SignIn
Kerala Kaumudi Online
Friday, 22 May 2026 2.00 AM IST

മന്ത്രി വീണ ജോർജ് വഴിതെറ്റിവന്നത് നന്നായി, ദൈവനിയോഗമെന്ന് ഗോവ ഗവർണർ അഡ്വ. ശ്രീധരൻ പിള്ള

veena-george-sreedharan-p

അടുത്തിടെ ആരോഗ്യ മന്ത്രി വീണ ജോർജ് വഴി തെറ്റി മറ്റൊരു പരിപാടിയിൽ എത്തിയത് ഏറെ വിവാദമായിരുന്നു. മാവേലിക്കരയിൽ ആത്മബോധോദയ സംഘം സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി മാറി കയറിയത്. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടകനായ ചെറുകോലിലെ പരിപാടിയിലെ വേദിയിലേക്കാണ് ആരോഗ്യ മന്ത്രി വീണ ജോർജ് അപ്രതീക്ഷിതമായി എത്തിയത്. ഗവർണറുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷമാണ് വീണ ജോർജ് എത്തിയത്. സ്റ്റേജിലെത്തി കുറെ അധികം സമയത്തിന് ശേഷമാണ് മന്ത്രിക്ക് വേദി മാറി പോയത് മനസിലായത്. സ്റ്റേജിലുണ്ടായിരുന്ന കൊടിക്കുന്നിൽ സുരേഷ് എംപിയാണ് വീണ ജോർജിനോട് പങ്കെടുക്കേണ്ട വേദി മാറിപോയ വിവരം അറിയിച്ചത്. ഉടൻ തന്നെ മന്ത്രി വേദി വിട്ടു.

വേദി മാറിപോയെങ്കിലും ഗവർണറുമായി സൗഹൃദ സംഭാഷണത്തിന് ശേഷമാണ് മന്ത്രി മടങ്ങിയത്‌. ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് പി എസ് ശ്രീധരൻ പിള്ള. 'വഴിതെറ്റൽ ദൈവനിയോഗമായ നിമിഷം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'വഴിതെറ്റൽ ദൈവനിയോഗമായ നിമിഷം

കഴിഞ്ഞാഴ്ച മാവേലിക്കര ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ നടന്ന നൂറ്റിനാൽപ്പതാമത് പൂരം ജന്മവാർഷിക ദിനാഘോഷത്തിൽ ഉദ്ഘാടകനായി പങ്കെടുക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിരുന്നു. ആശ്രമ ആസ്ഥാനം മാവേലിക്കര ടൗണിൽ നിന്ന് 4 കി.മീ വടക്കു മാറിയാണ്. ടൗണിന്റെ 5 കി.മീ തെക്ക് മാറിയാണ് കൊറ്റാർകാവ് ആശ്രമ ശാഖ സ്ഥിതി ചെയ്യുന്നത്. ഞാൻ ചെറുകോലിലും മന്ത്രി വീണാ ജോർജ് കൊറ്റാർ കാവിലുമാണ് പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. മാവേലിക്കര ശ്രീശുഭാനന്ദാശ്രമം എന്ന് കേട്ടാൽ ആരും എത്തിപ്പെടുക ചെറുകോൽ ആശ്രമ കേന്ദ്രത്തിലാണ്. ഇക്കാര്യത്തിൽ മന്ത്രിക്ക് തെറ്റുപറ്റി എന്ന് പറയുന്നതിൽ അർത്ഥമില്ല. എന്തിനും ഏതിനും അനാവശ്യമായി വിവാദം അരങ്ങു തകർക്കുന്ന കേരളത്തിൽ ഇതും വിവാദമായി! മന്ത്രി വേദിയിൽ എന്റെ സമീപമെത്തി സംസാരിച്ചപ്പോൾ, അവർ ഗുജറാത്തിൽ നടന്ന ആരോഗ്യ മന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ പഞ്ചാബിലെ ആരോഗ്യമന്ത്രി എന്നെക്കുറിച്ച് നല്ല വാക്കുകൾ പറഞ്ഞ കാര്യം വിശദീകരിച്ചു. നേരിട്ട് എനിക്കറിയാത്ത, കേട്ടിട്ടുപോലുമില്ലാത്ത, ആം ആത്മിക്കാരനായ മന്ത്രി എന്റെ കഴിവും ആത്മാർത്ഥതയും സമർപ്പണവുമൊക്കെ ഉയർത്തിക്കാട്ടിയത് അറിഞ്ഞപ്പോൾ എനിക്ക് അത്യധികം സന്തോഷം തോന്നി. ശുഭകരമായ ആ വാർത്ത കിട്ടിയത് ദൈവഹിതത്താൽ അന്ന് മന്ത്രി ദിശ തെറ്റി എത്തിയതിനാലാവാം'.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SREEDHARAN PILLAI, VEENA GEORGE, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA