ദുബായ്: ഗൾഫ് മേഖലയിലൂടെയുള്ള ചരക്ക് നീക്കം തടസപ്പെടുത്താൻ ഇറാനോ അവരുമായി ബന്ധമുള്ള ശക്തികളോ ശ്രമിക്കുമെന്ന മുന്നറിയിപ്പിനിടെ യു.എ.ഇ തീരത്ത് നാല് സൗദി കപ്പലുകൾക്ക് നേരെ ആക്രമണം. ഫുജൈറ തീരത്ത് വച്ചുണ്ടായ ആക്രമണത്തിൽ രണ്ട് സൗദി കപ്പലുകൾക്ക് സാരമായ കേടുപാടുകൾ ഉണ്ടായതായി യു.എ.ഇ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ യു.എ.ഇ അധികൃതർ തയ്യാറായില്ല. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഇതൊരു സാധാരണ സംഭവമായിരുന്നുവെന്നും യു.എ.ഇ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, സൗദിയിൽ നിന്ന് അമേരിക്കയിലേക്ക് പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുപോയ കപ്പലുകളാണ് ആക്രമണത്തിന് ഇരയായതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള അരാംകോയുടെ ഉപഭോക്താക്കൾക്കായി അമേരിക്കയിലേക്ക് പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ട് പോയ ഒരു കപ്പൽ ആക്രമിക്കപ്പെട്ടെന്ന് സൗദി ഊർജ്ജമന്ത്രി ഖാലിദ് അൽ ഫലീഹ് അറിയിച്ചു. ആളപായമൊന്നും ഉണ്ടായില്ലെങ്കിലും കപ്പലുകൾക്ക് വലിയ നാശനഷ്‌ടമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യാന്തര കപ്പൽ ഗതാഗതത്തിന് ഭീഷണിയാണ് ഇപ്പോഴത്തെ ആക്രമണമെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമാക്കാൻ സൗദി അധികൃതരും തയ്യാറായിട്ടില്ല.
പശ്ചിമേഷ്യൻ കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ ഇറാനോ സഖ്യകക്ഷികളോ ആക്രമിക്കുമെന്ന് മുന്നറിയിപ്പിന് പിന്നാലെ മേഖലയിലേക്ക് വിമാനവാഹിനിക്കപ്പലും ബോംബർ ഫോഴ്സിനെയും അയച്ച അമേരിക്ക ഗൾഫ് മേഖലയിൽ യുദ്ധ സമാനമായ സാഹചര്യം സൃഷ്‌ടിച്ചിരുന്നു. തങ്ങൾക്ക് നേരെയോ സഖ്യകക്ഷികൾക്ക് നേരെയോ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ അത് ശക്തമായി തടുക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ സൗദി കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണം ലോകരാജ്യങ്ങൾ അതീവ ജാഗ്രതയോടെയാണ് കാണുന്നത്.
അതിനിടെ, സൗദി കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും ഇക്കാര്യത്തിൽ വ്യക്തമായ അന്വേഷണം നടത്തണമെന്നും ഇറാനിയൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |