കൊല്ലം: വയോധികയെ ആക്രമിച്ച് മാല പിടിച്ചുപറിച്ച യുവാവ് പിടിയിൽ. കല്ലമ്പലം പ്രസിഡന്റ് മുക്കിന് സമീപം പാണർ കോളനിയിൽ പുതുവൽവിള വീട്ടിൽ കൃഷ്ണകുമാർ (താരിഷ്-26) ആണ് പരവൂർ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ജനുവരി 20ന് ഉച്ചയ്ക്ക് പരവൂർ കോട്ടപ്പുറത്താണ് കവർച്ച നടന്നത്. വീടിനോട് ചേർന്നുളള കടയിൽ കച്ചവടത്തിലേർപ്പെട്ട 76 കാരിയുടെ രണ്ടരപവൻ മാലയാണ് അപഹരിച്ചത്. ബൈക്കിലെത്തിയ യുവാക്കളിൽ ഒരാൾ കടയിൽ കയറി സിഗരറ്റ് വാങ്ങിയ ശേഷം പണം നൽകി. ബാക്കി നൽകാൻ ശ്രമിച്ച സ്ത്രീയുടെ കഴുത്തിൽ അടിച്ചുവീഴ്തി മാല കവരുകയായിരുന്നു.
ബൈക്കിൽ രക്ഷപ്പെട്ട സംഘം ഇരവിപുരം മാടനട ജംഗ്ഷന് സമീപം കടയിൽ നിന്ന സ്ത്രീയുടെ മാലയും സമാന രീതിയിൽ കവർന്നു. ഈ റൂട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ ബൈക്ക് പൊലീസ് തിരിച്ചറിയുകയായിരുന്നു. കൊട്ടിയത്തെ സ്വകാര്യ ബാറിന് സമീപത്തു നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് പൊലീസ് കണ്ടെത്തി. തുടർന്ന് വിരലടയാള വിദഗ്ദ്ധരുടെ സഹായത്തോടെ, നിരവധി കേസുകളിൽ പ്രതിയായ യുവാക്കളെ പൊലീസ് തിരിച്ചറിയുകയായിരുന്നു. സംഘത്തിലെ ഒരാളെ ജനുവരി 27ന് ആലുവ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നു പൊലീസ് പിടികൂടിയിരുന്നു. ഒളിവിലായിരുന്ന കൃഷ്ണകുമാർ കഴിഞ്ഞദിവസം നാട്ടിൽ മടങ്ങിയെത്തിയെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |