SignIn
Kerala Kaumudi Online
Thursday, 19 February 2026 3.52 AM IST

കർണാടക : ശ്രീനാരായണ ഗുരു, പെരിയാർ പാഠഭാഗം ഒഴിവാക്കി

Increase Font Size Decrease Font Size Print Page
sree-narayana-guru

ബംഗളൂരു: ശ്രീനാരായണ ഗുരുദേവൻ, തമിഴ് സാമൂഹ്യ പരിഷ്‌കർത്താവായ പെരിയാർ എന്നിവരെക്കുറിച്ചുള്ള പാഠഭാഗം സിലബസിൽ നിന്നൊഴിവാക്കിയ കർണാടക സർക്കാരിന്റെ നടപടിയിൽ വ്യാപക പ്രതിഷേധം.

പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര പുസ്തകത്തിൽ നിന്നാണ് ഗുരുവിനെയും പെരിയാറിനെയും കുറിച്ചുള്ള ഭാഗങ്ങൾ നീക്കിയത്. പത്താം ക്ലാസിലെ ഒന്നാം ഭാഷ കന്നഡ പാഠപുസ്തകത്തിൽ ആർ.എസ്.എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ പ്രസംഗം ഉൾപ്പെടുത്തിയതിനെ ചൊല്ലിയുള്ള വിവാദം കെട്ടടങ്ങും മുമ്പാണിത്. സർക്കാർ നടപടിക്കെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.

സിലബസ് പരിഷ്കരിക്കാൻ ചുമതലയുള്ള വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശപ്രകാരമാണ് മാറ്റങ്ങളെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.

അടിച്ചമർത്തപ്പെട്ടവരുടെ ശാക്തീകരണത്തിനായി കഠിനാധ്വാനം ചെയ്ത നാരായണ ഗുരുവിന്റെ ആദർശങ്ങൾ ഇന്നത്തെ തലമുറയ്ക്ക് പ്രസക്തമാണെന്ന് നാരായണ ഗുരുവിന്റെ ശ്രീ ഗോകർണ്ണനാഥ ക്ഷേത്രം ട്രഷറർ ആർ.പത്മരാജ് പറഞ്ഞു. സാമൂഹ്യ പരിഷ്‌കർത്താക്കളുടെ ആശയങ്ങൾ സംസ്ഥാന സർക്കാർ വിദ്യാർത്ഥികൾക്ക് നിഷേധിക്കുകയാണെന്ന് മുൻ മംഗളൂരു സിറ്റി സൗത്ത് എം.എൽ.എ ജെ.ആർ.ലോബോ പറഞ്ഞു.റിപ്പബ്ലിക് ദിന പരേഡിൽ നാരായണ ഗുരുവുമായി ബന്ധപ്പെട്ട ടാബ്ലോ വിവാദമായതിനെ തുടർന്നാണ് നാരായണ ഗുരുവിനെക്കുറിച്ചുള്ള പാഠഭാഗം നീക്കം ചെയ്തതെന്നും ലോബോ പറഞ്ഞു.

ആരോപണങ്ങൾ ടെക്സ്റ്റ് റിവ്യൂ കമ്മിറ്റി ചെയർമാൻ രോഹിത് ചക്രതീർത്ഥ നിഷേധിച്ചു.'നാരായണ ഗുരുവിന്റെ പരിഷ്‌കാരങ്ങളെ അവഗണിക്കുന്ന പ്രശ്നമില്ല. ഏഴാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ ഗുരുവിന്റെ പ്രവർത്തനങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഇതേ പാഠത്തിൽ പെരിയാറിനെ കുറിച്ച് പരാമർശമില്ല.

TAGS: SREE NARAYANA GURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY