SignIn
Kerala Kaumudi Online
Thursday, 19 September 2024 7.40 AM IST

ഈസ്റ്റർ; നിത്യതയുടെ ചിത്രമെഴുത്ത്

Increase Font Size Decrease Font Size Print Page

easter

വിജയപൂർണവും നാശരഹിതവുമായ ദൈവശക്തിയുടെ ഉദാത്തമായൊരു ചിത്രമെഴുത്താണ് യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പ്. ആദിമ ക്രൈസ്തവ സഭയുടെയും അപ്പൊസ്തലന്മാരുടെയും ആത്യന്തിക ലക്ഷ്യം മറ്റുള്ളവരോട് യേശുവിനെക്കുറിച്ച് പറയുകയായിരുന്നില്ല, യേശുവിന്റെ സാന്നിദ്ധ്യത്തെയും ശക്തിയെയും അവർക്കു വെളിപ്പെടുത്തിക്കൊടുക്കുകയായിരുന്നു.

ആദിമകാലങ്ങളിൽ, ഇന്നത്തെപ്പോലെ തന്നെ മരിച്ചു മൺമറഞ്ഞ ചരിത്രപുരുഷന്മാരെക്കുറിച്ചുള്ള അപദാനങ്ങളല്ല, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവുമായുള്ള ജീവസുറ്റ സാന്നിദ്ധ്യബോധം സൃഷ്ടിക്കുക എന്ന പ്രക്രിയയാണ് അവലംബിച്ചു വന്നിരുന്നത്. യേശു തന്നെയാണ് വരുവാനുള്ള രക്ഷകൻ എന്നതിന് അന്തിമ തെളിവായാണ് സെന്റ് പോൾ പുനരുത്ഥാനത്തെ വീക്ഷിച്ചതും പ്രസ്താവിച്ചതും.

വിശുദ്ധ ബൈബിളിലെ പുതിയ നിയമത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്തതും അലിഖിതമായ ക്രിസ്തീയ വായ്‌മൊഴി എന്നു കരുതപ്പെടുന്നതുമായ മനോഹരമായൊരു ചൊല്ല് യെരുശലേമിൽ ഇന്നും നിലവിലുണ്ട്: കല്ല് ഉയർത്തിയാൽ നിനക്ക് എന്നെ കാണാം. മരം അടർത്തിയാൽ ഞാൻ അവിടെയുണ്ടാകും! ആ ചൊല്ലിന്റെ അർത്ഥം,​ കഠിനാദ്ധ്വാനിയായ കല്പണിക്കാരന്റെയും സത്യാന്വേഷിയായ തച്ചന്റെയും കൂടെ ഉയിർത്തെഴുന്നേറ്റവനായ ക്രിസ്തു ഉണ്ടാകും എന്നത്രെ. ജീവിതത്തിന്റെ ഓരോ ചുവടുവയ്പിലും ജീവിക്കുന്ന കർത്താവിന്റെ കരംപിടിച്ചുള്ള യാത്രയെന്നാണ് ഉയിർത്തെഴുന്നേല്പിന്റെ യഥാർത്ഥ അർത്ഥം.

യേശുക്രിസ്തു പിറന്നത് മനുഷ്യകുലത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു. ക്രിസ്തുവിന്റെ തിരുപ്പിറവിക്ക് 700 വർഷം മുമ്പ് ജീവിച്ചിരുന്ന യെശയ്യാവ് പ്രവചിച്ചു: നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു, നമ്മുടെ വേദനകളെ അവൻ ചുമന്നു. നാമോ,​ ദൈവം അവനെ ശിക്ഷിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. (യെശയ്യാവ് 53: 4).

പാപികൾക്കുവേണ്ടി മരിക്കുവാനായാണ് ലോകരക്ഷകനായ ക്രിസ്തു ജഡശരീരം ധരിച്ചതു തന്നെ. തന്റെ പിറവിയുടെ ഉദ്ദേശ്യം മരണത്തിന്റെ അതുല്യത വെളിപ്പെടുത്തുക എന്നതായിരുന്നു. ക്രിസ്‌തുവിന്റെ ജീവിതത്തിനു മുമ്പിൽ ലോകം അടിയറവു പറഞ്ഞു. ക്രിസ്‌തു ജനനത്തിലും ജീവിതത്തിലും വിശുദ്ധിയിലും മരണത്തിലും ഉയിർപ്പിലും സ്വർഗാരോഹണത്തിലും ഇനി സംഭവിക്കാൻ പോകുന്ന മടങ്ങിവരവിലും അതുല്യത നിലനിർത്തുന്ന മഹാദൈവമാണ്.

ഇന്നു ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന രീതിയിൽ ക്രിസ്തീയസഭയെ ആക്കിത്തീർക്കാൻ കാരണമായത് പരിശുദ്ധാത്മാവിൽ നിറഞ്ഞ ശിഷ്യഗണങ്ങളുടെ സാക്ഷ്യജീവിതമാണ്. ക്രിസ്തീയ സമൂഹം അതിന്റെ ജീവന്റെ ആണിക്കല്ലായാണ് പുനരുത്ഥാനത്തെ ദർശിക്കുന്നത്. സെന്റ് പോളിന്റെ ലേഖനങ്ങൾ ആ വിശ്വാസത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. ആദിമ നൂറ്റാണ്ടിലെ പണ്ഡിതാഗ്രേണ്യനായ പൗലൊസ് പ്രഖ്യാപിക്കുന്നു: ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനോടു കൂടെയുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ലോകത്തിലെ കഷ്ടനഷ്ടങ്ങൾ സാരമില്ലെന്ന് ഞാൻ കരുതുന്നു. ക്രിസ്തുവിനുവേണ്ടി സകലവും ചപ്പും ചവറും എന്ന് ഞാൻ എണ്ണുന്നു!

ഇരുണ്ട ഇടനാഴിക്കപ്പുറത്ത് പുതുജീവന്റെ പൊൻവെളിച്ചം. സഹനത്തിന്റെ അവസാന നാഴികയും പിന്നിടുമ്പോൾ പുതുജീവന്റെ കവാടമായി. പ്രത്യാശയുടെ കവാടം. ത്യാഗമൂർത്തിയായ യേശുകർത്താവിന്റെ ഇഹലോക ജീവിതാന്ത്യ വേളയിലെ സുപ്രധാന സംഭവങ്ങളാണ് പീഡാനുഭവവാരത്തിൽ അരങ്ങേറിയത്. കടപ്പാടും തള്ളിപ്പറയലും വേദനയും നിരാശയും മഹത്വവും പ്രത്യാശയുമൊക്കെ ഇടകലർന്നു വരുന്ന മനുഷ്യജീവിതത്തിന്റെ മുഴുവൻ വികാരങ്ങളും ഇവിടെ സ്പർശിക്കപ്പെടുന്നു.

മരണത്തിനു മേലുള്ള ജീവന്റെ വിജയം മാത്രമല്ല, ലോകാന്ധകാരത്തെ അലൗകിക പ്രകാശം തുടച്ചു നീക്കുന്നതിന്റെ ചിത്രവും നാം ഈസ്റ്ററിൽ കാണുകയാണ്. വളരെയേറെ പീഡകൾ സഹിച്ചശേഷം ക്രൂശിൽ മരിക്കുകയും കല്ലറയിൽ അടക്കപ്പെടുകയും ചെയ്ത യേശുനാഥൻ ഉയിർത്തെഴുന്നേറ്റ ശേഷം നാല്പതു ദിവസം കൂടി ഭൂമിയിൽ ചെലവഴിച്ചതിനു ശേഷം സ്വർഗാരോഹണം ചെയ്തു. ക്രിസ്തുവിന്റെ മടങ്ങിവരവിനായി ക്രൈസ്തവ ജനത പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.


(ടിവി പ്രഭാഷകനും ഗ്രന്ഥകാരനുമായ ലേഖകന്റെ മൊബൈൽ: 98474 81080)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EASTER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.