാണ് പാപ്പൻ.
എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായി രണ്ട് ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രമാണ് പാപ്പൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |