ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ നടക്കുന്ന 'എന്റെ കേരളം' പ്രദർശന മേളയുടെ പ്രവേശന കവാടത്തിൽ സ്ഥാപിച്ച നഗരസഭയുടെ സെൽഫി പോയിന്റ് ക്ലിക്കായി. കുടുംബങ്ങളുടേയും സുഹൃത്ത് സംഘങ്ങളുടെയും സെൽഫി ക്ലിക്കുകളുടെ തിരക്കാണിവിടെ. നഗരത്തിന്റെ പ്രകാശഗോപുരമായ ആലപ്പുഴ ലൈറ്റ് ഹൗസിന്റെ മിനി രൂപം ഉൾപ്പടെയുള്ള സെൽഫി പോയിന്റിൽ പ്രായഭേദമന്യേയാണ് ജനങ്ങൾ ഒഴുകിയെത്തുന്നത്. വിശാലമായ പ്രദർശന സ്റ്റാളുകൾ കൂടാതെ കുടുംബശ്രീയൊരുക്കുന്ന ഫുഡ് കോർട്ടുമുണ്ട്. ജില്ലയുടെ നാനാ ഭാഗത്തു നിന്നും ജനസഞ്ചയം മേളയ്ക്കെത്തുന്നുണ്ട്. എല്ലാ സർക്കാർ സേവനങ്ങളും ഒരു കുടക്കീഴിൽ എന്നതാണ് പ്രത്യേകത.
വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങളെ അടുത്തറിയുകയും ഗുണമേന്മയുള്ള ഉത്പനങ്ങൾ വാങ്ങുകയുമാവാം. നഗരസഭയുടെ സ്റ്റാളും വൈവിധ്യം കൊണ്ട് ശ്രദ്ധേയമാണ് . നിർമ്മല ഭവനം നിർമ്മല നഗരം - 2.0, അഴകോടെ ആലപ്പുഴ പദ്ധതിയുടെ ഭാഗമായ ഖരമാലിന്യ സംസ്കരണ മാതൃക, മാലിന്യത്തിൽ നിന്നും വിപണി മൂല്യമുള്ള ജൈവ വള നിർമ്മാണം, വിവിധ ക്ഷേമ, വികസന പ്രവൃത്തി രേഖ , ആലപ്പുഴ എസ്ഡി കോളേജ് രസതന്ത്ര വിഭാഗം നഗരസഭയുമായി ചേർന്ന് അവതരിപ്പിക്കുന്ന മാലിന്യത്തിൽ നിന്നുള്ള ഊർജ്ജം പദ്ധതി, ലൈവ് ക്വിസ് പ്രോഗ്രാം തുടങ്ങിയ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട് . നഗരപരിധിയിലുള്ളവർക്ക് 90% സബ്സിഡിയോടെ അടുക്കള മാലിന്യ സംസ്കരണ ഉപാധിയായ ബയോ കമ്പോസ്റ്റർ ബുക്ക് ചെയ്യാം.ശുചിത്വവുമായി ബന്ധപ്പെട്ട ക്വിസ് പ്രോഗ്രാമിലെ വിജയികൾക്ക് നഗരസഭയുടെ കൃഷിത്തോട്ടത്തിൽ വിളഞ്ഞ പച്ചക്കറികൾ സമ്മാനമായും നൽകുന്നുണ്ട് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |