SignIn
Kerala Kaumudi Online
Thursday, 19 September 2024 3.53 AM IST

കൈനീട്ടുന്ന വിവാദങ്ങൾ

Increase Font Size Decrease Font Size Print Page

suresh-gopi

ആചാരങ്ങളും അനുഷ്ഠാനങ്ങളും ഈയിടെയായി വിവാദങ്ങൾക്കും രാഷ്ട്രീയതർക്കങ്ങൾക്കും കാരണമാകുന്നു എന്നതിൽ തർക്കമില്ല. കുഞ്ഞുങ്ങൾക്ക് വിഷുക്കൈനീട്ടം നൽകാൻ സുരേഷ് ഗോപി എം.പി. ക്ഷേത്രം മേൽശാന്തിമാർക്ക് പണം നൽകിയതിന് പിന്നാലെ, വിഷുക്കൈനീട്ടം നൽകാനായി ശാന്തിക്കാർ സ്വകാര്യ വ്യക്തികളിൽനിന്നു പണം സ്വീകരിക്കരുതെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് വിലക്കിയതാണ് അക്കൂട്ടത്തിലെ പുതിയ വിവാദം. സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടത്തിനെതിരെ ജില്ലയിലെ സി.പി.എം, സി.പി.ഐ നേതാക്കൾ പ്രതിഷേധിച്ചിരുന്നു. വിഷുക്കൈനീട്ടത്തിന് രാഷ്ട്രീയമാനം വന്നതോടെ വ്യക്തികളിൽനിന്ന് പണം സ്വീകരിക്കുന്നത് വിലക്കി ബോർഡിന്റെ നിർദ്ദേശം വന്നു.

ബോർഡിന്റെ നടപടിക്കെതിരേയും വിശ്വാസികളുടെ വിമർശനമുയർന്നു. സുരേഷ് ഗോപിയുടെ കൈനീട്ടം കൊടുക്കാനുള്ളവർ മേൽശാന്തിമാരല്ലെന്നും അവർക്കു വേണമെങ്കിൽ അത് സ്വയം ചെയ്യാമെന്നുമാണ് ബോർഡിന്റെ നിലപാട്. മറ്റുള്ളവരുടെ പേരിൽ കൈനീട്ടം കൊടുക്കുന്ന പതിവില്ലെന്നും ബോർഡ് വ്യക്തമാക്കി. ചില വ്യക്തികൾ ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത്തരത്തിൽ നടപടി സ്വീകരിച്ചതെന്നായിരുന്നു കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണറുടെ അറിയിപ്പിലുണ്ടായിരുന്നത്. കഴിഞ്ഞ എട്ട് മുതൽ തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ വിഷുക്കൈനീട്ടം പരിപാടി നടത്തിയിരുന്നു. കുഞ്ഞുങ്ങൾക്കും കലാസാംസ്‌കാരിക മേഖലയിലുള്ളവർക്കുമെല്ലാം വിഷുക്കൈനീട്ടം നൽകിയിരുന്നു. ബി.ജെ.പി. മണ്ഡലം പ്രസിഡന്റുമാർക്കും വിഷുക്കൈനീട്ടം സമ്മാനിച്ചു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരിൽ എൻ.ഡി.എ. സ്ഥാനാർത്ഥിയായിരുന്നു സുരേഷ് ഗോപി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണസമയത്ത് തൃശൂരിലെ ശക്തൻ മാർക്കറ്റിന്റെ വികസനത്തിനായി കച്ചവടക്കാർക്ക് അദ്ദേഹം നൽകിയ വാഗ്ദാനം ഫലപ്രാപ്തിയിലെത്തുകയാണ്. കോർപറേഷന് ഒരു കോടി രൂപയാണ് എം.പി. ഫണ്ടിൽനിന്ന് അനുവദിച്ചത്. സമഗ്രമായ വികസനപദ്ധതി കേന്ദ്രത്തിൽ സമർപ്പിക്കാനും അദ്ദേഹം പിന്തുണ നൽകി.

കാൽതൊട്ട്

വന്ദിച്ചതിന് വിമർശനം

കൈനീട്ടം വാങ്ങിയ ശേഷം കാറിലിരിക്കുന്ന സുരേഷ് ഗോപിയുടെ കാൽതൊട്ട് വന്ദിക്കുന്ന സ്ത്രീകളുടെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായതോടെ വിമർശനവുമുയർന്നു. സ്ത്രീകൾ വരിയായി വന്ന് കൈനീട്ടം വാങ്ങിയശേഷം താരത്തിന്റെ കാൽതൊട്ട് വന്ദിച്ച ശേഷം എല്ലാവർക്കൊപ്പം ഫോട്ടോയും എടുത്താണ് അദ്ദേഹം മടങ്ങിയത്. വീഡിയോയ്ക്ക് അനുകൂലമായും നിരവധിപേർ രംഗത്തെത്തി.

വിവാദങ്ങളുടെ താരം
എന്നും വിവാദങ്ങളുടെ താേഴനാണ് സുരേഷ് ഗോപി. മൈക്കിൽ പറഞ്ഞാലും നാട്ടുകാരോട് കുശലം പറഞ്ഞാലും പിന്നാലെ വിവാദങ്ങൾ പൊങ്ങിവരും. തിരഞ്ഞെടുപ്പ് പ്രചാരണവേളകളിലും സംഭവിച്ചത് മറ്റൊന്നുമല്ല. ശബരിമല പ്രചാരണവിഷയമല്ല, വികാരവിഷയമാണെന്ന് എൻ.ഡി.എ സ്ഥാനാർത്ഥിയുമായി രംഗത്തെത്തിയപ്പോൾ സുരേഷ് ഗോപി പറഞ്ഞത് നിസാര കോളിളക്കമായിരുന്നില്ല വരുത്തിവെച്ചത്.

ശബരിമല വികാരം പേറുന്നവരിൽ ഹിന്ദുക്കളല്ല കൂടുതലെന്നും സുപ്രീംകോടതി വിധി ആയുധമാക്കി എന്ത് തോന്ന്യവാസമാണ് കാണിച്ചതെന്ന് എല്ലാവർക്കും അറിയാമെന്നും ആ തോന്ന്യവാസികളെ ജനാധിപത്യരീതിയിൽ വകവരുത്തണമെന്നും സുരേഷ് ഗോപി പറഞ്ഞപ്പോൾ എല്ലാ രാഷ്ട്രീയനേതാക്കളും വാദപ്രതിവാദങ്ങളുമായി രംഗത്തെത്തി. ശബരിമലയെ സംബന്ധിച്ചും ആചാരസംരക്ഷണത്തിലും മറ്റ് മതങ്ങളിൽ എന്ത് വ്യവസ്ഥിതിയാണോ നിലനിൽക്കുന്നത്, ആ തുല്യത എല്ലാമതവിഭാഗങ്ങൾക്കും കൊണ്ടുവരുമെന്ന് നെഞ്ചത്തടിച്ച് പറഞ്ഞാൽ ആർക്കും അത് എതിർക്കാൻ സാധിക്കില്ലെന്നായിരുന്നും മറ്റൊരു മാസ് ഡയലാേഗ്.


'തൃശൂർ ഇങ്ങ് തരുവാ'

'തൃശൂർ ഇങ്ങെടുക്കുവാ'എന്നതായിരുന്നു പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശൂരിലെ സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ കട്ട ഡയലോഗ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഡയലോഗ് മാറ്റി , 'തൃശൂർ ഇങ്ങ് തരുവാ' എന്നാക്കി.

തൃശൂർ ഇങ്ങെടുക്കുവാ'എന്ന് താൻ പറഞ്ഞത് എല്ലാവരുടേയും മനസിലുണ്ടെങ്കിലും ഇപ്പോൾ ജനങ്ങൾ പറയുന്നത് തൃശൂർ ഞങ്ങൾക്ക് തരുമെന്നാണ്. തന്നാൽ ഉറപ്പായിട്ടും അവർ പശ്ചാത്തപിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞെങ്കിലും തൃശൂർ പിടിച്ചെടുക്കാനായില്ല.


മേയറും സുരേഷ്‌ഗോപിയും


തൃശൂരിലെ വാർത്താ താരമാകാനുളള മത്സരത്തിൽ സുരേഷ്‌ഗോപിയ്ക്ക് എന്നും വെല്ലുവിളി തൃശൂർ കോർപ്പറേഷൻ മേയർ എം.കെ.വർഗീസാണ്. പൊലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്ന് മേയർ എം.കെ. വർഗീസ് ഡി.ജി.പിയോട് പരാതിപ്പെട്ടത് വൻവിവാദമായിരുന്നു. സ്റ്റാൻഡിംഗ് ഓർഡറിൽ മേയർ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെ വിവാദം കെട്ടടങ്ങി. സല്യൂട്ട് ആഗ്രഹിക്കുന്നവർക്കെല്ലാം നൽകാനുള്ളതല്ലെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും വ്യക്തമാക്കി. തൊട്ടുപിന്നാലെ അതേ വിവാദത്തിന് തിരികൊളുത്തുകയായിരുന്നു സുരേഷ്‌ഗോപി.

കണ്ടിട്ടും ജീപ്പിൽ നിന്ന് ഇറങ്ങാതിരുന്ന എസ്.ഐയുടെ അടുത്ത് ചെന്ന് വിളിച്ചിറക്കി സുരേഷ് ഗോപി സല്യൂട്ട് പറഞ്ഞു.

'ഞാനൊരു എം.പിയാണ്, മേയറല്ല. ഒരു സല്യൂട്ടൊക്കെ ആവാം, ആ ശീലം മറക്കല്ലേ... ' ഉടൻ എസ്.ഐ സല്യൂട്ട് നൽകി.

ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങളുണ്ടായ കുടുംബങ്ങൾക്ക് ധനസഹായവും കിറ്റും നൽകാനായി പുത്തൂർ സെന്ററിൽ എത്തിയപ്പോഴാണ് നാടകീയ രംഗം. രണ്ടു കിലോമീറ്റർ അകലെയുളള ആനക്കുഴിയിൽ മുറിച്ചിട്ട മരങ്ങൾ വനംവകുപ്പ് നീക്കിയില്ലെന്ന് നാട്ടുകാർ പരാതി പറഞ്ഞു. അക്കാര്യം പറയാനാണ് ജീപ്പിനടുത്തേക്ക് ചെന്നത്. ജീപ്പിൽ ഇരിക്കുകയായിരുന്നു ഒല്ലൂർ സ്റ്റേഷനിലെ പ്രൊബേഷനറി എസ്.ഐ സി.ജെ. ആന്റണി. തുടർന്നാണ് സല്യൂട്ടിന്റെ കാര്യം ഓർമ്മിപ്പിച്ചത്. വളരെ മാന്യമായി, സല്യൂട്ടിന് അർഹതയുണ്ടെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്. അദ്ദേഹം മാന്യമായി സല്യൂട്ട് ചെയ്തു. സാർ എന്നാണ് വിളിച്ചത്. വീഡിയോ കൈയിലുണ്ട്. രാജ്യസഭാ സെക്രട്ടേറിയറ്റിൽ അന്വേഷിച്ചിട്ടുണ്ട്. പൊലീസ് സല്യൂട്ട് ചെയ്യണമെന്നാണ് അറിയിച്ചത്. പൊലീസ് അസോസിയേഷൻ ഭാരവാഹികൾക്ക് എതിർപ്പുണ്ടാകാം. അവർ രാഷ്ട്രീയക്കാരല്ലേ? എന്നിങ്ങനെ സുരേഷ് ഗോപിയുടെ നീണ്ട ഡയലോഗുകളും വാർത്തകളിൽ നിറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SURESH GOPI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.