കല്ലമ്പലം: പള്ളിക്കലിൽ വധശ്രമക്കേസിൽ മദ്ധ്യവയസ്കൻ അറസ്റ്റിൽ. മടവൂർ പുലിയൂർകോണം കിഴക്കനേല പേരയിൽ വീട്ടിൽ ശശിയാണ് (58) അറസ്റ്റിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 4ഓടെയായിരുന്നു സംഭവം. പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ പ്രതി പശുവിനെ കെട്ടിയത് സംബന്ധിച്ചുള്ള വഴക്കിനെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ വിരോധത്തിലാണ് കൊലപാതക ശ്രമം.
മടവൂർ പുലിയൂർകോണം കിഴക്കനേല തറട്ടയിൽ വീട്ടിൽ അരവിന്ദാക്ഷനെയാണ് (52) പ്രതി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. അരവിന്ദാക്ഷൻ തന്റെ കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ട് നിൽക്കുമ്പോൾ പ്രതി വെട്ടുകത്തിയുമായെത്തി അസഭ്യം പറയുകയും തറയിൽ തള്ളിയിട്ട ശേഷം കഴുത്തിനുനേരെ വെട്ടി എന്നുമാണ് പരാതി. ഒഴിഞ്ഞു മാറിയ അരവിന്ദാക്ഷന്റെ വലതു കണ്ണിനു താഴെ പരിക്കേറ്റു. തുടർന്ന് പ്രതി വെട്ടുകത്തിയുടെ കൈപിടികൊണ്ട് ശരീരത്തിൽ പലവട്ടം മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തിൽ വാരിയെല്ല് പൊട്ടിയ അരവിന്ദാക്ഷനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കൽ സി.ഐ ശ്രീജിത്ത്. പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |