SignIn
Kerala Kaumudi Online
Monday, 18 May 2026 5.51 AM IST

തൃശൂരിൽ കനത്തമഴ; പൂരം വെടിക്കെട്ട് മാറ്റിവച്ചു, പുതുക്കിയ സമയം പിന്നീട്

pooram

തൃശൂർ: നാളെ പുലർച്ചെ മൂന്നിന് നടത്താനിരുന്ന പൂരം വെടിക്കെട്ട് മാറ്റിവച്ചു. തൃശൂരിൽ പെയ്‌ത കനത്ത മഴയെ തുടർന്നാണ് പൂരം വെടിക്കെട്ട് മാറ്റിയത്. നാളത്തെ കാലാവസ്ഥ നോക്കിയശേഷം പുതിയ സമയം നിശ്ചയിക്കും. രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം പൂരം ആഘോഷിക്കാനെത്തിയ ഉത്സവപ്രേമികൾക്ക് അൽപം നിരാശയുണ്ടാക്കുന്നതാണ് ഈ തീരുമാനം. പൂരത്തിൽ മേളപ്രേമികളുടെയും ആനപ്രേമികളുടെയും പോലെതന്നെ പ്രധാനമാണ് വെടിക്കെട്ടിനെ ഇഷ്‌ടപ്പെടുന്നവരുടെ പങ്കാളിത്തവും.

നേരത്തെ കുടമാറ്റ സമയത്തും കനത്തമഴ പെയ്‌തിരുന്നു. എന്നാൽ നിറഞ്ഞ് തുളുമ്പിയ പുരുഷാരം കണ്ണിമചിമ്മാതെ പിന്മാറാതെ ആവേശപൂർവം കുടമാറ്റം മുഴുവൻ കണ്ടു. 5.30ന് ആരംഭിച്ച കുടമാറ്റം 7 മണിയോടെ സമാപിച്ചു.

ദേവീരൂപവും, ബുദ്ധനും, മഹാവിഷ്ണുവും അങ്ങനെ വിവിധ തരം കുടകൾ മാറി പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങൾ പൂരം കുടമാറ്റം മനോഹരമാക്കി. തിരുവമ്പാടി ചന്ദ്രശേഖരൻ കോലമേന്തിയ തിരുവമ്പാടിയുടെ 15 ആനകളും പാറമേക്കാവ് ശ്രീ പത്മനാഭന്റെ നേതൃത്വത്തിൽ പാറമേക്കാവിന്റെ 15 ആനകളും നിരന്ന കുടമാറ്റത്തിൽ പൂരനഗരിയിൽ ജനം ആഹ്ളാദാരവം മുഴക്കി.

ഘടകപൂരങ്ങളുടെ വരവോടെ രാവിലെ ഏഴ് മണിയ്ക്ക് തന്നെ സജീവമായ പൂരപറമ്പിൽ കനത്ത സുരക്ഷയാണ് ഇത്തവണ ഏർപ്പെടുത്തിയിരുന്നത്.തെക്കേനടയിലെ പൊലീസ് കൺട്രോൾ റൂമിന് മുന്നിലായി സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി പൂരം ആസ്വദിക്കുന്ന സൗകര്യമുളള സ്ത്രീസൗഹൃദ പൂരമായിരുന്നു ഇത്തവണ. കോങ്ങാട് മധുവിന്റെ പ്രാമാണികത്വത്തിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം നടന്നു. രണ്ടരയോടെ പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറി. നാളെ രാവിലെ ഒൻപതിന് ശ്രീമൂലസ്ഥാനത്താണ് പൂരം വിടചൊല്ലിപ്പിരിയുന്ന ചടങ്ങ് നടക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POORAM FIREWORKS, THRISSUR POORAM, HEAVY RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA