കോഴിക്കോട്: പ്രഥമ കേരള ഗെയിംസിനോടനുബന്ധിച്ച് കേരളത്തിന്റെ കായിക ചരിത്രം വിളിച്ചോതുന്ന അപൂർവചിത്രങ്ങളുടെ പ്രദർശനവുമായി ഫോട്ടോ വണ്ടി നാളെ പയ്യോളിയിൽ നിന്ന് ഓടിത്തുടങ്ങും. ഏപ്രിൽ 28 ന് തിരുവനന്തപുരത്ത് സമാപിക്കും.
അത്ലറ്റിക് ഇതിഹാസം പി.ടി. ഉഷയുടെ വസതിയിൽ നിന്നാരംഭിക്കുന്ന ഫോട്ടോ വണ്ടി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും. പി.ടി. ഉഷ, കാനത്തിൽ ജമീല എം.എൽ.എ., ഒളിമ്പിക്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി. സുനില്‍ കുമാർ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു,കേരള ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ടി ജോസഫ് , സെക്രട്ടറി സി സത്യൻ എന്നിവർ പങ്കെടുക്കും.
കേരള കായിക രംഗത്തിന്റെ കുലപതി ജി.വി. രാജയുടെ ചിത്രത്തിൽ ആരംഭിച്ച് സംസ്ഥാനത്തിന്റെ കായിക ഭൂപടത്തില്‍ ഒഴിച്ചു നിറുത്താന്‍ കഴിയാത്ത ഒരു പിടി താരങ്ങളുടെ അപൂർവ്വ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പ്രദർശനം. കായികതാരങ്ങളുടെയും കായികയിനങ്ങളുടെയും മികവുറ്റ ചിത്രങ്ങൾ പകർത്തിയ പത്രഫോട്ടോഗ്രാഫർമാരുടെ അവിസ്മരണീയ ചിത്രങ്ങളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. യാത്ര 14 ജില്ലകളിലുമെത്തും.
കേരള മീഡിയ അക്കാഡമി, കേരള പത്രപ്രവർത്തക യൂണിയൻ, കേരള ഒളിമ്പിക് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് പ്രദർശനപര്യടനം സംഘടിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ 30 ന് തിരുവനന്തപുരം എൻജിനീയേഴ്സ് ഹാളിൽ അന്താരാഷ്ട്ര ഫോട്ടോ എക്സിബിഷന് തുടക്കമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |