ബറോസ് പൂർത്തിയായശേഷം റാം പുനരാരംഭിക്കും
മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ബറോസ് എന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ജൂൺ മധ്യത്തിൽ പോർച്ചുഗലിൽ ആരംഭിക്കും. ചിത്രത്തിന്റെ ഗോവ ഷെഡ്യൂൾ കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. ഒരുമാസത്തെ ചിത്രീകരണമാണ് ഗോവയിൽ പ്ളാൻ ചെയ്തിരുന്നത്.
പോർച്ചുഗലിനുപുറമേ ആംസ്റ്റർഡാമിലും ചിത്രീകരണം ഉണ്ടാവും. ബറോസ് പൂർത്തിയായശേഷം മോഹൻലാൽ റാമിന്റെ തുടർ ചിത്രീകരണത്തിലേക്ക് കടക്കും. പോർച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്കോ ഡാ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്.
നാനൂറ് വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാർത്ഥ അവകാശിയെ കാത്തിരിക്കുന്നതാണ് പ്രമേയം.
മോഹൻലാൽ തന്നെയാണ് നായക കഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്. മൈ ഡിയർ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് ഒരുങ്ങുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ചിത്രീകരണം 2019 ജനുവരി അഞ്ചിനായിരുന്നു ആരംഭിച്ചത്. ഉസ്കബിസ്ഥാൻ, കെയ്റോ, ലണ്ടൻ എന്നിവിടങ്ങളിലെ ചിത്രീകരണമാണ് അവശേഷിക്കുന്നത്. തൃഷയാണ് ചിത്രത്തിൽ നായിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |