SignIn
Kerala Kaumudi Online
Thursday, 19 September 2024 5.15 AM IST

തെങ്ങോളം ഉയരത്തിൽ നഷ്ടവുമായി കർഷകർ

Increase Font Size Decrease Font Size Print Page
photo

തെങ്ങ് ചതിക്കില്ലെന്നു പറയുന്ന നാട്ടിൽ പക്ഷേ,​ നാളികേര കർഷകരെ നിരന്തരം പറഞ്ഞുപറ്റിക്കുകയാണ് ഭരണാധികാരികൾ. പച്ചത്തേങ്ങ സംഭരിക്കുമെന്ന് പറഞ്ഞത് നടന്നില്ല, കൊപ്ര സംഭരിക്കുമെന്ന വാഗ്ദാനം കയ്യാലപ്പുറത്തെ തേങ്ങപോലെ. എന്ന് നടക്കുമെന്ന് അധികൃതർക്കും ഉറപ്പില്ല. കേന്ദ്ര ഏജൻസി മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ പൂർണമായും പാലിക്കാൻ കഴിയാത്തതിനാലാണ് കേരഫെഡ് കൊപ്ര സംഭരണത്തിൽ നിന്നു പിന്മാറിയത്. ഇതോടെ പ്രതിസന്ധിയിലായത് സംസ്ഥാനത്തെ ലക്ഷക്കണക്കിന് നാളികേര കർഷകർ.

അപ്രായോഗിക നിബന്ധനകൾ വച്ച് കേന്ദ്രസർക്കാർ കേരളത്തിലെ കൊപ്രസംഭരണം അട്ടിമറിക്കുകയാണ്. കേരഫെഡിൽ രജിസ്റ്റർചെയ്ത സംഘങ്ങളെ മാർക്കറ്റ്‌ഫെഡിൽ രജിസ്റ്റർ ചെയ്യിച്ച് സംഭരണം തുടരുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ പല ജില്ലകളിലും ഇപ്പോഴും സംഭരണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. കൊപ്ര സംഭരിക്കുന്ന ഏജൻസി അതേ കാലയളവിൽ വെളിച്ചെണ്ണ, നാളികേര വ്യാപാരത്തിൽ ഇടപെടരുതെന്നും കേന്ദ്ര ഏജൻസിയായ നാഫെഡ് വ്യക്തമാക്കുന്നു.

കേരളത്തിൽ ഏറ്റവും പ്രചാരമുള്ളതും ജനവിശ്വാസം ആർജ്ജിച്ചതുമായ 'കേര' വെളിച്ചെണ്ണയുടെ ഉത്പാദകരായ കേരഫെഡിന് പ്രതിദിനം 100 മെട്രിക് ടൺ കൊപ്ര ആവശ്യമാണ്. കേന്ദ്ര സർക്കാരിന്റെ നിബന്ധനകൾ പ്രകാരം സംഭരണത്തിലേർപ്പെടുന്ന സ്ഥാപനം സംഭരണത്തിലൂടെയല്ലാതെ കൊപ്ര വാങ്ങുക സാദ്ധ്യമല്ല. കേരഫെഡിന് ആവശ്യമായ കൊപ്ര സംഭരണത്തിലൂടെ ലഭിക്കുന്നില്ലെന്നതാണ് വസ്തുത. ഇത് കേരവെളിച്ചെണ്ണയുടെ ഉത്പാദനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഈ നിബന്ധന നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ സംരംഭമായ കേരഫെഡിന് കൊപ്ര സംഭരണവുമായി മുന്നോട്ട് പോകാൻ കഴിയില്ല. കേന്ദ്രത്തിന്റെ ഈ കർഷകവിരുദ്ധ നടപടി വൻകിട കൊപ്രവ്യാപാര ലോബികളുടെ കടന്നുകയറ്റത്തിന് ഇടയാക്കുമെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം.

സംസ്ഥാനത്തിന്റെ നിരന്തര ആവശ്യത്തെ തുടർന്നാണ് കൊപ്രസംഭരിക്കാൻ ഫെബ്രുവരിയിൽ കേന്ദ്രം അനുമതി നൽകിയത്. പച്ചത്തേങ്ങ 32 രൂപയ്ക്കും കൊപ്ര 105.90 രൂപയ്ക്കും ഏറ്റെടുക്കാനാണ് തീരുമാനിച്ചത്. തുടർ നടപടികൾ പുരോഗമിക്കുമ്പോഴാണ് കേരഫെഡിന് പിന്മാറേണ്ടി വരുന്നത്.

വിലയില്ലെങ്കിലും ചെലവേറെ

പച്ചത്തേങ്ങയുടെ വിലയിടിവ് പരിഹരിക്കാനാണ് സംസ്ഥാന സർക്കാർ താങ്ങുവില ഏർപ്പെടുത്തിയത്. പക്ഷേ, പല കാരണങ്ങളാൽ സംഭരണം ഫലം കണ്ടില്ല. സംസ്ഥാനത്ത് അഞ്ചിടത്താണ് സംഭരണമുള്ളത്. തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, മലപ്പുറം, തൃശൂർ ജില്ലകളിൽ മാത്രം. സംഭരണ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടുമെന്ന് പറഞ്ഞെങ്കിലും നാളിതുവരെ നടന്നില്ല. സംഭരണം പേരിന് മാത്രമായതോടെ പച്ചത്തേങ്ങ പാലക്കാട്ടെ തോട്ടങ്ങളിൽ കെട്ടിക്കിടക്കുകയാണ്. ഇതോടെ തേങ്ങ കിട്ടിയവിലയ്ക്ക് സ്വകാര്യ ഏജൻസികൾക്ക് നൽകേണ്ട ഗതികേടിലാണ് കർഷകർ. പാലക്കാട് മാത്രം 56,000 ഹെക്ടറോളം പ്രദേശത്താണ് തെങ്ങ് കൃഷിയുള്ളത്. ഇളനീരിനും വെളിച്ചെണ്ണയ്ക്കുമൊക്കെ വിലയുണ്ടെങ്കിലും ചെലവിനൊത്ത വില നാളികേരത്തിന് കിട്ടുന്നില്ലെന്ന് കർഷകർ പറയുന്നു.

കൃത്യമായ ഇടവേളകളിൽ തെങ്ങ് പരിപാലിച്ച് കൃഷിചെയ്യാൻ പ്രതിവർഷം 800 മുതൽ 1000 രൂപവരെ ചെലവുണ്ടെന്ന് കർഷകർ പറയുന്നു. പച്ചിലവളവും കാലിവളവും മുടങ്ങാതെ തെങ്ങിൻ ചുവട്ടിലിടണം. രാസവള പ്രയോഗവും നടത്തണം. വളങ്ങളുടെ വില സമീപകാലത്ത് റോക്കറ്റുപോലെയാണ് കുതിക്കുന്നത്. പുറമേ തൊഴിലാളികൾക്ക് 750 രൂപ മുതലാണ് കൂലി. ഒരു തെങ്ങിൽ കയറാൻ 60 രൂപ മുതൽ കൂലിയുണ്ട്. കായ്ഫലം കുറവാണെങ്കിൽ ഈ തുകയ്ക്ക് ആളെ കയറ്റിയാൽ നഷ്ടമാവും. തേങ്ങ പൊളിക്കുന്നതിന് ഒരെണ്ണത്തിന് ഒന്നേകാൽ രൂപവരെ കൂലി ഈടാക്കുന്നുണ്ട്. തെങ്ങ് വെറുതേ തേങ്ങ തരില്ലെന്ന് ചുരുക്കം.

ഉറപ്പില്ലാത്ത വാഗ്ദാനം ഇനിവേണ്ട

വിപണിയിൽ വിലകുറയുമ്പോൾ പച്ചത്തേങ്ങയ്ക്ക് താങ്ങുവില നൽകി സർക്കാർ ഏറ്റെടുക്കുന്നത് കർഷകർക്ക് വലിയ ആശ്വാസമാണ്. എന്നാൽ,​ പച്ചത്തേങ്ങ, കൊപ്ര സംഭരണത്തിൽ നമ്മുടെ സർക്കാരുകളെ പൂർണമായും വിശ്വസിക്കാൻ കഴിയില്ല. മുൻ അനുഭവങ്ങൾ അതാണ് വ്യക്തമാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സംഘങ്ങൾ വഴി കൃഷിവകുപ്പ് പച്ചത്തേങ്ങ സംഭരണം ആരംഭിക്കുമെന്നാണ് കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ചത്. കൊപ്രയായി നൽകാൻ കഴിയാത്ത കർഷകരുടെ പച്ചത്തേങ്ങ സംഭരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതേത്തുടർന്ന് സംസ്ഥാനത്തിന്റെ താലൂക്കുകളിൽ സഹകരണ സംഘങ്ങളെ നിയോഗിക്കുകയും ചെയ്തു. പച്ചത്തേങ്ങ 32 രൂപയ്ക്കും കൊപ്ര 105.90 രൂപയ്ക്കും ഏറ്റെടുക്കുമെന്നായിരുന്നു കൃഷിവകുപ്പിന്റെ ഉറപ്പ്. മതിയായ രേഖകൾ സംഘടിപ്പിച്ച് ഓൺലൈൻ പോർട്ടലിൽ കർഷകർ രജിസ്റ്റർ ചെയ്ത് കാത്തിരുന്നെങ്കിലും തീയതി മാറ്റി.

സംഭരണ ഏജൻസികളായ മാർക്കറ്റ് ഫെഡും കേന്ദ്ര ഏജൻസിയായ നാഫെഡും തമ്മിൽ ധാരണയാകാത്തതു മൂലമാണ് പദ്ധതി മാറ്റിയത്. ഇപ്പോൾ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംഭരണത്തിന് വീണ്ടും നടപടി തുടങ്ങിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തടുക്കശ്ശേരി, കണ്ണമ്പ്ര, ആലത്തൂർ സർവീസ് സഹകരണ ബാങ്കുകൾ ആലത്തൂർ, ഒറ്റപ്പാലം കോ–ഓപ്പറേറ്റീവ് മാർക്കറ്റിങ് സൊസൈറ്റി, ചിറ്റൂർ അഗ്രികൾചറൽ കോ–ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയാണു രജിസ്റ്റർ ചെയ്ത സംഘങ്ങൾ. ഇവയിൽ പലർക്കും പച്ചത്തേങ്ങ ഉണക്കി കൊപ്രയാക്കാനുള്ള സൗകര്യമില്ലെന്നത് മറ്റൊരു തലവേദന. ദൂരെയുള്ള കർഷകർക്ക് ഈ കേന്ദ്രങ്ങളിലേക്കു കൊപ്രയെത്തിക്കാനും പ്രയാസമാണ്. സർക്കാരിന്റെ ഭാഗത്തുനിന്നു ശക്തമായ പിന്തുണ ലഭിച്ചില്ലെങ്കിൽ ഈ സംഭരണവും പാളിപ്പോകാനാണു സാദ്ധ്യത.

സർക്കാർ ഇടപെടലുകൾ വേണം

കേരളത്തിന്റെ ദൈനംദിന ജീവിതത്തെയും ഗ്രാമീണ കാർഷിക സമ്പദ് വ്യവസ്ഥയെയും ഏറ്റവും കൂടുതൽ സ്വാധീനിച്ചിരുന്ന തെങ്ങുകൃഷിക്ക് എന്താണ് സംഭവിക്കുന്നത്? കേരളം ഉൾപ്പെടെയുള്ള നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 3.16 മില്യൺ കുടുംബങ്ങളാണ് തെങ്ങുകൃഷിയെ ആശ്രയിച്ച് ജീവിക്കുന്നത്. 2020 - 21ൽ നാളികേര ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ നിന്ന് രാജ്യത്തിന് ലഭിച്ചത് 2,295.6 കോടി രൂപയാണ്. എന്നാൽ, കേരളത്തിൽ നാളികേര ഉത്പാദനം വർഷം ചെല്ലുംതോറും കുറഞ്ഞുവരികയാണ്. സംസ്ഥാനത്ത് ഒരു ഹെക്ടറിൽ നിന്ന് വെറും 9175 നാളികേരമാണ് ഉൽപാദിപ്പിക്കാനാകുന്നത്. തമിഴ്നാട്ടിൽ ഇത് 12,280 ഉം ആന്ധ്രപ്രദേശിൽ 13,969 മാണ്.

വിലസ്ഥിരതയില്ലായ്മ, പണിക്കൂലി വർദ്ധന, രാസ - ജൈവ വളങ്ങളുടെയും കീടനാശിനികളുടെയും വില വർദ്ധന, രോഗങ്ങൾ, പരിചരണക്കുറവ്, വന്യമൃഗങ്ങളുടെ ആക്രമണം തുടങ്ങിയ പ്രശ്നങ്ങൾ, അതിന് അനുബന്ധമായി ഉത്പാദന ക്ഷമത കുറഞ്ഞതും മൂല്യവർദ്ധിത ഉത്പന്നങ്ങൾ വ്യവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാനും വിപണനം ചെയ്യാനും സാധിക്കാത്തതും കേരളത്തിലെ നാളികേര കർഷകരെ വൻ പ്രതിസന്ധിയിലേക്ക്​ തള്ളിവിട്ടിരിക്കുകയാണ്​. ​കാർഷിക സർവകലാശാല അടക്കമുള്ള ഗവേഷണ - പഠന സ്​ഥാപനങ്ങൾക്കോ, സർക്കാറിനുതന്നെയോ ഇത്തരം പ്രശ്​നങ്ങളെ ഫലപ്രദമായി അഭിമുഖീകരിക്കാനും കഴിയുന്നില്ല. തെങ്ങോളമുയരത്തിൽ നഷ്ടക്കണക്കുമായി കേരളത്തിലെ നാളികേര കർഷകർ അനിശ്ചിതത്വത്തിലാണ്. കേന്ദ്ര സംസ്ഥാന സർക്കാറുകൾ കർഷകാനുകൂല പദ്ധതികൾ ആവിഷ്‌കരിച്ച് ആവശ്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ നാളികേര കൃഷിയും അതിന്റെ വ്യാവസായിക സാദ്ധ്യതകളും കേരളത്തിന് എന്നെന്നേക്കുമായി അന്യമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PALAKKAD DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.