തിരുവനന്തപുരം: വിദ്യാർത്ഥികൾക്കും പഠനം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കും നൈപുണ്യ പരിശീലനം നേടാൻ അസാപ് കേരളയും കാനറാ ബാങ്കും ചേർന്ന് സ്കിൽ ലോൺ പദ്ധതി നടപ്പാക്കും. ഇഷ്ടപ്പെട്ട തൊഴിൽ മേഖലയിൽ അധിക നൈപുണ്യം നേടുന്നതിന് ജാമ്യമോ ഈടോ ഇല്ലാതെ 5000 മുതൽ ഒന്നരലക്ഷം രൂപ വരെ വായ്പ (സ്കിൽ ലോൺ) നൽകുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോഴ്സ് കാലയളവിലും തുടർന്നുള്ള ആറുമാസവും മൊറട്ടോറിയവും മൂന്നു വർഷം മുതൽ ഏഴ് വർഷം വരെ തിരിച്ചടവ് കാലാവധിയുമുണ്ടാവും. സാമ്പത്തിക പ്രയാസം കാരണം നൈപുണ്യ പരിശീലനം നേടാനാവാത്ത വിദ്യാർത്ഥികളെ സഹായിക്കുകയാണ് ലക്ഷ്യം.
സ്കിൽ കോഴ്സുകളിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് തൊട്ടടുത്ത കാനറാ ബാങ്കിൽ നേരിട്ടോ, വിദ്യാലക്ഷ്മി പോർട്ടൽ വഴിയോ ലോണിനായി അപേക്ഷിക്കാം.
സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി ജനറൽ മാനേജർ എസ്. പ്രേം കുമാർ, അസാപ് കേരള ബിസിനസ് ഹെഡ് ടി.വി. വിനോദ്, അഡ്മിനിസ്ട്രേഷൻ ഹെഡ് കമാൻഡർ വിനോദ് ശങ്കർ, ഫിനാൻസ് ഹെഡ് അൻവർ ഹുസൈൻ, പ്രോഗ്രാം മാനേജർമാരായ റിജിൻ ആലക്കാടൻ, റൂബി ഇസ്മായിൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |