ഷെഫീക്കിന്റെ സന്തോഷം 16ന് ഈരാറ്റുപേട്ടയിൽ ആരംഭിക്കും
ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ അനൂപ് പന്തളം രചനയും സംവിധാനവും നിർവഹിക്കുന്ന ഷെഫീക്കിന്റെ സന്തോഷം ഏപ്രിൽ 16ന് ഈരാറ്റുപേട്ടയിലും പരിസരപ്രദേശങ്ങളിലുമായി ആരംഭിക്കും. ആത്മീയ രാജനും ദിവ്യ പിള്ളയുമാണ് ചിത്രത്തിലെ നായികമാർ.
ഇരുവരും ഉണ്ണി മുകുന്ദന്റെ നായികമാരായി അഭിനയിക്കുന്നത് ആദ്യമാണ്. ജോസഫിലൂടെ ശ്രദ്ധേയയായ താരമാണ് ആത്മീയ രാജൻ. ജോജു ജോർജ്, അനശ്വര രാജൻ ചിത്രം അവിയലാണ് ആത്മീയയുടേതായി അവസാനം റിലീസ് ചെയ്തത്. മമ്മൂട്ടി ചിത്രം പുഴു ആണ് റിലീസിന് ഒരുങ്ങുന്ന ആത്മീയയുടെ ചിത്രം.
ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ദിവ്യ പിള്ള നിരവധി സിനിമകളിൽ അഭിനയിച്ചു. ടൊവിനോ തോമസ് ചിത്രം കള ആണ് അവസാനം റിലീസ് ചെയ്തത്.ശ്രീനിവാസൻ നായകനായി അഭിനയിക്കുന്ന ലൂയിസിലും സുപ്രധാന വേഷത്തിൽ ദിവ്യ പിള്ള എത്തുന്നുണ്ട്.അതേസമയം മേപ്പടിയാന്റെ വമ്പൻ വിജയത്തിനുശേഷം ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം .റൊമാന്റിക് കോമഡി ഫാമിലി എന്റർടെയ്നറായ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടിയാണ് പുറത്തിറക്കിയത്.
മേപ്പടിയാൻ പോലെ പൂർണമായി ഗ്രാമീണ പശ്ചാത്തലത്തിലാണ് ഷെഫീക്കിന്റെ സന്തോഷവും ഒരുങ്ങുന്നത്.ഈരാറ്റുപേട്ടയിലായിരുന്നു മേപ്പടിയാൻ ചിത്രീകരിച്ചതും. മനോജ് കെ. ജയൻ, ബാല, ഷഹിൻ സിദ്ധിഖ്,മിഥുൻ രമേശ്, ജോർഡി പൂഞ്ഞാർ, സ്മിനു സിജോ ഉൾപ്പെടെ നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. എൽദോ ഐസക്കാണ് ഛായാഗ്രഹണം. ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |