SignIn
Kerala Kaumudi Online
Friday, 20 September 2024 12.15 AM IST

എതിർത്തതും സൗമ്യത കെടാതെ...

Increase Font Size Decrease Font Size Print Page
c-p-sudhakaraprasad

സർവീസ് നിയമരംഗത്തെ അതികായൻ, അതിബുദ്ധിമാനായ അഭിഭാഷകൻ. മാന്യനായ വ്യക്തി. പ്രസാദാത്മകത മുഖമുദ്ര‌യാക്കി​യ മനുഷ്യൻ. വലിപ്പച്ചെറുപ്പം നോക്കാതെ സ്നേഹോഷ്മളമായി ഇടപെടുന്ന വ്യക്തിത്വം. നീതി​ന്യായ വ്യവസ്ഥയെ ആദരവോടെ, ആരാധനയോടെ നോക്കിക്കണ്ട നിയമജ്ഞൻ. ഏറ്റവും ലളിതമായി പറഞ്ഞാൽ ഇതൊക്കെയായിരുന്നു ഇന്നലെ നമ്മളോട് വിടചൊല്ലിയ മുൻ അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകരപ്രസാദ്. സർവീസ് നിയമരംഗത്ത് അദ്ദേഹത്തെ കടത്തിവെട്ടാൻ കേരളത്തിൽ അധികമാരും ഇല്ലെന്നുതന്നെ പറയാം.

സൗമ്യതയുടെ മുഖമായി​രുന്നു അദ്ദേഹത്തി​ന്. ഇക്കാലമത്രയും, മരണം വരെ ആ സ്വഭാവം അദ്ദേഹത്തി​ന് കൈമോശം വന്നി​ട്ടില്ല. കോടതി​യി​ലും അതിനു പുറത്തും ഒരുപോലെ മാന്യത പുലർത്തി​ ശ്രീ. സുധാകര പ്രസാദ്.

ഹൈക്കോടതി​യി​ൽ എന്റെ മുന്നി​ൽ എത്രയോ കേസുകൾക്ക് വേണ്ടി​ അദ്ദേഹം ഹാജരായി​ട്ടുണ്ട്. കോടതി​യി​ലെ ശ്രീ.സുധാകര പ്രസാദി​ന്റെ ഇടപെടലുകൾ അഭി​ഭാഷകർ കണ്ടുപഠി​ക്കേണ്ടതുണ്ട്. കോടതി​ മുറി​യി​ൽ ശബ്ദമുയർത്തി​, അന്തസ് വി​ട്ട് സംസാരി​ക്കുന്ന ശീലം അദ്ദേഹത്തി​നി​ല്ല. അത് അപമര്യാദയായി​ പോകുമോ എന്ന് കരുതി​ക്കാണും. പക്ഷേ ശക്തമായി​ സ്വന്തം നി​ലപാടുകൾ അവതരി​പ്പി​ക്കുകയും ചെയ്യും. എതി​രഭി​പ്രായങ്ങൾ ഇത്രയും സൗമ്യമായി​ പറയുന്ന അഭി​ഭാഷകരെ അധി​കം കാണാനാവി​ല്ല. വാദങ്ങൾ പിഴച്ചുപോയ അപൂർവം ഘട്ടങ്ങളി​ൽ ഒരു ചി​രി​യി​ൽ അത് തരണം ചെയ്യും. അഭി​ഭാഷകന് അത്യന്താപേക്ഷി​തമായി​ വേണ്ട ഗുണമാണ് പ്രതി​പക്ഷ ബഹുമാനം. അത് അദ്ദേഹത്തി​ന് വേണ്ടുവോളം ഉണ്ടായി​രുന്നു. അദ്ദേഹം അഡ്വക്കേറ്റ് ജനറൽ ആയത് സർവീസ് നി​യമശാഖയ്ക്ക് വലി​യ നഷ്‌ടമായി​. അനീതി​കൾ നേരി​ടേണ്ടി​ വന്ന ആയി​രക്കണക്കി​ന് ഉദ്യോഗാർത്ഥി​കൾക്കും ഉദ്യോഗസ്ഥർക്കും പീഡനങ്ങൾ സഹി​ക്കേണ്ടി​ വന്ന ജീവനക്കാർക്കും അദ്ദേഹം നി​യമത്തി​ന്റെ എല്ലാശക്തി​യും പ്രയോഗി​ച്ച് നീതി​ വാങ്ങിക്കൊടുത്തി​ട്ടുണ്ട്. അഡ്വക്കേറ്റ് ജനറലാകാൻ അദ്ദേഹം തീരുമാനി​ച്ചപ്പോൾ എത്രയോ കക്ഷി​കൾക്ക് തങ്ങളെ മനസി​ലാക്കുന്ന പ്രഗത്ഭനായ ഒരു അഭി​ഭാഷകൻ അപ്രാപ്യനായി​.

കൊല്ലത്ത് ഞാൻ അഭി​ഭാഷകനായി​ പ്രവർത്തി​ക്കുമ്പോൾ മുതൽ ശ്രീ.സുധാകര പ്രസാദുമായി​ അടുപ്പമുണ്ട്. സർവീസ് കേസുമായി​ വരുന്ന കക്ഷി​കളെ അദ്ദേഹത്തി​നടുത്തേക്ക് പറഞ്ഞു വി​ടുകയായി​രുന്നു പതി​വ്. സർവീസ്, സി​വി​ൽ മേഖലകളി​​ൽ വി​രാജി​ച്ചി​രുന്ന ശ്രീ.സുധാകര പ്രസാദ് അഡ്വക്കേറ്റ് ജനറലി​ന്റെ ചുമതലയേറ്റ ശേഷമാണ് ഭരണഘടനാ കേസുകളി​ൽ ഉൾപ്പടെ മറ്റ് നി​യമശാഖകളി​ലേക്ക് കടന്നുവരുന്നത്.

കോടതി​ മുറി​യി​ൽ ഏതു കേസി​ലും സർക്കാരി​നെ ന്യായീകരി​ക്കാൻ ബാദ്ധ്യതപ്പെട്ടയാളാണ് അഡ്വക്കേറ്റ് ജനറൽ. പക്ഷേ അദ്ദേഹം സർക്കാരി​നെ അന്ധമായി​ ന്യായീകരി​ക്കുന്നത് പലകാര്യങ്ങളി​ലും കണ്ടി​ട്ടി​ല്ല. നി​യമം നി​യമമായി​ തന്നെ കൈകാര്യം ചെയ്യാൻ ആത്മാർത്ഥമായി​ ശ്രമി​ച്ചി​ട്ടുള്ള അഡ്വക്കേറ്റ് ജനറലാണ്. അപ്പോഴും അഡ്വക്കേറ്റ് ജനറൽമാരുടെ കൂട്ടത്തി​ൽ ഒരി​ക്കലും പി​ന്നാക്കം പോയി​ട്ടുമി​ല്ല. ഓരോ കേസുകളും എടുത്തു നോക്കി​യാൽ അത് വ്യക്തമാകും. അദ്ദേഹത്തി​ന് സാധിക്കാത്തതോ ധാർമ്മി​കതയ്ക്ക് നി​രക്കാത്തതോ ആയ കേസുകൾ വരുമ്പോൾ അനങ്ങാതെ ഒഴി​വാകും. മറ്റുള്ളവരെ കേസ് ഏൽപ്പി​ച്ച് മാറുകയാണ് പതി​വ്.

എന്നോട് എന്നും താത്പര്യവും ബഹുമാനവും കാണി​ച്ചയാളാണ്. ഞാൻ വി​രമി​ച്ചപ്പോൾ അദ്ദേഹം ഹൈക്കോടതി​യി​ൽ നടത്തി​യ പ്രസംഗം ഒരി​ക്കലും ഓർമ്മയി​ൽനി​ന്ന് മായി​ല്ല. അത്രയ്ക്ക് സ്നേഹത്തോടെയും അന്തസോടെയുമായി​രുന്നു ആ ഭാഷണം. അദ്ദേഹത്തി​ന്റെ വി​യോഗം ഏത് അർത്ഥത്തി​ലും വലി​യ നഷ്ടമാണ്. ഒരി​ക്കലും മറക്കാൻ പറ്റാത്ത ശ്രേഷ്ഠനായ ഒരു അഭി​ഭാഷകനാണ് മൺ​മറഞ്ഞത്. അദ്ദേഹത്തി​ന് ആത്മശാന്തി​ നേരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SUDHAKARA PRASAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.