കുഞ്ഞു സംരംഭകയെ നേരിൽക്കണ്ട് സ്റ്റാർട്ടപ്പ് സാരഥികൾ
കൊച്ചി: തെരുവോര അച്ചാർ കച്ചവടക്കാരി കുഞ്ഞു ഡൈനീഷ്യയുടെയും കുടുംബത്തിന്റെയും ദൈന്യത കേരളകൗമുദി വാർത്തയിലൂടെ അറിഞ്ഞ് അവരെ ഹൃദയത്തോടു ചേർത്ത 'ഓപ്പൺ" സ്റ്റാർട്ടപ്പ് സാരഥികൾ ഇന്നലെ നേരിൽക്കാണാൻ ഒറ്റമുറി വീട്ടിലെത്തി.
അച്ചാർ കച്ചവടം ഓൺലൈനിലേക്ക് മാറ്റി എട്ടു വയസ്സുകാരി ഡൈനീഷ്യയെ തങ്ങളുടെ ജൂനിയർ സംരംഭകയാക്കുകയാണ് ഓപ്പൺ. ഇത് പറഞ്ഞു മനസ്സിലാക്കിച്ചും ഡൈനീഷ്യക്കൊപ്പം ആടിയും പാടിയും മണിക്കൂറുകൾ ചെലവഴിച്ചാണ് സംഘം മടങ്ങിയത്. മാജിക്കിൾസ് എന്ന പേരിലാണ് അച്ചാർ വിൽക്കുക. 20 ലക്ഷം രൂപയാണ് ഓപ്പൺ ആദ്യം മുടക്കുന്നത്.
ഓപ്പൺ സ്ഥാപകരായ അനീഷ് അച്യുതൻ, മേബിൾ ചാക്കോ, ഡീന ജേക്കബ് എന്നിവരുമായി ഡൈനീഷ്യ പെട്ടെന്ന് ചങ്ങാത്തത്തിലായി. ഇഷ്ടചിത്രമായ 'സൂപ്പർ ശരണ്യ'യിലെ ഗാനത്തിനൊപ്പം ഡൈനീഷ്യ നൃത്തവും ചെയ്തു. ഡൈനീഷ്യയെയും അമ്മയെയും എറണാകുളം മുഴുവൻ ചുറ്റിക്കാണിച്ച് ഇഷ്ടപ്പെട്ടതെല്ലാം വാങ്ങിക്കൊടുത്താണ് അവർ മടങ്ങിയത്. കളികൾക്കിടെ തന്നെ ഓൺലൈൻ വില്പനയുമായി ബന്ധപ്പെട്ട കാര്യങ്ങളും പറഞ്ഞു പഠിപ്പിച്ചു.
മൂന്നാഴ്ചക്കുള്ളിൽ ഓൺലൈൻ അച്ചാർ വില്പന ലോഞ്ച് ചെയ്യും. അമ്മ ജെസിയെ സംരംഭത്തിന്റെ പങ്കാളിയാക്കും. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡറായ സെലിബ്രിറ്റിയും ഡൈനീഷ്യയും ചേർന്നുള്ള നൃത്തപ്പരസ്യവും തയ്യാറാക്കും. എറണാകുളത്ത് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിലാകും ലോഞ്ചിംഗ്.
'ഈ ഉന്തുവണ്ടിയിലുണ്ട് നാലാം ക്ളാസുകാരിയുടെ ജീവിത പാഠം" എന്ന കേരളകൗമുദി വാർത്തയാണ് നിത്യച്ചെലവിനായി പെടാപ്പാടു പെടുന്ന കുടുംബത്തിന്റെ തലവര മാറ്റിയത്. ഡി.വൈ.എഫ്.ഐ ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ വീടും ഉടൻ പണിഞ്ഞു നൽകും.
അമ്മയ്ക്ക് ചികിത്സ
ഡൈനീഷ്യയുടെ അമ്മ ജെസിയുടെ കാഴ്ച വീണ്ടെടുക്കാൻ ചികിത്സ നടത്തും. കേൾവിക്കുറവിന് ശ്രവണസഹായിയും നൽകും. പിതാവ് യേശുദാസിന് മാസം 30,000 രൂപ ശമ്പളത്തിൽ കഴിഞ്ഞ ദിവസം ജോലി വാഗ്ദാനം ചെയ്തിരുന്നു.
ഡൈനീഷ്യ മിടുക്കിയാണ്. ഇതൊരു ചാരിറ്റി പ്രവർത്തനമല്ല. ഡൈനീഷ്യയിലെ സംരംഭകയെ ഉയർത്തിക്കൊണ്ടു വരികയാണ് ലക്ഷ്യം.
അനീഷ് അച്യുതൻ,
സഹസ്ഥാപകൻ
ഓപ്പൺ
അങ്കിളും ആന്റിമാരും വന്ന് എന്റെകൂടെ ഡാൻസ് കളിച്ചപ്പോൾ വലിയ സന്തോഷായി. ഓൺലൈനിൽ അച്ചാർ വിൽക്കുന്നതിനെപ്പറ്റിയും പറഞ്ഞു തന്നു.
ഡൈനീഷ്യ യേശുദാസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |