SignIn
Kerala Kaumudi Online
Friday, 26 April 2024 2.41 PM IST

ജമ്മു കാശ്‌മീർ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്‌മ കേരളത്തിൽ, ഗുജറാത്തിൽ വെറും 4 ശതമാനം മാത്രം

unemployment

ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവുമൊക്കെ നേടിയിട്ടും തൊഴിലിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നവരുടെ എണ്ണം കുത്തനേ കൂടുകയാണ് കേരളത്തിൽ. എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽ 37.71 ലക്ഷം പേർ രജിസ്​റ്റർ ചെയ്ത് ജോലിക്കായി കാത്തിരിക്കുന്നെന്നാണ് കഴിഞ്ഞ ജൂണിൽ മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചത്. പതിനൊന്ന് ശതമാനമാണ് സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക്. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് രൂക്ഷമാണ്. രണ്ടുവർഷം മുൻപ്, 2020 ജൂണിലെ കണക്കനുസരിച്ച് കേരളത്തിൽ 27.3ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഇക്കാലയളവിൽ രാജ്യത്ത് 20.8ശതമാനം മാത്രമായിരുന്നു തൊഴിലില്ലായ്മ നിരക്കെന്നത് കൂട്ടിവായിക്കുമ്പോഴാണ് കേരളത്തിലെ തൊഴിലില്ലായ്മയുടെ ഗൗരവം വ്യക്തമാവുക. 40ലക്ഷം തൊഴിൽരഹിതരായ അഭ്യസ്തവിദ്യരും അഞ്ചുലക്ഷം ജോലി മുടങ്ങിപ്പോയ വനിതകളും കേരളത്തിലുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

കാലത്തിന് അനുസരിച്ച് ഉന്നതവിദ്യാഭ്യാസം പൊളിച്ചുപണിത്, കേരളത്തിന്റെ ശാപമായ തൊഴിലില്ലായ്മയെ നേരിടാനുള്ള പ്രായോഗിക പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്. വിപ്ലവമായി മാറിയ കുടുംബശ്രീയുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും വിജയഗാഥ ഉൾക്കൊണ്ട്, ഉന്നതവിദ്യാഭ്യാസം നേടിയവരുടെ തൊഴിലുറപ്പ് പദ്ധതി ബഡ്‌ജറ്റിലൂടെ പ്രഖ്യാപിച്ചു. അഞ്ചു വർഷം കൊണ്ട് 20ലക്ഷം തൊഴിൽ ഉറപ്പാക്കി കേരളത്തിന്റെ ശാപമായ തൊഴിലില്ലായ്മയെ നേരിടാനുള്ള മഹാദൗത്യമായി കേരള ഡെവലപ്‌മെന്റ്‌ ആൻഡ്‌ ഇന്നൊവേഷൻ സ്‌ട്രാറ്റജിക്‌ കൗൺസിലിന്റെ (കെ-ഡിസ്ക്) കേരള നോളജ് ഇക്കോണമി മിഷൻ തയാറാക്കിയ പദ്ധതി സർക്കാർ നടപ്പാക്കുകയാണിപ്പോൾ. അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് പിന്തുണ നൽകുന്നതിനൊപ്പം മനുഷ്യവിഭവശേഷി പരമാവധി ഉപയോഗപ്പെടുത്താനാവുന്ന തരത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. ഇതിനായി തൊഴിൽദായകരെയും തൊഴിലന്വേഷകരെയും പരിശീലകരെയും പൊതുസംവിധാനമായ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെ ഏകോപിപ്പിക്കുന്നു. രണ്ട് ഘട്ടങ്ങളിലായി 10,600കോടി ചെലവിലാണ് പദ്ധതി നടപ്പാക്കുക. 300കോടി ബഡ്ജറ്റ് വിഹിതമുണ്ട്.

തൊഴിലുറപ്പാക്കൽ മാത്രമല്ല, പുതിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് തൊഴിൽ മേഖലയിൽ ചലനമുണ്ടാക്കാനുള്ള നൈപുണ്യം നേടിയ യുവസമൂഹത്തെ സൃഷ്ടിച്ചെടുക്കുകയെന്ന ദൗത്യവും സർക്കാർ ഏറ്റെടുക്കും. ഇതിനായി ഉന്നതവിദ്യാഭ്യാസ, ഗവേഷണ മേഖലയുടെ സമൂലപരിഷ്കരണത്തിനായി മൂന്നുസമിതികളെ നിയോഗിച്ചിട്ടുണ്ട്. വ്യവസായമേഖലയുടെ ആവശ്യത്തിനനുസരിച്ചുള്ള വിദ്യാഭ്യാസ പരിശീലനം ലഭ്യമാക്കും. തിരിച്ചെത്തിയ പ്രവാസികൾക്കും അദ്ധ്യാപകർക്കും വിദഗ്ദ്ധപരിശീലനം നൽകും.വീട്ടിലിരുന്ന് ജോലി, വീടിനടുത്ത് ജോലി എന്നിവ പ്രോത്സാഹിപ്പിക്കും. മുപ്പതിനായിരം രൂപയെങ്കിലും വരുമാനമുള്ള ജോലികളായിരിക്കും ലക്ഷ്യം. ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് സർക്കാർ നൈപുണ്യപരിശീലനം നൽകിയശേഷം തൊഴിൽ ദാതാക്കളുമായി ബന്ധപ്പെടുത്തും. ആഗോളതലത്തിൽ 12ലക്ഷം, തദ്ദേശീയമായി എട്ടുലക്ഷം തൊഴിൽ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ വാഗ്ദാനം 6000 തൊഴിലാണ്. നൈപുണ്യപരിശീലനം, അടിസ്ഥാന സൗകര്യമൊരുക്കൽ, തൊഴിലിടങ്ങൾ സജ്ജമാക്കൽ എന്നിവയ്ക്ക് 5000കോടി ചെലവുണ്ട്. സ്‌കിൽസിറ്റി, സ്‌കിൽ ലൈസിയം, ടാലന്റ് പൂളുണ്ടാക്കൽ എന്നിവയ്ക്ക് 5600 കോടി ചെലവുണ്ടാവും. പദ്ധതിക്കായി 2000 കോടി കിഫ്ബി നൽകും. ബാക്കി അന്താരാഷ്ട്ര വായ്പ. കുടുംബശ്രീ വഴി 65ലക്ഷം കുടുംബങ്ങളിൽ നൈപുണ്യവികസന ജനകീയ പ്രചാരണം നടത്തും. അഞ്ച് വർഷംകൊണ്ട് 35ലക്ഷം പേർക്ക് നൈപുണ്യപരിശീലനം നൽകും. പുതിയ തൊഴിലവസരങ്ങൾക്കായി വിപണിയെ മനസിലാക്കിയുള്ള നൈപുണ്യ, മൂല്യനിർണയ, മൈക്രോ പരിശീലനം, കരിയർ കൗൺസലിംഗ് എന്നിവ നൽകും. ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ അഭ്യസ്തവിദ്യർക്ക് രജിസ്റ്റർ ചെയ്യാം. എച്ച്.ആർ ഏജൻസികളെയും സംരംഭകരെയും പ്ലേസ്‌മെന്റ് ഓഫീസർമാരെയും ഇതുമായി ബന്ധിപ്പിക്കും. വിദേശ വെബ്പോർട്ടലുകൾ വിദേശ തൊഴിലവസരങ്ങൾ നിരത്തും, അപേക്ഷ സ്വീകരിക്കും. തൊഴിൽ അന്വേഷകരെ കണ്ടെത്താനും പരിശീലിപ്പിക്കാനും കുടുംബശ്രീയും അസാപ്പും കൈകോർക്കും.

തൊഴിൽതേടി അലച്ചിൽ

സംസ്ഥാനത്തെ 85 എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽ തൊഴിലിനായി രജിസ്റ്റർചെയ്ത് കാത്തിരിക്കുന്നവരുടെ വിവരങ്ങൾ കേട്ടാൽ ആരും ഞെട്ടും. തൊഴിലിനായി കാത്തിരിക്കുന്നവരിൽ 85,606 എൻജിനിയറിംഗ് യോഗ്യതയുള്ളവരുണ്ട്. 47400 പേർ എൻജിനിയറിംഗ് ബിരുദധാരികളും 38,206പേർ എൻജിനിയറിംഗ് ഡിപ്ലോമ നേടിയവരുമാണ്. 8,559 എം.ബി.ബി.എസുകാരും തൊഴിൽ കാത്തിരിക്കുന്നു. ബിരുദധാരികളായ തൊഴിലന്വേഷകരിൽ വനിതകളാണു കൂടുതൽ - 7158 ഡോക്ടർമാരും 26,163 എൻജിനിയർമാരും. സംസ്ഥാനത്താകെ തൊഴിൽ കാത്തിരിക്കുന്നവരിൽ 18.52 ലക്ഷം പേരും വനിതകളാണ്. തൊഴിൽ തേടുന്നവരുടെ എണ്ണത്തിൽ തിരുവനന്തപുരം ജില്ലയാണു മുന്നിൽ. പട്ടികജാതി വിഭാഗത്തിൽ നിന്ന് 5,43,721 പേരും പ​ട്ടി​കവർഗ​ വി​ഭാ​ഗ​ത്തി​ൽ​ ​നി​ന്ന് 43,874 പേരും ജോലികാത്തിരിക്കുന്നു.

രാജ്യത്ത് രണ്ടാമത്

ജമ്മുകാശ്മീർ കഴിഞ്ഞാൽ രാജ്യത്ത് യുവാക്കൾക്കിടയിൽ ഏറ്റവുമധികം തൊഴിലില്ലായ്മയുള്ളത് കേരളത്തിലാണ്. കേരളത്തിലെ യുവജനങ്ങളിൽ 43 ശതമാനത്തിനും തൊഴിലില്ലെന്നാണ് ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ പിരിയോഡിക് ലേബർഫോഴ്സ് സർവേയുടെ കണ്ടെത്തൽ. 15മുതൽ 29 വയസു വരെയുള്ളവരിൽ 2019 ഒക്ടോബറിൽ 36.3 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഇത് ഓരോ വർഷവും കൂടുകയാണ്. കൊവിഡിനുമുമ്പ് യുവാക്കളുടെ തൊഴിലില്ലായ്മയിൽ രാജ്യത്ത് കേരളമായിരുന്നു മുന്നിൽ, 36.3 ശതമാനം. പിന്നീട് ജമ്മുകാശ്മീർ 43.9ശതമാനം നിരക്കുമായി മുന്നിലെത്തി. എല്ലാ പ്രായവിഭാഗങ്ങളും ഒരുമിച്ചെടുക്കുമ്പോഴും രാജ്യത്ത് രണ്ടാംസ്ഥാനത്താണ് കേരളം. 17.8 ശതമാനത്തോടെ ഇതിലും ജമ്മുകാശ്മീരാണ് ഏ​റ്റവും മുന്നിൽ. ഗുജറാത്തിൽ കേവലം നാല് ശതമാനം മാത്രമാണ് തൊഴിലില്ലായ്മ. തമിഴ്നാട്ടിൽ 8.9ഉം കർണാടകത്തിൽ 7.1ഉം ശതമാനമാണ് തൊഴിലില്ലായ്മ.

മൂന്നരലക്ഷം പ്രവാസികളും

കൊവിഡ് കാലത്ത് മടങ്ങിയെത്തിയ 17.51 ലക്ഷം പ്രവാസികളിൽ മൂന്നരലക്ഷം പേർക്ക് തൊഴിൽ നഷ്ടമായി. ഇതിൽ രണ്ടേകാൽ ലക്ഷത്തോളം പേ‌ർക്ക് നാട്ടിലും തൊഴിലില്ലാത്ത അവസ്ഥയാണ്. തൊഴിൽ പരിശീലനത്തിന് ശേഷം വിദേശത്തേക്ക് മടങ്ങാൻ സഹായിക്കുന്ന 100 കോടിയുടെ പദ്ധതിയടക്കം പല സമാശ്വാസ-വായ്പാ പദ്ധതികളുണ്ടെങ്കിലും പ്രവാസികൾക്ക് ഗുണം കിട്ടുന്നില്ല.

മടങ്ങിവന്ന പ്രവാസികൾക്കായി 2000 കോടിയുടെ സമഗ്ര പുനരധിവാസ പാക്കേജിനുള്ള ശുപാർശ കേന്ദ്രത്തിന് നൽകുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല.

കൊവിഡ് ജാഗ്രതാ പോർട്ടലിലെ കണക്കുപ്രകാരം 2021 ഒക്‌ടോബർ 26 വരെ 17,51,852 പ്രവാസി മലയാളികളാണ് തിരികെ എത്തിയത്. 2020 മേയ് മുതൽ 2021ഒക്‌ടോബർ വരെയുള്ള കാലയളവിൽ സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴി 39,55,230പേർ വിദേശങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. തിരിച്ചുപോകാൻ ആഗ്രഹിച്ചവരിൽ ഭൂരിഭാഗവും തിരിച്ചുപോയിട്ടുണ്ടെന്ന് ഈ കണക്ക് ചൂണ്ടിക്കാട്ടിയാണ് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം, ഒക്ടോബർ 26വരെ തിരിച്ചെത്തിയ പ്രവാസികളിൽ 12.67 ലക്ഷംപേർക്ക് തൊഴിൽ നഷ്ടമായതായി മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ള ഫണ്ടുപയോഗിച്ച് ഇവരെ പുനരധിവസിപ്പിക്കുന്നതിനും തൊഴിൽ സംരംഭക പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഫലംകണ്ടില്ല. പ്രവാസികളുടെ പ്രശ്നങ്ങളറിയാൻ പഞ്ചായത്ത് തലത്തിലുൾപ്പെടെ ഓൺലൈൻ സംഗമം, സമാശ്വാസ പ്രവർത്തനങ്ങൾക്ക് മുപ്പതു കോടി തുടങ്ങിയവയായിരുന്നു ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾ. സെന്റർ ഫോർ ഡവലപ്‌മെന്റ് സ്​റ്റഡീസ് (സി.ഡി.എസ്) ശേഖരിച്ച കണക്കുപ്രകാരമാണ് 3.42 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായതിനാൽ മടങ്ങാനായില്ലെന്ന നിഗമനത്തിലെത്തിയത്. കൊവിഡ് കാലത്ത് എത്തി മടങ്ങാനാവാത്തവരെക്കുറിച്ച് സംസ്ഥാനം സർവേ നടത്തിയിട്ടില്ലെന്നും തെലങ്കാനയിലും തമിഴ്നാട്ടിലും മൈഗ്രേഷൻ സർവേ നടത്തിയതായും ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഗ്രേഷൻ ആൻഡ് ഡെവലപ്മെന്റ് ചെയർമാൻ ഡോ.എസ്. ഇരുദയരാജൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNEMPLOYABILITY, KERALA, JAMMU KASHMIR, GUJRAT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.