SignIn
Kerala Kaumudi Online
Thursday, 19 September 2024 5.08 AM IST

കനൽവഴികളിലെ രക്തതാരകം

Increase Font Size Decrease Font Size Print Page

vazhamuttoam-ammu

കയർത്തൊഴിലാളി സമൂഹത്തിന് മറക്കാനാവാത്ത ദിനമാണ് 1972 മെയ് മൂന്ന്. കയറുപിരിക്കും തൊഴിലാളികളുടെ ഉജ്ജ്വല സമരകഥകളിലൊന്ന് വാഴമുട്ടത്ത് അരങ്ങേറിയ ദിനം. പൊലീസ് നടത്തിയ വെടിവെയ്പിൽ സഖാവ് അമ്മു രക്തസാക്ഷിയായി. നിരവധി തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. ആധുനിക കേരളം സൃഷ്ടിക്കുന്നതിൽ കയർത്തൊഴിലാളികളും അവരുടെ സമര സംഘടനയും നടത്തിയ പോരാട്ടങ്ങളെ വീണ്ടും ഓർമ്മയിലെത്തിക്കുന്നു അമ്മുവിന്റെ രക്തസാക്ഷിത്വം.
തിരുവനന്തപുരം താലൂക്കിലെ തിരുവല്ലം, വാഴമുട്ടം, കോവളം, പൊഴിയൂർ മേഖലകളിൽ ധാരാളം കയർ തൊഴിലാളികളുണ്ടായിരുന്നെങ്കിലും ആദ്യകാലത്ത് സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.

കോവളം മേഖലയിൽ ധാരാളം ചെറുകിട ഉത്പാദകർ വ്യവസായത്തിൽ ഏർപ്പെട്ടിരുന്നു. ഇവരെ ചൂഷണം ചെയ്യുന്നതിൽ മുതലാളിമാർ പരസ്പരം മത്സരിച്ചു. വൻകിട മുതലാളിമാരാണ് പച്ചത്തൊണ്ട് പൂഴ്ത്തി കൊള്ളലാഭം കൊയ്തിരുന്നത്. അവരിൽനിന്നും തീവിലയ്‌ക്ക് അഴുകൽ തൊണ്ട് വാങ്ങി തല്ലിച്ചതച്ച് ചകിരിയാക്കി കയറുപിരിച്ച്
ചാലക്കമ്പോളത്തിൽ വിറ്റുകിട്ടുന്ന മിച്ചം കൊണ്ട് വേണമായിരുന്നു ഓരോ കുടുംബത്തിനും കഴിയാൻ. സൈക്കിളിലും തലച്ചുമടായും ചാലക്കമ്പോളത്തിൽ കൊണ്ടു
പോയി കയർ വിറ്റുകിട്ടുന്ന തുകയിൽ തൊണ്ടിന്റെ വിലകിഴിച്ച് ചായ കുടിക്കാനുള്ള തുകപോലും മിച്ചം കിട്ടുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മിനിമം കൂലി ഉറപ്പുവരുത്താൻ വാഴമുട്ടം മേഖലയിൽ ട്രാവൻകൂർ കയർത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികൾ സമരത്തിലേക്ക് കടന്നത്.

1970 ൽ സി.ഐ.ടി.യു രൂപീകരണത്തിനു ശേഷം എല്ലാ വിഭാഗം തൊഴിലാളികളുടെയും സമരം ശക്തിപ്പെടുത്താനുള്ള നീക്കമുണ്ടായി. ഇതിനെത്തുടർന്നാണ് 1971 ൽ കേരളത്തിലെ കയർ തൊഴിലാളി സംഘടനകളുടെ ഒരു ഫെഡറേഷൻ ആയി കേരള കയർ വർക്കേഴ്സ് സെന്റർ സ്ഥാപിതമാകുന്നത്. കണിയാപുരം വരെയുള്ള മേഖലയിൽ പൊരിഞ്ഞ സമരത്തിലൂടെയാണ് കയർ തൊഴിലാളികൾ രണ്ട് രൂപ 40 പൈസ കൂലി നേടിയെടുത്തത്. എന്നാൽ
കോവളം മേഖലയിൽ ഒരു രൂപ 37 പൈസയായിരുന്നു കൂലി . ഈ ദുസ്ഥിതി മനസ്സിലാക്കിയാണ് കോവളം മുപ്പിരി മേഖലയിലെ തൊഴിലാളികൾക്ക് നേരെയുള്ള ചൂഷണത്തിന് അറുതി വരുത്തണമെന്ന് യൂണിയൻ തീരുമാനിച്ചത്. എല്ലാവരും പ്രഖ്യാപിതവിലയ്ക്ക് തൊണ്ട് പിടിച്ചെടുക്കാൻ തീരുമാനിച്ചു. തല്ലാൻ കൊണ്ടുപോയ തൊണ്ട് നിറച്ച വള്ളം തടഞ്ഞ് തൊഴിലാളികൾ നിയന്ത്രിത വിലയ്ക്ക് തൊണ്ട് നൽകണമെന്നാവശ്യപ്പെട്ടു. തൊണ്ടു മുതലാളിയെ സഹായിക്കാനെത്തിയ തോക്കുധാരികളായ പൊലീസുകാർ
യാതൊരു മുന്നറിയിപ്പും നൽകാതെ 19 റൗണ്ട് വെടിവെച്ചു. വെടിയേറ്റ് വാഴമുട്ടത്തെ അമ്മു തൽക്ഷണം മരിച്ചു. നിരവധി സ്ത്രീകൾക്ക് പരിക്കുപറ്റി. തെങ്ങുകൾ മറഞ്ഞു നിന്നാണ് പലരും വെടിയുണ്ടയിൽ നിന്നും രക്ഷപ്പെട്ടത്. വെടിയുണ്ടയുടെ പാടുള്ള തെങ്ങുകൾ അവിടെ ധാരാളമുണ്ടായിരുന്നു.


അമ്മുവിന്റെ മൃതശരീരം പനമ്പള്ളി വിശ്വംഭരനും സഖാക്കളും ചേർന്ന് റോഡരികിലെ കടയിലിട്ടു പൂട്ടി. മൃതശരീരത്തിന്റെ ദേഹപരിശോധനയോ പോസ്റ്റുമോർട്ടമോ നടത്താനാവാതെ പൊലീസ് കുഴങ്ങി. നാടാകെ ഇളകിമറിഞ്ഞു. വൈകുന്നേരത്തോടെ ഇടത് ഏകോപന സമിതി കൺവീനർ അഴീക്കോടൻ രാഘവൻ സ്ഥലത്തെത്തി,
നിയമം അനുസരിക്കണമെന്നും മൃതശരീരം പോസ്റ്റ്‌മോർട്ടത്തിന് വിട്ടുകൊടുക്കണമെന്നും

ശാസനാ രൂപത്തിൽ നിർദ്ദേശിച്ചു. വളരെ പണിപ്പെട്ടാണ് തൊഴിലാളികളെ അനുനയിപ്പിച്ച് മൃതദേഹം വിട്ടുകൊടുത്തത്. പിറ്റേദിവസം മുതൽ ആ പ്രദേശത്ത് നിരവധി സ്ഥലങ്ങളിൽ വമ്പിച്ച പ്രതിഷേധ സമരങ്ങൾ നടന്നു.

അമ്മുവിന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട് തൊഴിലാളിസമരം ചരിത്രസംഭവമായി മാറി. അമ്മുവിന്റെ പ്രസ്ഥാനം നടത്തിയ നിരവധി സമര പ്രക്ഷോഭങ്ങൾ കയർ തൊഴിലാളികൾക്ക് മാത്രമല്ല എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശസമര പോരാട്ടങ്ങൾക്ക് ആവേശം പകർന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VAZHAMUTTOM AMMU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.