SignIn
Kerala Kaumudi Online
Thursday, 19 September 2024 1.01 AM IST

അവയവദാനവും ഒരു കോടതി ഉത്തരവും

Increase Font Size Decrease Font Size Print Page

organ-donation

അവയവദാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന കോടികളുടെ കച്ചവടത്തിനും അനഭിലഷണീയ പ്രവർത്തനങ്ങൾക്കും എതിരെ പൊരുതിയ ആളാണ് കൊല്ലം സ്വദേശിയായ ഡോ.എസ്. ഗണപതി. അദ്ദേഹത്തിന്റെ സന്ധിയില്ലാത്ത ഇടപെടലുകളിലൂടെ ഈ രംഗത്ത് ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു.

ഡോ.എസ്. ഗണപതി കോടതി മുഖാന്തരം നടത്തിയ നിരന്തര ഇടപെടലുകളിലൂടെ സംസ്ഥാനത്തെ ചില വൻകിട ആശുപത്രികൾക്ക് അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനുള്ള അനുമതി തന്നെ ഇല്ലാതായി. ഈയിടെ അദ്ദേഹത്തിന് അനുകൂലമായുണ്ടായ ഒരു കോടതി ഉത്തരവ് ആരോഗ്യ മേഖലയിൽ ച‌ർച്ചയായി. ഡോക്ടർമാരുടെ ഏറ്റവും വലിയ സംഘടനയായ ഐ.എം.എയുടെ സംസ്ഥാന സെക്രട്ടറി ഡോ. സുൽഫി നൂഹുവിനെതിരെ കൊല്ലം പ്രിൻസിപ്പൽ സബ് ജഡ്ജി ഡോണി തോമസ് വർഗീസ് പുറപ്പെടുവിച്ച ഉത്തരവാണ് ചർച്ചയാകുന്നത്. ഡോ.സുൽഫിയ്ക്കെതിരെ ഡോ.എസ്. ഗണപതി നൽകിയ മാനനഷ്ടക്കേസിൽ ഡോ.സുൽഫി 11 ലക്ഷം രൂപ ഡോ.ഗണപതിക്ക് നൽകണമെന്നാണ് ഫെബ്രുവരി 28 ന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. കോടതി ചെലവിനത്തിൽ 1,06,400 രൂപയും അഡിഷണൽ ചെലവിനത്തിൽ 11,000 രൂപയും കൂടി നൽകാനുമാണ് കോടതി ഉത്തരവ് . അവയവദാനരംഗത്തെ കൊള്ളയ്‌ക്കെതിരെ ഡോ.ഗണപതിയുടെ പ്രവർത്തനങ്ങളെ ശ്ളാഘിക്കുകയും അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നയാളാണ് ഡോ.സുൽഫി. എന്നാൽ ഒരു വർഷം മുമ്പ് ഐ.എം.എ യുടെ പ്രസിദ്ധീകരണമായ 'നമ്മുടെ ആരോഗ്യ" ത്തിൽ ഡോ.സുൽഫി എഴുതിയ ഒരു ലേഖനമാണ് മാനനഷ്ടക്കേസിലേക്ക് നയിച്ചത്. 'ഡോക്ടറേ, ഒരു കിഡ്നി തരാമോ, കമ്മിഷൻ തരാം" എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ താൻ നടത്തുന്ന പ്രവർത്തനങ്ങളെ അപഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്തെന്നാരോപിച്ചാണ് ഡോ. ഗണപതി കോടതിയിൽ കേസ് ഫയൽ ചെയ്തത്. എന്നാൽ തനിയ്ക്കെതിരായി കോടതിയിൽ നിന്നുണ്ടായത് എക്സ് പാർട്ടി ഉത്തരവാണെന്നും തന്റെ ഭാഗം കേൾക്കാതെ അന്തിമ ഉത്തരവ് പുറപ്പെടുവിയ്ക്കരുതെന്നും ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ഡോ. സുൽഫി പറഞ്ഞു.

വ്യവഹാരങ്ങളിൽ കുടുങ്ങി

അവയവമാറ്റവും

മനുഷ്യശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്ന ഗുരുതര രോഗങ്ങൾ മൂലം അവയവങ്ങൾക്ക് സാരമായ തകരാറ് സംഭവിക്കാറുണ്ട്. മരുന്നോ ശസ്ത്രക്രിയയോ കൊണ്ട് ഭേദമാക്കാൻ കഴിയാതെ വരുമ്പോഴാണ് അവയവം മാറ്റിവയ്ക്കേണ്ടി വരുന്നത്. വൃക്ക, കരൾ, ശ്വാസകോശം, ഹൃദയം എന്നീ അവയവങ്ങൾ കൂടാതെ കണ്ണിലെ കൃഷ്ണമണി, പാൻക്രിയാസ്, ചെറുകുടൽ, ഹൃദയ വാൽവുകൾ തുടങ്ങിയ അവയവങ്ങൾ മാറ്റിവയ്ക്കാനാവും. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളും നിരവധി സ്വകാര്യ ആശുപത്രികളും ഇതിന് സജ്ജമാണ്. കിഡ്നിയാണ് ഇന്ന് ഏറ്റവുമധികം മാറ്റിവയ്ക്കപ്പെടുന്നത്. ബോധവത്ക്കരണം സജീവമായി നടക്കുന്നതിനാൽ കേരളത്തിൽ പലരും സ്വമേധയാ അവയവദാനത്തിന് മുന്നോട്ട് വരുന്നുമുണ്ട്. എന്നാൽ കോടതിയുടെ ഇടപെടലുകളിൽ കുടുക്കി അവയവമാറ്റത്തെ മന്ദീഭവിപ്പിക്കാൻ ചിലകോണുകളിൽ നിന്ന് ശ്രമം നടക്കുന്നതായി ആരോപണമുണ്ട്.

മനുഷ്യന്റെ ഓരോ അവയവത്തിനും സ്വകാര്യ ആശുപത്രികൾ ലക്ഷങ്ങളാണ് വാങ്ങുന്നത്. കിഡ്നി ഒന്നിന് 10 ലക്ഷം മുതൽ 20 ലക്ഷം വരെയും കരൾ മാറ്റിവയ്ക്കാൻ 20- 40 ലക്ഷം വരെയും ഹൃദയമാറ്റത്തിന് 40- 70 ലക്ഷം വരെയും ഈടാക്കിയിരുന്നതായി പറയപ്പെടുന്നു. അവയവദാന രംഗത്തെ ഇത്തരം ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഡോ. ഗണപതി നടത്തിയ ഇടപെടലിലൂടെ മസ്തിഷ്ക്ക മരണം സ്ഥിരീകരിക്കാൻ കോടതി നിർദ്ദേശപ്രകാരം സർക്കാർ ചില നിബന്ധനകൾ നടപ്പാക്കിയിരുന്നു. അതിൽ പ്രധാനം ഒരു രോഗിയുടെ മസ്തിഷ്കമരണം സ്ഥിരീകരിക്കും മുമ്പ് നാലു പേരടങ്ങിയ ഡോക്ടർമാരുടെ പാനൽ ആറ് മണിക്കൂർ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധിക്കണമെന്നും നടപടി ക്രമങ്ങൾ വീഡിയോയിൽ പകർത്തണമെന്നുമായിരുന്നു. നാല് ഡോക്ടർമാരിൽ രണ്ടുപേർ സർക്കാർ ഡോക്ടർമാരായിരിക്കണം. ഇവർ നാലുപേരും ചേർന്ന് സർട്ടിഫിക്കറ്റിൽ ഒപ്പുവയ്ക്കണമെന്നാണ് നിയമം.

മരണം സ്ഥിരീകരിക്കാൻ

ഡോക്‌ടർമാർക്ക് ഭയം

മസ്തിഷ്ക്കമരണം സ്ഥിരീകരിക്കാൻ സർക്കാർ രൂപീകരിച്ച പാനലിലെ ഡോക്ടർമാർ ഭയന്ന് പിൻമാറുന്നതായി ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. സുൽഫി പറയുന്നു. സർട്ടിഫിക്കറ്റിൽ ഒപ്പുവച്ചാൽ പിന്നാലെ കേസുകളിൽ കുടുങ്ങുമെന്നതിനാൽ ഡോക്ടർമാർ പിന്തിരിയുകയാണ്. അവയവം മാറ്റിവയ്ക്കൽ കാത്തുകിടക്കുന്ന നിരവധി രോഗികളെയാണ് ഇത് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇത് മറികടക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ചില നടപടികൾ ഉടനുണ്ടായേക്കും. മസ്തിഷ്ക്ക മരണം സ്ഥിരീകരിക്കുന്ന ഡോക്ടർമാരുടെ പാനൽ വിപുലീകരിച്ച് ജില്ലാതല സംവിധാനം ഉണ്ടാക്കുമെന്നതാണ് ഇതിൽ പ്രധാനം. പാനലിൽ ഉൾപ്പെട്ട സർക്കാർ ഡോക്ടർമാർ നിലവിൽ ഡ്യൂട്ടിയുടെ ഭാഗമായി പ്രതിഫലമില്ലാതെയാണിത് ചെയ്യുന്നത്. ഇവർക്ക് പ്രതിഫലം നിശ്ചയിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണ്. പാനൽ ഡോക്ടർമാരെ കേസിൽ കുടുക്കുന്നവർക്കെതിരെ എന്ത് നടപടി സ്വീകരിക്കാമെന്നത് സംബന്ധിച്ചും സർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് സൂചന. എന്നാൽ അവയവദാനത്തിനും അവയവമാറ്റത്തിനും മസ്തിഷ്ക്ക മരണം സ്ഥിരീകരിക്കുന്നതിനുമൊന്നും താൻ എതിരല്ലെന്നാണ് ഡോ.ഗണപതിയുടെ നിലപാട്. മറിച്ച് ഇതിനൊക്കെ നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും പാലിക്കണമെന്ന് മാത്രമാണ് താൻ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ORGAN DONATION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.