കൊട്ടാരക്കര: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന മുൻ പൂജാരി അറസ്റ്റിൽ. കൊട്ടാരക്കര വെട്ടിക്കവലയിൽ താമസമാക്കിയിരുന്ന കോട്ടയം കുമാരനല്ലൂർ വടക്കേക്കര മഠത്തിൽ സജിത്തിനെയാണ് (36) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.കൊട്ടാരക്കര സ്റ്റേഷൻ പരിധിയിലെ കണ്ണങ്കോട് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ചെങ്ങമനാട് കല്ലൂർക്കാവ് ശ്രീകൃഷ്ണ ക്ഷേത്രം, ഇരണൂർ ശ്രീദുർഗാദേവീക്ഷേത്രം എന്നിവിടങ്ങളിൽ അടുത്തിടെ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ടാണ് പ്രതി പിടിയിലായത്.
ക്ഷേത്രങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്. വിരലടയാളങ്ങളും സജിത്തിന്റേതെന്ന് കണ്ടെത്തിയിരുന്നു. ജില്ലയ്ക്ക് അകത്തും പുറത്തും നടത്തിയ അന്വേഷണത്തിനൊടുവിൽ കൊട്ടാരക്കര സദാനന്തപുരം ആശ്രമ പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.പൂയപ്പള്ളി കരിങ്ങന്നൂർ ക്ഷേത്രം, കൊട്ടാരക്കര തെച്ചിയോട് ക്ഷേത്രം, പുത്തൂർ തിരു ആദിശമംഗലം ക്ഷേത്രം എന്നിവിടങ്ങളിലെ മോഷണവുമായി ബന്ധപ്പെട്ട് നേരത്തെ സജിത്ത് പിടിയിലായിരുന്നു. കഴിഞ്ഞ മാർച്ച് 30ന് ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയശേഷം മോഷണത്തിൽ സജീവമാവുകയായിരുന്നു.
കൊട്ടാരക്കര സി.ഐ ജോസഫ് ലിയോൺ, എസ്.ഐമാരായ ദീപു, ജി.രാജീവ്, കെ.ജോൺസൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
40 ദിവസം 8 മോഷണം
40 ദിവസത്തിനുള്ളിൽ എട്ട് ക്ഷേത്രങ്ങളിലാണ് അടുത്തിടെ മോഷണം നടത്തിയത്. ഒന്നര ലക്ഷം രൂപയും സ്വർണ പൊട്ടുകളും കവർന്നു. പോത്തൻകോട് ക്ഷേത്രത്തിലെ പൂജാരിയായിരിക്കവെയാണ് സജിത്തിനെ ആദ്യമായി മോഷണക്കേസിൽ പിടികൂടുന്നത്. നമ്പൂതിരിയെന്ന വിളിപ്പേര് ലഭിച്ചത് അവിടെവച്ചാണ്.
മോഷ്ടാവായത് വഴിവിട്ട സന്തോഷങ്ങൾക്ക്
അറിയപ്പെടുന്ന നമ്പൂതിരി കുടുംബത്തിൽ നിന്ന് അമ്പലക്കള്ളനായി സജിത്ത് മാറിയത് വഴിവിട്ട സന്തോഷത്തിനായാണ്. കോട്ടയം കുമാരനല്ലൂർ വടക്കേക്കര മഠത്തിൽ സജിത്തിന് (36) മദ്യപാനവും സിനിമ കാണലും അനാശാസ്യ പ്രവർത്തനങ്ങളോടുമായിരുന്നു കമ്പം.
പത്താം ക്ളാസ് വരെ പഠിച്ചശേഷം തന്ത്രവിദ്യകൾ അഭ്യസിച്ച് ക്ഷേത്ര പൂജാരിയായി. ഏറെക്കാലമായി വീട്ടിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു. 2016ൽ തിരുവനന്തപുരം പോത്തൻകോട് ക്ഷേത്രത്തിലെ പൂജാരിയായിരിക്കെ ക്ഷേത്രത്തിൽ നടന്ന മോഷണത്തിലാണ് സജിത്ത് ആദ്യമായി പിടിക്കപ്പെടുന്നത്. രണ്ടുവർഷത്തെ ജയിൽശിക്ഷ അനുഭവിച്ച് പുറത്തിറങ്ങി വീണ്ടും മോഷണത്തിലേക്ക് തിരിഞ്ഞു.
2018ൽ സജിത്ത് വീണ്ടും പിടിയിലായി. ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങാറില്ല. ജയിലിലെ പാചകത്തിനും മറ്റ് ജോലികൾക്കും സജീവമായി ഇടപെടും. ശിക്ഷ പൂർത്തിയാക്കിയാണ് പുറത്തിറങ്ങുന്നത്. എവിടെയും സ്ഥിരമായി താമസിക്കില്ല. മൊബൈൽ ഫോണും ഉപയോഗിക്കാറില്ല. മോഷണം നടത്തി അന്നുതന്നെ സ്ഥലം വിടുമെങ്കിലും വിവിധ സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങി ദിവസങ്ങൾക്കുള്ളിൽ അതേ സ്ഥലത്തെത്തുന്നതാണ് രീതി. ക്ഷേത്രങ്ങളിൽ മാത്രമാണ് മോഷണം നടത്താറുള്ളത്. കഴിഞ്ഞ മാർച്ച് 30ന് ജയിലിൽ നിന്ന് ഇറങ്ങിയശേഷം സദാനന്ദപുരം ആശ്രമത്തിന്റെ ഏക്കറുകണക്കിന് കാടുമൂടിയ ഭൂമിയിൽ ഷെഡ് കെട്ടി താമസിച്ചാണ് മോഷണം നടത്തിയത്.
ഇതിനിടയിൽ നാഗർകോവിൽ, തിരുവനന്തപുരമടക്കം വിവിധ ഇടങ്ങളിൽ ബസിൽ യാത്ര ചെയ്തു. മോഷണത്തിന് സഹായികളെ കൂട്ടാറില്ല. സ്വർണ പൊട്ടുകൾ കൊല്ലത്ത് നിസാര വിലയ്ക്കാണ് വിൽക്കുന്നത്. സജിത്തിന്റെ സ്വഭാവ ദൂഷ്യം അറിഞ്ഞതോടെ കുടുംബാംഗങ്ങൾ അടുപ്പിച്ചിരുന്നില്ല.