തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ അളവിൽ കൃത്രിമം കാണിക്കുന്നുണ്ടെന്ന് മന്ത്രി ജി ആർ അനിൽ. സംസ്ഥാനത്തെ 700 പമ്പുകളിൽ പരിശോധന നടത്തിയെന്നും അതിൽ 46 ഇടത്തും ക്രമക്കേട് കണ്ടെത്തിയതായും മന്ത്രി വ്യക്തമാക്കി. ഒരു സ്വകാര്യ വാർത്താ ചാനലിലെ പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ.
ഇതിന് മുമ്പും കേരളത്തിലെ പെട്രോൾ പമ്പുകളിൽ കൃത്രിമം നടക്കുന്നത് പിടികൂടിയിട്ടുണ്ട്. മുമ്പ് ലീഗൽ മെട്രോളജി വിഭാഗത്തിന്റെ പരിശോധനയിൽ 10 ലിറ്റർ പെട്രോൾ അടിക്കുമ്പോൾ 140 മില്ലിലിറ്ററിന്റെ കുറവ് വരെ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ ലൂബ്രിക്കന്റ് ഓയിലിന് എം ആർ പി വിലയേക്കാൾ ഉയർന്ന വില ഈടാക്കുന്നതായും കണ്ടെത്തിയിരുന്നു.
അളവിൽ കുറവുള്ള നോസിലുകൾ ഉപയോഗിച്ചാണ് പമ്പുകൾ പ്രധാനമായും ഇത്തരം കൃത്രിമം നടത്തുന്നത്. എല്ലാ ദിവസവും രാവിലെ നോസിലുകൾ പരിശോധിച്ച് അളവു കൃത്യമാക്കണമെന്ന നിർദേശം പല പമ്പുകളും പാലിക്കാറില്ലെന്നും ലീഗൽ മെട്രോളജി വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |