SignIn
Kerala Kaumudi Online
Friday, 20 September 2024 12.43 AM IST

എന്നിട്ടും ആശാൻ ജലമർമ്മരമായി

Increase Font Size Decrease Font Size Print Page

amma

കായിക്കര കായലിലും കന്യാകുമാരി വിവേകാനന്ദപ്പാറ വരെ കടലിലും മത്സരിച്ച് നീന്തിയിട്ടുള്ള മഹാകവി കുമാരനാശാൻ പല്ലനയാറ്റിൽ റഡീമർ ബോട്ടപകടത്തിൽ മരണം വരിച്ചത് നീന്തലറിയാത്തതിനാൽ അല്ലായിരുന്നു. അദ്ദേഹത്തിന് നന്നായി നീന്താനറിയാമായിരുന്നു. ബന്ധുക്കളോടൊപ്പം കന്യാകുമാരിയിൽ നീന്താൻ പോയ കഥ ആശാന്റെ ഭാര്യയും തന്റെ അമ്മയുമായ ഭാനുമതി പറഞ്ഞിട്ടുള്ളത് ഡോ.കെ.ലളിത ഇപ്പോഴും ഓർക്കുന്നുണ്ട്. നല്ല അലർജിയുണ്ടായിരുന്നതിനാൽ ആശാന് തുമ്മൽ പതിവായിരുന്നു. രാത്രിയാകുമ്പോൾ മഫ്ളർ തലയിൽ ചുറ്റിയാണ് കിടന്നുറങ്ങിയിരുന്നത്. യാത്രകളിൽ ഒരു കറുത്ത കോട്ടുമിടുമായിരുന്നു ബോട്ടിൽ ഷട്ടറിട്ടിരുന്നു. അപകടം നടന്നപ്പോൾ നല്ല ഉറക്കത്തിലായിരുന്നത് ആശാന് രക്ഷപ്പെടാൻ തടസമായി.

ആശാന്റെ മരണശേഷം പതിമൂന്ന് വർഷം കഴിഞ്ഞ് ഭാനുമതി പുനർവിവാഹിതയായി. ഏജീസ് ഓഫീസിൽ ഉദ്യോഗസ്ഥനായിരുന്ന കാർത്തികപ്പള്ളിക്കാരൻ സി.ഒ.കേശവനായിരുന്നു രണ്ടാമത്തെ ഭർത്താവ്. ആ ബന്ധത്തിൽ നാല് മക്കളുണ്ടായി. അതിലെ മൂത്തമകളാണ് പ്രശസ്ത ഗൈനക്കോളജിസ്റ്റും വയലാർരാമവർമ്മ ട്രസ്റ്റ് സെക്രട്ടറിയായിരുന്ന പരേതനായ സി.വി.ത്രിവിക്രമന്റെ ഭാര്യയുമായ ഡോ.കെ.ലളിത. " അമ്മയും ആശാനും തമ്മിലുള്ള ദാമ്പത്യജീവിതം ഏഴുവർഷമേ ഉണ്ടായിരുന്നുള്ളൂ. അമ്പത്തിയൊന്നാം വയസിൽ ആശാൻ മരിക്കുമ്പോൾ ഭാനുമതിയമ്മയുടെ പ്രായം ഇരുപത്തിനാലു വയസായിരുന്നു. കുമാരനാശാനെക്കുറിച്ച് പറയുമ്പോൾ അമ്മയുടെ കണ്ണുകൾ തിളങ്ങുമായിരുന്നു. വലിയ ആദരവായിരുന്നു ആശാനോട്. വളരെ കെയറിംഗായിരുന്നു ആശാനെന്ന് അമ്മ എപ്പോഴും പറഞ്ഞിരുന്നു. സ്നേഹസമ്പന്നനായിരുന്നു. എല്ലാക്കാര്യവും ശ്രദ്ധിക്കുമായിരുന്നു . പൂയം നാളുകാരിയായിരുന്നു അമ്മ. ആശാൻ ഏഴാം നാളായ ചിത്തിരയും. അത് ചേരില്ലെന്ന് പൊതുവേ പറയുമായിരുന്നു. ആശാൻ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്നു. ശരീരഭാരം 160 പൗണ്ടായപ്പോൾ വ്യായാമത്തിലൂടെ 100 പൗണ്ടായി കുറച്ചതൊക്കെ അമ്മ പറഞ്ഞിട്ടുണ്ട്. നാച്വറോപ്പതിയിലൂടെയാണ് ആശാൻ അത് കുറച്ചത്. അമ്മയും അന്ന് ആ രീതി സ്വീകരിച്ചിരുന്നു. അമ്മയ്ക്ക് പതിനേഴുവയസുള്ളപ്പോഴായിരുന്നു ആശാനുമൊത്തുള്ള വിവാഹം. ആശാൻ സ്ഥാപിച്ച ശാരദാ ബുക്ക് ഡിപ്പോ അമ്മയാണ് നോക്കിനടത്തിയിരുന്നത്. ആശാന്റെ പുസ്തകങ്ങളുടെ കോപ്പിറൈറ്റുള കാലത്തോളം ബുക്ക് ഡിപ്പോ നന്നായി പ്രവർത്തിച്ചു. ആലുവയിൽ ഒരു ടൈൽ ഫാക്ടറിയുമുണ്ടായിരുന്നു. അതിൽ ആശാന് മേജർ ഷെയറുണ്ടായിരുന്നു. അതിന്റെ ആവശ്യങ്ങൾക്കായി പോകുന്ന യാത്രയിലാണ് ബോട്ടപകടത്തിൽ ആശാൻ മരിച്ചത്. ആ ദാമ്പത്യത്തിൽ രണ്ട് മക്കളായിരുന്നു. സുധാകരനും പ്രഭാകരനും. ഇരുവരും മരിച്ചു. ഇളയമകനായ പ്രഭാകരനാണ് ആദ്യം മരിച്ചത്. കാൻസറായിരുന്നു. കോൺഗ്രസ് രാഷ്ട്രീയമൊക്കെയായി നടന്ന പ്രഭാകരന് പ്രത്യേകിച്ചു ജോലിയില്ലായിരുന്നു. അവസാനകാലത്ത് ബുക്ക് ഡിപ്പോ നോക്കിനടത്തി. പ്രഭാകരന് നാലുമക്കളാണ് . മൂത്തമകൻ അരുൺകുമാർ തോന്നയ്ക്കലുണ്ട്. രണ്ടാമത്തെ മകൻ കോളേജ് പ്രൊഫസറായി വിരമിച്ച വിജയകുമാർ തിരുവനന്തപുരത്തുണ്ട്. പ്രദീപ്കുമാർ കൊച്ചിയിലാണ്. സുരേഷ് ഇളമണിന്റെ ഭാര്യ നിർമ്മല മകളാണ്. ആശാന്റെ മൂത്തമകൻ സുധാകരൻ റേഡിയോ എൻജിനിയറായിരുന്നു. അദ്ദേഹത്തിന് രണ്ട് മക്കളാണ്. ബാലചന്ദ്രനും നളിനിയും. പ്രശസ്ത കാർഡിയോളജിസ്റ്റായ ഡോ.ജി.വിജയരാഘവന്റെ ഭാര്യയാണ് നളിനി.

ഭാനുമതി രണ്ടാമത് വിവാഹം ചെയ്ത സി.ഒ.കേശവൻ ആശാന്റെ ജീവചരിത്രം എഴുതിയിട്ടുണ്ട്. ആശാനോട് വലിയ ആദരവുള്ള വ്യക്തിയായിരുന്നു കേശവൻ. ലളിത, മാധവൻ,അശോകൻ, ലീല എന്നി നാലുമക്കളാണ് കേശവൻ - ഭാനുമതി ദമ്പതികൾക്കുണ്ടായിരുന്നത്. മാധവൻ ആറാമത്തെ വയസിൽ മരിച്ചു. അമ്മ സ്വാനുഭവങ്ങളിലൂടെ നിശ്ചയദാർഢ്യമുള്ള , താൻപോരിമയുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു. ആലുവയിലെ ടൈൽ ഫാക്ടറി നോക്കിനടത്താനായി ചെങ്ങമനാട്ടേക്ക് അമ്മ താമസം മാറ്റി. അച്ഛനോടൊപ്പം വന്നു താമസിക്കാൻ കഴിയാത്ത സാഹചര്യമായി. അങ്ങനെ ആ ബന്ധം പിരിഞ്ഞു. അമ്മ ടൈൽ ഫാക്ടറിയുടെ മാനേജിംഗ് ഡയറക്ടറായി. യൂണിയൻ ടൈൽ വർക്ക്സ് എന്നായിരുന്നു ഫാക്ടറിയുടെ പേര്. മരിക്കുംവരെ അമ്മ ആലുവയിലായിരുന്നു. ചെങ്ങമനാട് വച്ച് ഹൃദയാഘാതത്തെത്തുടർന്ന് എഴുപത്തിയാറാം വയസിലാണ് ഭാനുമതി മരിച്ചത്. അവിടെയാണ് അടക്കം ചെയ്തതും."- ഡോ.ലളിത വിശദമാക്കി.

1924 ജനുവരി 16 ന് രാത്രി പത്തര മണിക്കാണ് കൊല്ലം ബോട്ട് ജെട്ടിയിൽ നിന്ന് റഡീമർബോട്ട് ആലപ്പുഴയ്ക്ക് യാത്രതിരിച്ചത്. 95 യാത്രക്കാരെ കയറ്റാൻ ലൈസൻസ് ലഭിച്ചിരുന്ന ട്രാവൻകൂർ കൊച്ചിൻ മോട്ടോർ സർവീസിന്റെ ആ ബോട്ടിൽ 145 യാത്രക്കാരും ഭാരിച്ച ചരക്കുമുണ്ടായിരുന്നു. പുലർകാലത്ത് ആലപ്പുഴയ്ക്കടുത്ത് പല്ലനയിലെ അപകടം പിടിച്ച വളവ് വേഗത്തിൽ തിരിച്ചപ്പോൾ ഭാരം കൂടുതലുണ്ടായിരുന്ന ഇടതുവശം താഴ്ന്നു. വലതുവശം കുത്തനെ ഉയർന്ന് തലകീഴായി മറിഞ്ഞു. നല്ല ഇരുട്ടായിരുന്നു. ബോട്ട് ജീവനക്കാരടക്കം 120 പേർ രക്ഷപ്പെട്ടു. പിറ്റേദിവസം ഭാഗികമായി ബോട്ടുയർത്തിയപ്പോഴാണ് ആശാന്റെ മൃതദേഹം കണ്ടുകിട്ടിയത്.ആശാന്റെ മരണത്തിൽ നാട് ഞെട്ടി. അമിതഭാരമായിരുന്നു ബോട്ടപകടത്തിന് കാരണമായതെന്ന് അന്വേഷണക്കമ്മിഷൻ കണ്ടെത്തി. തണുപ്പായതു കാരണം ബോട്ടിന്റെ ഷട്ടറുകൾ അടച്ചിരുന്നു. അതും രക്ഷപ്പെടാൻ തടസമായി. പല്ലനയിലാണ് ആശാനെ സംസ്ക്കരിച്ചത്. ആ മൃതദേഹം ഏറ്റുവാങ്ങിയ സ്ഥലം കുമാരകോടിയായി.

കൊച്ചുമകൻ വിജയകുമാറിന്റെ ഭാര്യ ഖയറുന്നീസ അറിയപ്പെടുന്ന എഴുത്തുകാരിയാണെന്നത് ഒഴികെ ,ആശാന്റെ മക്കളോ പേരക്കുട്ടികളോ എഴുത്തിന്റെ വഴിയിലേക്ക് വന്നില്ല. ഭാനുമതി അമ്മ മരിച്ചിട്ട് 46 വർഷമാകുന്നു. തിരുവനന്തപുരത്ത് കുമാരപുരത്തിനു സമീപമുള്ള ഡോ.ലളിതയുടെ വീടിന്റെ പേര് ഭാനുമതിയെന്നാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KALAM, KUMARANASAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.